1. രാജ്യത്തെ കർഷകർക്ക് ആശ്വാസമായി കിസാൻ ക്രെഡിറ്റ് കാർഡ് (Kisan Credit card) ഡിജിറ്റലാകുന്നു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും (Union Bank of India) ഫെഡറൽ ബാങ്കും (Federal Bank) ചേർന്നാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഇതോടെ കർഷകർക്ക് വായ്പ ലഭിക്കാൻ ബാങ്കിൽ പോയി കാത്തിരിക്കേണ്ട ആവശ്യമില്ല. മാത്രമല്ല ഫോണിലൂടെ തന്നെ വായ്പ ലഭിക്കാനുള്ള നടപടികൾ ആരംഭിക്കുകയും രേഖകൾ ഓൺലൈനായി തന്നെ പരിശോധിക്കുകയും ചെയ്യുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India)യുടെ നിർദേശപ്രകാരം റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബുമായി ചേർന്നാണ് ബാങ്കുകൾ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ 2 മണിക്കൂറിനുള്ളിൽ വായ്പയ്ക്കുള്ള അനുമതിയും വിതരണവും പൂർത്തിയാകുമെന്ന് ബാങ്കുകൾ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കൃഷി വ്യാപനം നാടിൻ്റെ വികസന പ്രക്രിയയുടെ അടിസ്ഥാനം: വ്യവസായ മന്ത്രി P രാജീവ്... കൃഷി വാർത്തകൾ
2. ഓണക്കിറ്റ് (Onam kit) വഴി വിതരണം ചെയ്യാൻ സാധിക്കാത്ത ശർക്കരവരട്ടി സപ്ലൈകോ (supplyco) വഴി വിതരണം ചെയ്യും. 100 ഗ്രാം ശർക്കരവരട്ടി 35 രൂപ നിരക്കിൽ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യണമെന്നാണ് സപ്ലൈകോ എംഡിയുടെ നിർദേശം. രണ്ട് ലക്ഷത്തോളം ഓണക്കിറ്റുകളാണ് സപ്ലൈകോയ്ക്ക് തിരികെ ലഭിച്ചത്. കാലാവധി തീരുന്നതിന് മുമ്പ് വിറ്റില്ലെങ്കിൽ ജീവനക്കാർക്കും ഇത് ബാധ്യതയാകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ നിർമിച്ച ശർക്കരവരട്ടി, ശബരി സാധനങ്ങൾക്കൊപ്പം, സൗജന്യമായി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
3. കേരളത്തിലെ യുവജനങ്ങളെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും നയിക്കാൻ സഹായിക്കുന്ന തൊഴിൽ സഭയ്ക്ക് തുടക്കം. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ് (MB Rajesh) അറിയിച്ചു.
4. മൂടാടിയില്‍ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി നടന്നത്. വിളവെടുപ്പ് ഉദ്ഘാടനം എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിച്ചു. ചിങ്ങപുരം സി.കെ.ജി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികളും എളമ്പിലാട് എല്‍.പി.സ്‌കൂളിലെ വിദ്യാര്‍ത്ഥികളും കൊയ്ത്തുത്സവത്തിൽ പങ്കുചേർന്നു.
5. നീണ്ട ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയിലെ പെരുമ്പെട്ടിയിൽ കരിമ്പുകൃഷി സജീവമാകുന്നു. 1967ൽ അവസാനിപ്പിച്ച കരിമ്പുകൃഷിയാണ് യുവാക്കളുടെ പരിശ്രമത്തോടെ തിരിച്ചുവന്നത്. നിലവിൽ ഒരേക്കർ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷിയിറക്കിയത്. നീലക്കരിമ്പ്, സിലോൺ നാടൻ, മഞ്ഞക്കരിമ്പ്, കൂടാതെ പാരമ്പര്യയിനം കരിമ്പും കൃഷി ചെയ്യുന്നുണ്ട്. തികച്ചും ജൈവരീതിയിലാണ് കൃഷി ചെയ്യുന്നത്. കരിമ്പിൻ ജൂസ് ഉൽപാദിപ്പിച്ച് ലാഭം കണ്ടെത്തുക, കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് കൃഷി വ്യാപിപ്പിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം.
6. മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് സ്പെഷ്യൽ വാക്സിനേഷൻ (rabies vaccination). മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ നൽകുന്നു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നായകൾക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ജീവനക്കാരെ നായ കടിച്ച സംഭവം കണക്കിലെടുത്താണ് സ്പെഷ്യൽ വാക്സിനേഷൻ ആരംഭിച്ചത്. വെറ്റിനറി ഡോക്ടർമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മൃഗങ്ങളെ പിടിക്കുന്നവർ, കൈകാര്യം ചെയ്യുന്നവർ എന്നിവർക്കാണ് വാക്സിൻ നൽകുന്നത്. മൃഗങ്ങളുമായി ഇടപെടുന്ന എല്ലാ ജീവനക്കാരും വാക്സിൻ എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണിയും അറിയിച്ചു.
7. ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. നാല് മാസം മുമ്പാണ് വാലുക്കോണം ഏലായിൽ നെൽക്യഷി ആരംഭിച്ചത്.
8. NCRMI വികസിപ്പിച്ചെടുത്ത കയര്‍ ഉൽപന്നങ്ങൾ വ്യവസായമന്ത്രി പി. രാജീവ് ലോഞ്ച് ചെയ്തു. Peat Kol Dots, Mobile tender coconut crusher, e coir bags എന്നിവയാണ് പുതിയ ഉൽപന്നങ്ങൾ. കയര്‍ ഉൽപന്നങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ കയര്‍ വ്യവസായത്തിന് കൂടുതല്‍ മുന്നേറ്റം സാധ്യമാകുമെന്നും വിപണി, കച്ചവട സാധ്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉൽപാദനം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കൂടാതെോ ഓൺലൈൻ മാര്‍ക്കറ്റിംഗ് സാധ്യത ഉപയോഗപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
9. കഞ്ഞിക്കുഴിയിൽ നെൽകൃഷി (paddy harvest) വിളവെടുത്തു. കഞ്ഞിക്കുഴി സഹകരണബാങ്ക് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് ആർ നാസർ നിർവഹിച്ചു. പൊന്നിട്ടുശേരിയിലെ രണ്ടര ഏക്കർ പാടശേഖരത്തിലാണ് കൃഷി ചെയ്തത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. പഞ്ചായത്ത് സൗജന്യമായി നൽകിയ വിരിപ്പും മുണ്ടകനുമാണ് കൃഷിക്ക് ഉപയോഗിച്ചത്.
10. റബ്ബർ വില (Rubber price) കുത്തനെ ഇടിഞ്ഞതോടെ കർഷകർക്കിടയിൽ ആശങ്ക. ആഭ്യന്തര വിപണിയിൽനിന്ന് ടയർ കമ്പനികൾ വിട്ടുനിൽക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണം. ആഴ്ചകളായി പ്രധാന കമ്പനികൾ റബർ വാങ്ങുന്നില്ല. പ്രശ്നനം രൂക്ഷമായതോടെ റബർ ബോർഡ് (Rubber board) എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ടയർ കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തി. എം.ആർ.എഫ്, ജെ.കെ ടയേഴ്സ്, അപ്പോളോ, സിയറ്റ് തുടങ്ങിയ മുൻനിര കമ്പനികൾ ഉൽപാദനം കൂടുതലുള്ള സീസണിൽ റബർ സംഭരണത്തിന് സന്നദ്ധത അറിയിച്ചു.
11. Kerala Climate Today : കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ നേരിയ തോതിൽ മഴ പെയ്തേക്കാം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
Share your comments