കൊറോണ ഭീതിയില്‍ വീട്ടില്‍ ആഹാരം തയ്യാറാക്കാന്‍ കഴിയാത്തവര്‍ക്കും രോഗികള്‍ക്കും വേണ്ടി കുടുംബശ്രീ പാകം ചെയ്യും. ഒരു ഫോണ്‍ വിളിയോ മെസേജോ മതി ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ചൂടോടെ വീട്ടിലെത്താന്‍.
ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാതായതോടെ ഉണ്ടായ ബുദ്ധിമുട്ടിന് പരിഹാരം എന്ന നിലയ്ക്കാണ് വിഭവങ്ങളുണ്ടാക്കാന്‍ സര്‍ക്കാര്‍ കുടുംബശ്രീയെ തിരഞ്ഞെടുക്കുന്നത്. സന്നദ്ധ സംഘടനകള്‍ വഴിയോ ഒരു ആപ്പ് മുഖേനയോ ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് ആലോചന.
എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ചായിരിക്കും കുടുംബശ്രീയുടെ പാചകം. വിതരണം ചെയ്യുന്നവരും എല്ലാ മുന്‍കരുതലുകളും സ്വീകരിക്കും.കുടുംബശ്രീക്ക് ഭക്ഷ്യവസ്തുക്കള്‍ സപ്ലൈകോ എത്തിക്കും. രോഗികള്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അരി ഉള്‍പ്പെടെ 1000 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ സപ്ളൈകോ എത്തിക്കുന്ന പദ്ധതി നിലവിലുണ്ട്.
ഭക്ഷണ പദ്ധതിക്ക് അന്തിമരൂപം നല്‍കാന്‍ മന്ത്രിമാരായ ഡോ.തോമസ് ഐസക്, പി.തിലോത്തമന്‍, എ.സി. മൊയ്തീന്‍ എന്നിവര്‍ കൂടിയാലോചന നടത്തും. മെനു, വില വിവരം, സമയക്രമം എന്നിവയും തീരുമാനിക്കും.
2,94,000- കുടുംബശ്രീ യൂണിറ്റുകള്‍
43 ലക്ഷം- അംഗങ്ങളുടെ എണ്ണം
Share your comments