ആഗോളതാപനില വർദ്ധനവിൻറെ മുമ്പിൽ പകച്ചുനിൽക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞന്മാർക്കും ,വ്യാവസായിക പ്രവർത്തനങ്ങൾ ഹേതുവായി ഖര -ദ്രവ -വാതക -മാലിന്യങ്ങൾ സൃഷ്‌ടിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്ന സാധാരണക്കാർക്കും വരെ '' വരും നൂറ്റാണ്ടിൻറെ വൃക്ഷമായി '' അംഗീകരിക്കേണ്ടിവരുന്ന Simaruba Glucca എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ലക്ഷ്‌മി തരു എന്ന വിദേശീയ നവാതിഥിയെക്കുറിച്ച് അറിയേണ്ടതും അറിയാതെപോയതുമായ ചില നേരറിവുകൾ .
മധ്യഅമേരിക്കയിലെ നിബിഢവനങ്ങളിലും മറ്റ് കൃഷികൾക്കനുയോജ്യമല്ലാത്ത തരിശുഭൂമികളിലുംവരെ ഏതു കൊടുംചൂടിലും കൃത്യമായ പരിചരണങ്ങളോ ,ജലസേചനമോ ഇല്ലാതെപോലും നിത്യഹരിതമായി മുറ്റിത്തഴച്ചുവളരുന്നതാണ് ലക്ഷ്‌മിതരു എന്ന ഈ കാട്ടുമരം .
ഭാരതത്തിലുടനീളം ലക്ഷ്‌മിതരു വ്യാപകമായി നട്ടുപിടിപ്പിക്കുവാൻ ഏതാനും വർഷങ്ങൾക്ക് മുമ്പ് ആഹ്വാനം ചെയ്തതാവട്ടെ ജീവനകലയുടെ ആത്മീയാചാര്യൻ പൂജ്യ ശ്രീശ്രീരവിശങ്കർജി .
പരിസ്ഥിതി സ്നേഹികളുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും വാണിജ്യ വ്യാവസായിക മേഖലകളിലുള്ളവരുടെയും കണ്ണുതുറപ്പിക്കാൻ പോന്ന അവിശ്വസനീയമായ സ്വാധീന ശക്തിയുള്ള ലക്ഷ്‌മിതരുവിനെ ' സ്വർഗ്ഗീയ വൃക്ഷം ' എന്ന വിശേഷണത്തിലാണ് ഗുരുദേവ് ശ്രീശ്രീരവിശങ്കർജി ലോകത്തിന് പരിചയപ്പെടുത്തിയതും ആർട് ഓഫ് ലിവിംഗ് നേതൃത്വത്തിൽ ലക്ഷ്‌മിതരു നട്ടുപിടിപ്പിക്കാനുള്ള ബൃഹത്കർമ്മപദ്ധതിക്ക് ശുഭാരംഭം കുറിച്ചതും .
ഇന്ത്യയുടെ മുൻ പ്രസിഡണ്ട് ശ്രീ എ പി ജെ അബ്‌ദുൽ കലാം ആസാദ് ബാംഗളൂരിലെ ആർട് ഓഫ് ലിവിംഗ് ഇന്റർനേഷണൽ ആസ്ഥാനത്ത് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഈ ലക്ഷ്‌മി തരു നട്ടുകൊണ്ടാണ് പദ്ധതിയുടെ ദേശീയതല ഉത്‌ഘാടനം നിർവ്വഹിച്ചത് .
തുടർന്ന് മുൻ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ഏഴു തവണ ലോകസഭ അംഗവും നിലവിൽ കെ പി സി സി പ്രസിഡണ്ടുമായ ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ ലക്ഷ്‌മിതരു നട്ടുപിടിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉത്‌ഘാടനം ആ കാലയളവിൽ അദ്ദേഹത്തിന്റെ സ്വന്തം നാടായ ചോമ്പാലയിൽ നിർവ്വഹിക്കുകയുമുണ്ടായി .
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൻറെ ഔഷധീയാവശ്യങ്ങൾക്കും ഭക്ഷ്യാവശ്യങ്ങൾക്കും ഗാർഹികാവശ്യങ്ങൾക്കും ഇന്ധനാവശ്യങ്ങൾക്കും സമ്പന്നതക്കും അനിവാര്യമാണെന്നകാര്യത്തിൽ സംശയിക്കേണ്ട കാര്യവുമില്ല .
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് 1976 ൽ പ്രസിദ്ധീകരിച്ച ഔഷധസസ്യത്തെക്കുറിച്ചുള്ള ഗ്രന്ഥത്തിലും ഈ വൃക്ഷത്തെക്കുറിച്ചുള്ള ഗുണാത്മകമായ നിരവധി പരാമർശങ്ങളുള്ളതായുമറിയുന്നു .
