ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്കായി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ്സ് മേളയുടെ സ്വാഗതസംഘം യോഗം ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മെയ് മാസം ചെങ്ങന്നൂരിലാണ് സരസ്സ് മേള നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രാദേശിക സംരംഭകരുടെ ഉത്പ്പന്നങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും അണിനിരത്തുന്ന ഉത്പന്ന പ്രദർശന വിപണന, സാംസ്കാരിക കലാ ഭക്ഷ്യമേളയാണ് 11 ദിവസം ചെങ്ങന്നൂരിൽ നടക്കുന്നത്.
തദ്ദേശസ്വയംഭരണ എക്സൈസ് മന്ത്രി എം.പി രാജേഷ്, കൃഷി മന്ത്രി പി. പ്രസാദ് എന്നിവർ സംഘാടകസമിതി മുഖ്യരക്ഷാധികാരികളാണ്. ഫിഷറീസ് സാംസ്കാരിക യുവജനകാര്യ ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ചെയർമാനും കൊടിക്കുന്നിൽ സുരേഷ് എം.പി ആരിഫ് എം.പി, എം.എൽ.എമാരായ ദലീമ ജോജോ, പി.പി ചിത്തരഞ്ജൻ, എച്ച്.സലാം, രമേശ് ചെന്നിത്തല, തോമസ് കെ. തോമസ്, എം.എസ് അരുൺകുമാർ, യു.പ്രതിഭ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂർ നഗരസഭ അധ്യക്ഷ ശോഭാ വർഗീസ് തുടങ്ങിയവർ വൈസ് ചെയർമാൻമാരാകും.
ജില്ലാ കളക്ടർ ജോൺ വി സാമുവൽ ജനറൽ കൺവീനറും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബു കൺവീനറുമാകും. ജോയിൻ കൺവീനർമാരായി കെ.എം.എം.സി.എൽ എം. എച്ച് റഷീദ്, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ തുടങ്ങിയവരടങ്ങുന്ന 251 എക്സിക്യൂട്ടീവ് അംഗങ്ങളും 1001 പേരടങ്ങുന്ന ജനറൽ കമ്മിറ്റിയും രൂപീകരിച്ചു.
ചെങ്ങന്നൂർ
ഐ.എച്ച്.ആർ.ഡി കോളേജ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ,വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള ദേവി, ഹേമലത ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പുഷ്പലത മധു, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജെ.പ്രശാന്ത് ബാബു, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ എം.ജി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Share your comments