കോഴിക്കോട്: പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കലാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മലബാർ മിൽമ വിപണിയിലിറക്കുന്ന വിവിധ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ക്ഷീരകർഷകരുടെ ഉത്പാദന ചെലവ് കുറയ്ക്കുന്നതിനായി തീറ്റപ്പുൽ കൃഷിക്ക് സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും ഏർപ്പെടുത്തുന്നതോടെ ക്ഷീര മേഖലയിലേക്ക് കൂടുതൽ കർഷകരെ ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ക്ഷീര കർഷകനെ സഹായിച്ച് സംസ്ഥാനത്ത് പാൽ ഉത്പാദനം മെച്ചപ്പെടുത്താനുള്ള തീവ്രമായ പരിശ്രമമാണ് വരും ദിവസങ്ങളിൽ ഏറ്റെടുക്കുകയെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് പാൽ കൊണ്ടുവരാതിരിക്കാനുള്ള വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മിൽമ ചെയർമാൻ കെ.എസ് മണി അധ്യക്ഷത വഹിച്ചു.
നാച്യുറൽ ഫ്ളേവറും കളറും ചേർന്ന ചിക്കു, പിസ്ത, ചോക്ലേറ്റ് എന്നീ ഐസ്ക്രീമുകളും മാറുന്ന ജീവിതശൈലിക്കനുസൃതമായി മാംഗോ, പൈനാപ്പിൾ ഫ്ളേവറുകളിലുള്ള ഷുഗർ ഫ്രീ യോഗേർട്ടുകളും, മിൽമ നെയ്യ് ഉപയോഗിച്ച് നിർമ്മിച്ച കോഫീകേക്ക് എന്നിവയാണ് പുതുതായി മിൽമ പുറത്തിറക്കുന്നത്.
പി ടി എ റഹീം എം എൽ എ മുഖ്യാതിഥിയായി. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുബിത തോട്ടഞ്ചേരി, മിൽമ ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കെസിഎംഎംഎഫ് ഡയറക്ടർ ശ്രീനിവാസൻ പി സ്വാഗതവും മലബാർ മിൽമ ഡയറക്ടർ ഇൻചാർജ് കെ സി ജയിംസ് നന്ദിയും പറഞ്ഞു.
Share your comments