കേരള കാർഷിക സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ശ്രീമതി വി .കെ മല്ലിക യുടെ നേതൃത്വത്തിൽ നേരത്തെതന്നെ ലക്ഷ്‌മിതരുവിനെക്കുറിച്ച് പഠനനിരീക്ഷണങ്ങൾ നടക്കുകയുമുണ്ടായി .
ലക്ഷ്‌മിതരുവിനെക്കുറിച്ചുള്ള പ്രൊഫസർ വി .കെ .മല്ലികയുടെ പഠനറിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളിൽ ചിലതെങ്കിലും വായനക്കാർക്കായി പങ്കുവെക്കട്ടെ .
ലക്ഷ്‌മിതരുവിൻറെ ഇലയും കായും തൊലിയും തടിയും വേരും വരെ എല്ലാമെല്ലാം ഉയർന്ന ഔഷധ മൂല്യങ്ങൾ !
പ്രാചീനകാലം മുതൽക്കേ ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഡിസെന്ററിക്കുള്ള മരുന്നായിട്ടാണ് മരം അറിയപ്പെടുന്നത് .Dysentry Bark എന്ന പേരിലറിയപ്പെടുന്നതും അതുകൊണ്ടുതന്നെ .
ഇലയും തൊലിയുമിട്ട് തിളപ്പിച്ച വെള്ളം ഉദരരോഗങ്ങൾക്ക് ( Maleria ,Amoebiasis ,Gastritis ,Colitis ,Diarrhoea ) അത്യൗഷധമാണ് .ഈ ചെടിയിലുള്ള Quassinoids എന്ന രാസവസ്‌തുവാണ് ഔഷധഗുണത്തിനാധാരം .
അന്തരീക്ഷത്തിൽനിന്ന് കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുത്ത് ധാരാളം ഓക്സിജൻ പുറത്ത് തള്ളുന്നു .മലിനവായുവിനെ ശുദ്ധീകരിക്കാനും അന്തരീക്ഷമലിനീകരണത്തിനെതിരെ പ്രതിരോധം ഉയർത്താനും കഴിവുള്ള ലക്ഷ്‌മിതരുവിൻറെ പച്ചിലകളാകട്ടെ ആടുമാടുകൾ തിന്നാൻ മടി കാണിക്കുന്നതും ,രോഗങ്ങളോ കീടങ്ങളോ ആക്രമിക്കാത്തവയും .
സർവ്വരോഗ സംഹാരി എന്ന സവിശേഷതകൾക്കപ്പുറം ചർമ്മകാന്തി നിലനിർത്താനും ത്വക്കിൻറെ ആരോഗ്യം നിലനിർത്താനും കെൽപ്പുള്ള കോസ്മെറ്റിക്ക് കൂടിയാണത്രെ പുരാണത്തിലെ 'സുവർണ്ണകാന്തി ' യെപ്പോലുള്ള ഈ ലക്ഷ്‌മിതരു .
വിത്തിൽനിന്ന് ഭക്ഷ്യ എണ്ണയും ഭക്ഷ്യേതര എണ്ണയും ,ഡീസലും ഉത്പ്പാദിപ്പിക്കാം .വിലകൂടിയ ഒലീവ് ഓയിലിന് സമാനമായ ദ്രാവക എണ്ണയിലാകട്ടെ കൊളസ്‌ട്രോൾ അശേഷം ഇല്ലതന്നെ .മദ്ധ്യ അമേരിക്കൻ നാടുകളിൽ പാചകത്തിനും ബേക്കറി സാധനങ്ങൾ ഉണ്ടാക്കുവാനും ഈ എണ്ണ ഉപയോഗിക്കുന്നു .
ഒരു മരത്തിൽ നിന്ന് 15 മുതൽ 30 കിലോഗ്രാം വരെ കായകൾ ലഭിക്കും .അതിൽനിന്ന് 3 മുതൽ 6 കിലോഗ്രാം വരെ ഭക്ഷ്യഎണ്ണയും അത്രയും പിണ്ണാക്കും ലഭിക്കും .
കായകളുടെ മാംസളമായ പൾപ്പുകൊണ്ട് സ്‌ക്വാഷ് ,ജാം ,മറ്റു ലഘുപാനീയങ്ങൾ എന്നിവയും ഉണ്ടാക്കാം .
കോസ്‌മെറ്റിക് ഡിറ്റർജെന്റ് ,ഷാമ്പൂ ,സോപ്പ് നിർമ്മാണം തുടങ്ങിയ ഭക്ഷ്യേതര ഉപയോഗങ്ങൾ എന്നിവയും ഉണ്ടാക്കാം .
ചിതലുകൾ ഏഴയലത്തുകൂടി അടുക്കാത്ത ഈ വൃക്ഷത്തിൻെറ പരമാവധി ആയുസ്സ് 80 വർഷം .
