എറണാകുളം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് കടങ്ങല്ലൂർ ഗ്രാമപഞ്ചായത്തിൽ 118000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളുന്നവരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം നൽകണമെന്ന കേരള സർക്കാരിന്റെ ഉത്തരവ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതിനെ തുടർന്നാണ് ഇത്രയധികം തുക പിഴ ചുമത്താനായത്.
പുറമ്പോക്ക് ഭൂമിയിലും വഴിയരികിലും മറ്റും മാലിന്യം തള്ളുന്നവരുടെ ചിത്രങ്ങൾ പകർത്തി തെളിവുസഹിതമാണ് പ്രദേശവാസികൾ പഞ്ചായത്തിനെ അറിയിച്ചത്. ഉത്തരവ് പ്രാബല്യത്തിൽ വന്നതിനു ശേഷം മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് ഒരു ദിവസം ഒരു കേസ് എങ്കിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.
1000 രൂപ മുതൽ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. പിഴ ചുമത്തുന്നതിന്റെ 25% രൂപയാണ് വിവരങ്ങൾ നൽകുന്നവർക്ക് ലഭിക്കുന്നത്. വിവരങ്ങൾ നൽകി മൂന്ന് ദിവസത്തിനുള്ളിൽ അപേക്ഷ സമർപ്പിച്ച ശേഷമാണ് തുക ലഭ്യമാകുക.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ അനധികൃത മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്താൽ 2500 രൂപ പ്രതിഫലം
പഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "എന്റെ കടങ്ങല്ലൂർ ശുചിത്വം സുന്ദരം" എന്ന പദ്ധതിയുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ പുരോഗമിക്കുന്നത്. പുതുതായി ഒരു ഹെൽത്ത് ഇൻസ്പെക്ടറിന്റെ തസ്തിക കൂടി അനുവദിച്ചു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
Share your comments