
അയൽസംസ്ഥാനങ്ങളെ അരിയ്ക്ക് വേണ്ടി ആശ്രയിക്കാതെ, സ്വന്തമായി തന്നെ അരി ഉത്പാദിപ്പിക്കാനൊരുങ്ങി ഒരു നാട്, അതും നമ്മുടെ സ്വന്തം കേരളത്തിൽ; തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍ എന്ന പ്രദേശത്താണ് ഇങ്ങനെ വ്യത്യസ്‌തമായ ഒരു ആശയവുമായി ഒരു കൂട്ടം നാട്ടുകാരും കർഷകരും മുന്നോട്ടു വന്നത്, ഈ ആശയത്തെ യാഥാർഥ്യമാക്കി മാറ്റിയിരിക്കുകയാണ് ഇവിടുത്തെ നാട്ടുകാരും ഭരണാധികാരികളും. കുളത്തൂര്‍ കുത്തരി എന്ന പേരില്‍ വില്‍പന നടത്തുന്ന അരിയുടെ വിതരണോദ്ഘാടനം കെ ആന്‍സലന്‍ എം എല്‍ എ നിർവഹിച്ചു.
കുളത്തൂര്‍ ഗ്രാമപഞ്ചായത്തും, കുളത്തൂര്‍ കൃഷിഭവനും സംയുക്തമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നെല്ലിക്കോണം പാടശേഖരത്തില്‍ നിന്നും സംഭരിച്ച നെല്ല് പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ കുത്തരിയാക്കി മാറ്റുന്നു, പിന്നീട് കുളത്തൂര്‍ കുത്തരി എന്ന ബ്രാന്‍ഡില്‍ പ്രാദേശികമായി വിപണിയില്‍ എത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നു കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഒരു കിലോ കുളത്തൂർ കുത്തരിയ്ക്ക് 50 രൂപയാണ് നിലവിൽ വില ഈടാക്കിയിരിക്കുന്നത്. ഇതിന്റെ ലാഭവിഹിതം പാടശേഖരസമിതിക്കാണ് ലഭിക്കുകയെന്നു പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 10 ഹെക്ടര്‍ നെല്‍പ്പാടത്താണ് നിലവില്‍ നെല്ല് കൃഷി ചെയ്തിരിക്കുന്നത്. ഇത് ഒരു തുടര്‍ പദ്ധതിയായി മുന്നോട്ട് കൊണ്ടുപോകാനാണ് കൃഷിഭവന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് അവർ വ്യക്തമാക്കി. കുളത്തൂർ കുത്തരിയുടെ വിതരണോദ്‌ഘാടന ചടങ്ങില്‍ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സുധാര്‍ജ്ജുനന്‍ അദ്ധ്യക്ഷത വഹിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കോവിഡ് മുന്നറിയിപ്പ്: രാജ്യാന്തര യാത്രക്കാർക്കുള്ള റാൻഡം ടെസ്റ്റിംഗ് നാളെ ആരംഭിക്കും
Share your comments