10 വർഷക്കാലം പ്രായമായ മരത്തിൽ നിന്നും 5 മുതൽ 10 ഘന അടി വരെ മരം ലഭിക്കുമ്പോൾഇതിന്റെ ശിഖരങ്ങൾ വിറകിനായും ഉപയോഗിക്കാനാകും .ഫർണിച്ചർ ഉപയോഗം ,മറ്റു ഗാർഹികാവശ്യങ്ങൾക്കും അനുയോജ്യം .
ഭൂഗർഭജലം തേടി ആഴത്തിൽ പോകുന്ന സ്പഷ്ടമായ വേരുപടലങ്ങൾ മണ്ണൊലിപ്പ് തടയാനും ഒരളവോളം ഉരുൾപൊട്ടലിനെതിരെയും പ്രവർത്തിക്കുന്നു .
ഡിസംബർ ,ജനുവരിയിൽ പുഷ്‌പിക്കുന്നു ,കായ്‌കൾ കുലകുലകളായി .പുറംഭാഗം മാംസളം .ഉള്ളിലെ പരിപ്പിൽ 70 % എണ്ണ അടങ്ങിയിരിക്കുന്നു.
കുരു പാകിയോ ഗ്രാഫ്റ്റ് ചെടികൾ നട്ടോ മരങ്ങൾ വളർത്താം .4 മുതൽ 6 വർഷം കഴിയുമ്പോൾ കായ്‌ഫലം . ആൺപൂക്കളും പെൺപൂക്കളും വ്യത്യസ്ഥ മരങ്ങളിൽ .
പെൺ മരങ്ങളിൽനിന്നുള്ള ഗ്രാഫ്റ് ചെടികൾ ഉത്തമം പഴുത്ത് പറിച്ചുണക്കിയ കായ്‌കൾ വേഗംതന്നെ പാകണം .
സൂക്ഷിച്ചുവെക്കുംതോറും കായ്കളുടെ അങ്കുരണശേഷി കുറഞ്ഞുപോകാനിടയുണ്ട് .
ചിക്കുൻഗുനിയക്കെതിരെ ഫലപ്രദമായ ഔഷധം .നിലക്കാത്ത നിരീക്ഷണങ്ങളിലൂടെ 1990 ൽ പനിക്കും ,മലേറിയക്കും എതിരെ ഫലപ്രദമാണെന്നും ഇതിൻറെ തൊലിക്ക് വൈറസ് രോഗങ്ങളെ ( Herpes , Influenza ,Polio ) തുടങ്ങിയവയെ ചെറുക്കാനുള്ള കഴിവ് .
കാൻസർ രോഗങ്ങളെ നശിപ്പിക്കാൻ കഴിവുള്ള രാസവസ്‌തുക്കൾ വേരിലും കായകളിലും കണ്ടെത്തിയതായി 1970 ലെ ഗവേഷണപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.ലുക്കീമിയക്കും നല്ല ഔഷധം .
മഞ്ഞനിറഞ്ഞ വെളുത്ത നിറത്തിലുള്ള പൂക്കളുള്ള ലക്ഷ്‍മിതരുവിൻറെ കായകൾ ചെറിയ ഞാവൽ പഴത്തോട് സാദൃശ്യം .
പഴുക്കുമ്പോൾ ചുവപ്പു നിറമാകുന്ന കായകൾ ഭക്ഷ്യയോഗ്യം .മധുരമുള്ളത് .പഴങ്ങൾ പാകമായാൽ ധാരാളം പക്ഷികൾ ഇവ തേടിയെത്താറുണ്ട് .
ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്‌മിതരു .മണ്ണ് കരിയുന്ന വേനൽ ചൂടിൽ കുളിരും തണലും ശുദ്ധവായുവും ആവോളം പ്രദാനം ചെയ്യുന്ന ലക്ഷ്‌മി തരു എന്ന ഈ നിത്യഹരിത സുന്ദരിയെ നമ്മുടെ വീട്ടുമുറ്റങ്ങളിലേക്ക് ആദരവോടെ നമുക്ക് വരവേൽക്കാം
പഴുക്കുമ്പോൾ ചുവപ്പു നിറമാകുന്ന കായകൾ ഭക്ഷ്യയോഗ്യം .മധുരമുള്ളത് .പഴങ്ങൾ പാകമായാൽ ധാരാളം പക്ഷികൾ ഇവ തേടിയെത്താറുണ്ട് .
ഇരുപത്തഞ്ച് അടിവരെ ഉയരത്തിൽ ശാഖകളോടെ പന്തലിച്ചു വളരുന്ന ഒരു മരമാണ് ലക്ഷ്‌മിതരു .മണ്ണ് കരിയുന്ന വേനൽ ചൂടിൽ കുളിരും തണലും ശുദ്ധവായുവും ആവോളം പ്രദാനം ചെയ്യുന്ന ലക്ഷ്‌മി തരു എന്ന ഈ നിത്യഹരിത സുന്ദരിയെ നമ്മുടെ വീട്ടുമുറ്റങ്ങളിലേക്ക് ആദരവോടെ നമുക്ക് വരവേൽക്കാം .
Share your comments