എസ്.ഡി.കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി "ഐക്കോടെക് " എന്ന പേരിൽ ഒരു സ്റ്റാർട്ട്അപ്പ് തുടങ്ങിയിരുന്നു .
ഗവേഷകനായ അനൂപ് കുമാർ. വി, സുവോളജി പൂർവ്വ വിദ്യാർത്ഥികളായ ഹരീ കൃഷ്ണ, ഐസക് ജോർജ്, ആര്യ. എസ് എന്നിവരാണ് സ്ഥാപകർ. ഡോ.ജി. നാഗേന്ദ്ര പ്രഭു മെൻ്ററായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നുള്ള തിരഞ്ഞെടുത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തിക്കുവാൻ ഉദ്ദേശിക്കുന്നത്. കേരള സർക്കാരിൻ്റെ യുവ ഗവേഷകർക്കുള്ള മൽസരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന 3 വർഷത്തേക്ക് സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ദരുടെ ഉപദേശങ്ങളും ലഭിച്ചിരുന്നു .
ഇതിൻറെ ഭാഗമായി എസ്.ഡി.കോളേജ് ജലവിഭവ ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുളവാഴയിൽനിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണത്തിനായുള്ള ദ്വിദിന ദേശീയ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിച്ചു.
കേരള സർവകലാശാല സെൻട്രൽ ഇൻസ്ട്രുമെന്റഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ ഡയറക്ടർ ഡോ. ജി.എം. നായർ പരിപാടി ഉദ്ഘാടനംചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി.ആർ. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യഗവേഷകൻ ഡോ. ജി.നാഗേന്ദ്ര പ്രഭു, കോളേജിലെ വിദ്യാർഥി സ്റ്റാർട്ട്അപ്പായ ഐക്കോടെക് സി.ഇ.ഒ.വി അനൂപ് കുമാർ എന്നിവർ സംസാരിച്ചു.
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാൾ, കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവർ പരിശീലനത്തിൽ പങ്കെടുത്തു.
ഡോ. പ്രഭുവിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഗ്രാമീണ സാങ്കേതിക വിദ്യകളായ കുളവാഴ ഉപയോഗിച്ചുള്ള കൂൺ കൃഷി, ബയോമാസ് ബ്രിക്കറ്റുകൾ, കുളവാഴ പൾപ്പ് അടിസ്ഥാനമായുള്ള വിവിധ ദേശ ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമാണമാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.
Share your comments