തിരുവനന്തപുരം: ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് തിരുവനന്തപുരം തമ്പാനൂർ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രത്തിൽ 5ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എം.എൽ.എ അധ്യക്ഷത വഹിക്കും.
ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്‌ളിക് ഓഫീസ് പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകൾ, ബാങ്കുകൾ, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് ഉച്ചയൂണ് വിതരണം. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പ് 'പോക്കറ്റ്മാർട്ട്' വഴി ഓർഡർ നൽകാം.
ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ലഭിക്കും. ഓരോ ദിവസത്തെയും ഉച്ചഭക്ഷണം അന്നു രാവിലെ ഏഴു മണിവരെ ഓർഡർ ചെയ്യാം. രാവിലെ പത്തുമണിക്കുള്ളിൽ വിതരണത്തിന് തയ്യാറാകുന്ന പാഴ്‌സൽ ഉച്ചയ്ക്ക് 12നു മുമ്പ് ഓർഡർ ചെയ്ത ആൾക്ക് ലഭിക്കും. ഉപഭോക്താവിന്റെ ഓഫീസ് പ്രവർത്തന ദിവസങ്ങൾ അനുസരിച്ച് ഒരു മാസത്തെ ഉച്ചഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.
ശ്രീകാര്യത്ത് പ്രത്യേകമായി സജ്ജീകരിക്കുന്ന അടുക്കളയിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ ഒഴിവാക്കി സ്റ്റീൽ പാത്രങ്ങളിലാണ് ഊണ് വിതരണം ചെയ്യുക. രണ്ടു മണിക്ക് ശേഷം ലഞ്ച് ബോക്‌സ് തിരികെ കൊണ്ടു പോകാൻ കുടുംബശ്രീയുടെ ആളെത്തും. ഈ പാത്രങ്ങൾ മൂന്നുഘട്ടമായി ഹൈജീൻ വാഷ് ചെയ്തതിനു ശേഷമായിരിക്കും പിന്നീട് ഉപയോഗിക്കുക. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആൾക്ക് ഒരേ ലഞ്ച് ബോക്‌സ് തന്നെ നൽകുന്നതിനുള്ള സൗകര്യവും ഒരുക്കും. പ്രവർത്തന സ്ഥിരത കൈവരിക്കുന്ന മുറയ്ക്ക് ഊണിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ് എന്നിവ വിതരണം ചെയ്യാൻ ലക്ഷ്യമിടുന്നു. കൂടാതെ ഉച്ചഭക്ഷണത്തിനായി കഷണങ്ങളാക്കിയ പഴങ്ങൾ വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്.
ഉച്ചഭക്ഷണം തയ്യാറാക്കുന്ന യൂണിറ്റ് അംഗങ്ങൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന കുടുംബശ്രീ അംഗങ്ങൾക്കുമുള്ള വിദഗ്ധ പരിശീലനം പൂർത്തിയായി. സെൻട്രൽ കിച്ചണിന്റെ പ്രവർത്തനവും ഭക്ഷണ വിതരണവും സംബന്ധിച്ച കാര്യങ്ങൾ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക മോണിട്ടറിങ്ങ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. അതിനു ശേഷം എറണാകുളം ജില്ലയിൽ പദ്ധതി നടപ്പാക്കും.
എം.പിമാരായ ഡോ. ശശി തരൂർ, അഡ്വ. എ.എ റഹിം, മേയർ ആര്യ രാജേന്ദ്രൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ്‌കുമാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി മുഹമ്മദ് വൈ. സഫറുള്ള, ജില്ലാകളക്ടർ ജെറോമിക് ജോർജ് എന്നിവർ മുഖ്യാതിഥികളാകും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സ്വാഗതവും ജില്ലാമിഷൻ കോർഡിനേറ്റർ രമേഷ്. ജി നന്ദിയും പറയും.
                    
                    
                            
                    
                        
                                            
                                            
                        
                        
                        
                        
                        
                        
                        
Share your comments