ആലപ്പുഴ: തെക്കേക്കര ഗ്രാമപഞ്ചായത്തിലെ സീഗള്‍സ് ഫ്രഷ് ഹട്ട് എന്ന ലൈവ് മത്സ്യ മാര്‍ക്കറ്റിംഗ് ഔട്ട്‌ലെറ്റിന് ഒരു പ്രത്യേകതയുണ്ട്. സ്വന്തമായി ഫോര്‍മാലിന്‍ പരിശോധന നടത്തി വിഷരഹിതമെന്ന് ഉറപ്പുവരുത്തിയ ശേഷം ഇവിടെ നിന്നു മത്സ്യങ്ങള്‍ വാങ്ങാം. തെക്കേക്കരയില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായാണ് ലൈവ് മത്സ്യ മാര്‍ക്കറ്റിംഗ് ഉള്‍പ്പടെയുള്ള ഔട്ട്‌ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ജില്ലയിലെ ആദ്യ ലൈവ് മത്സ്യ മാര്‍ക്കറ്റ് ഔട്ട്‌ലെറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഫിഷറീസ് വകുപ്പിന്റെ 60 ശതമാനം സബ്‌സിഡിയോടെയാണ് ഔട്ട്‌ലെറ്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ക്ക് ന്യായമായ വില നല്‍കിയാണ് ഇവര്‍ മത്സ്യം വിപണിയിലെത്തിക്കുന്നത്. മറ്റു മാര്‍ക്കറ്റുകളെ അപേക്ഷിച്ച് മത്സ്യത്തിന് വിലയും കുറവാണ്. വിഷരഹിതമായ കടല്‍ മത്സ്യങ്ങളും ഇവിടെ ലഭിക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ വള്ളങ്ങളില്‍ നിന്നു മാത്രം മത്സ്യങ്ങള്‍ എടുത്ത് ജനങ്ങളിലേക്ക് എത്തിച്ച സ്ഥാപനം കൂടിയാണിത്. കേരള ഫിഷറീസ് വകുപ്പിന്റെ ഭക്ഷ്യ സുരക്ഷയ്ക്കുള്ള മാതൃക സ്ഥാപനമെന്ന പദവിയും വിഷരഹിത മത്സ്യ വിതരണ സ്ഥാപനത്തിനുള്ള കേന്ദ്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
കുളങ്ങള്‍, ആറുകളിലെ കേജുകള്‍, പടുതാകുളം, ബയോഫ്‌ലോക് ഇങ്ങനെ വിവിധ രീതികളില്‍ മത്സ്യകൃഷി നടത്തുന്നവരുടെ ഉത്പന്നങ്ങളാണ് കൂടുതലും എത്തുന്നത്. ട്രോളിംഗ് സമയത്ത് മത്തിക്കു 400 രൂപ വില കുതിച്ചപ്പോള്‍ 100 രൂപയ്ക്കു നല്‍കി ഔട്ട്‌ലെറ്റ് ജനകീയമായിരുന്നു.
ഉള്‍നാടന്‍ മത്സ്യ കര്‍ഷകരില്‍ നിന്ന് ഹോള്‍സെയില്‍ വിലയില്‍ വാങ്ങാനുള്ള അവസരം കൂടിയാണ് മാര്‍ക്കറ്റ് ഒരുക്കുന്നത്. ആധുനിക സംവിധാനങ്ങളോട് കൂടിയ മത്സ്യ വിതരണ വിപണന വാഹനവും സുഭിക്ഷ പദ്ധതിയുടെ ഭാഗമായുള്ള ലൈവ് ഫിഷ് മാര്‍ക്കറ്റിംഗ് ഔട്‌ലെറ്റിന്റെ പ്രത്യേകതയാണ്.
മീനുകള്‍ ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങള്‍ രുചിച്ചുനോക്കാനും വാങ്ങാനുമായി പ്രത്യേക കൗണ്ടറും ഇവിടെയുണ്ട്. വൃത്തിയാക്കിയ മീന്‍ പാളയില്‍ പാക്ക് ചെയ്താണ് നല്‍കുന്നത്. മത്സ്യം വാങ്ങാന്‍ ജില്ലയ്ക്കു പുറത്ത് നിന്നെത്തുന്നവരും ഏറെയാണ്. നന്മയുടെ രുചി നാടിനൊപ്പം എന്ന വാചകത്തോടെ സീഗള്‍സ് ഫ്രഷ് ഹട്ട് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.
Share your comments