1. സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെൻഷൻ ഒരു ഗഡു നാളെ മുതൽ വിതരണം ചെയ്തു തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 900 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം 1600 രൂപ വീതം 60 ലക്ഷം പേർക്കാണ് തുക ലഭ്യമാകുക. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷൻ കുടിശികയാണ് ഉപഭോക്താക്കൾക്ക് നൽകാനുള്ളത്, ഇതിൽ രണ്ട് ഗഡു ഈ വർഷവും മൂന്ന് ഗഡു അടുത്ത വർഷവും നൽകുമെന്നും ധനവകുപ്പ് അറിയിച്ചു.
2. കാർഷികവികസന കർഷകക്ഷേമവകുപ്പ് നൽകുന്ന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ സ്ഥിര താമസക്കാരായ പൗരന്മാരാണ് അവാർഡിന് നോമിനേഷൻ സമർപ്പിക്കുന്നതിന് യോഗ്യരായിട്ടുള്ളത്. 41 അവാർഡുകളാണ് ഇത്തവണ നൽകുന്നത്. അപേക്ഷകൾ ജൂലൈ 25 വരെ അതാതു കൃഷിഭവനുകളിൽ സ്വീകരിക്കും. ക്ഷോണി സംരക്ഷണ അവാർഡിനുള്ള അപേക്ഷകൾ അതാതു ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും കർഷക ഭാരതി അവാർഡിനുള്ള അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർക്കും ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കും സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://keralaagriculture.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
3. സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിപ്പ് പ്രകാരം ജൂലായ് 26 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത നിലനിൽക്കുന്നു. പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശ പ്രകാരം ഇന്നു രാത്രി തമിഴ്‌നാട് തീത്തും നാളെ രാത്രി കേരള തീരത്തും കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Share your comments