റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജ൯സും അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യകൾ സ്കൂൾ തലത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താ൯ കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് കേരള ഇ൯ഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജ്യുക്കേഷ൯ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ വഴിയൊരുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവ൯കുട്ടി പറഞ്ഞു.
കളമശ്ശേരിയിലെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ സംസ്ഥാനത്തെ സ്കൂളുകളിലെ 'ലിറ്റിൽ കൈറ്റ്സ്' അംഗങ്ങൾക്കുള്ള സ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2000 സ്കൂളുകളിലേക്കായി 9000 റോബോട്ടിക്സ് കിറ്റുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ഡിസംബറിൽ സർക്കാർ തുടക്കം കുറിച്ചിരുന്നു. ഇതിന് പുറമെ 3000 കിറ്റുകൾ കൂടി ഈ വർഷം ലഭ്യമാക്കും. കൈറ്റ് മാസ്റ്റർമാരായി പരിശീലനം നേടിയ നാലായിരം അധ്യാപകരിലൂടെ 60,000 കൈറ്റ്സ് അംഗങ്ങൾക്ക് നേരിട്ടും, അവരിലൂടെ 12 ലക്ഷം മറ്റ് കുട്ടികൾക്കും റോബോട്ടിക്സിൽ പരിശീലനം നൽകും എന്നും മന്ത്രി അറിയിച്ചു.
കേരളത്തിലെ മുഴുവൻ ക്ലാസ് മുറികളിലും ഡിജിറ്റൽ സൗകര്യം ഉറപ്പാക്കിയ സാഹചര്യത്തിൽ ഇതിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിനായാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകൾ രൂപീകരിച്ചത്. ഇന്ന് രാജ്യത്തെയെന്നല്ല ലോകത്തെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി കൂട്ടായ്മയായി ഈ ക്ലബ്ബുകൾ മാറിയിട്ടുണ്ട്. നൂതനാശയങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ ഇന്നവേഷ൯ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനകം ലിറ്റിൽ കൈറ്റ്സ് പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോബോട്ടിക്സ്, ഇൻറർനെറ്റ് ഓൺ തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജ൯സ് എന്നിവ സംസ്ഥാനത്തിന്റെ വികസനത്തിനും തൊഴിലവസരങ്ങൾക്കായും പ്രയോജനപ്പെടുത്തുന്നതിന് വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. ഇതിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്സ് ക്യാമ്പിന്റെ ലക്ഷ്യം. ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രൂപകൽപ്പന, പ്രവർത്തനം, നിർമാണം എന്നിവ മനസിലാക്കാ൯ പരിശീലന ക്യാമ്പുകൾ ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൈറ്റ് സി.ഇ.ഒ. കെ. അ൯വർ സാദത്ത്, വി കൺസോൾ മാനേജിംഗ് ഡയറക്ടർ ജോയ് സെബാസ്റ്റ്യ൯, ഡിജിറ്റൽ മീഡിയ കൺസൾട്ടന്റ് സുനിൽ പ്രഭാകർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത 14000 കുട്ടികളിൽ നിന്നും തിരഞ്ഞെടുത്ത 1200 കുട്ടികളെ ഉൾപ്പെടുത്തി 'ലിറ്റിൽ കൈറ്റ്സ്' ജില്ലാ ക്യാമ്പുകൾ ഫെബ്രുവരിയിൽ നടത്തിയിരുന്നു. ഈ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 130 കുട്ടികളാണ് കേരള സ്റ്റാർട്ടപ്പ് മിഷന്റെ പങ്കാളിത്തത്തോടെ നടത്തുന്ന സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തൊഴിലുറപ്പ് തൊഴിലാളികൾക്കും ക്ഷേമനിധി; പ്രാബല്യത്തിൽ..കൂടുതൽ വാർത്തകൾ
Share your comments