1. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതിയില്‍ ചേരാൻ ഇടുക്കി ജില്ലയിലുള്ളവർക്ക് അവസരം. മൃഗസംരക്ഷണ മേഖലയിലെ പരമാവധി കര്‍ഷകരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാക്കുകയാണ് മൃഗസംരക്ഷണ വകുപ്പിന്റെ ലക്ഷ്യം. പദ്ധതി വഴി മൃഗപരിപാലകര്‍ക്ക് സെക്യൂരിറ്റി കൂടാതെ 1,60,000 രൂപ വരെയും, അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയില്‍ പരമാവധി 3 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പകള്‍ അതത് ബാങ്കുകളുടെ പലിശ നിരക്കുകള്‍ക്ക് അനുസൃതമാണ്. പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമുള്ള കർഷകർ മൃഗാശുപത്രി മുഖാന്തിരം ഫെബ്രുവരി 15നുള്ളില്‍ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കണം.
കൂടുതൽ വാർത്തകൾ: 29 രൂപ നിരക്കിൽ 'ഭാരത് അരി'; അടുത്ത ആഴ്ച വിപണിയിലേക്ക്
2. മുട്ടക്കോഴി വളർത്തൽ, ആട് വളർത്തൽ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പരിശീലന കേന്ദ്രത്തിൽ വച്ച് ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ മുട്ടക്കോഴി വളർത്തലിലും ഫെബ്രുവരി 21, 22 തീയതികളിൽ ആടു വളർത്തലിലും പരിശീലനം നൽകും. പങ്കെടുക്കാൻ താൽപര്യമുളളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. 8590798131 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേന പേര് രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് 0479 2457778 എന്ന നമ്പറിൽ ബന്ധപ്പെടാം.
3. കണ്ണൂർ ജില്ലാ ക്ഷീരസംഗമത്തിന് ചെറുതാഴത്ത് തുടക്കം. ക്ഷീരവികസന വകുപ്പും ജില്ലയിലെ ക്ഷീരസംഘങ്ങളും ചേർന്ന് സംഘടിപ്പിച്ച പരിപാടി ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചെറുതാഴം ക്ഷീരസംഘം സെക്രട്ടറി ശ്രീമതി രാധിക കെ എം ക്ഷീരമിത്ര അവാർഡ് സ്വീകരിച്ചു. ജില്ലയിലെ മികച്ച ക്ഷീരകർഷകൻ പ്രതീഷ് കെയും അവാർഡ് ഏറ്റുവാങ്ങി. പരിപാടിയുടെ ഭാഗമായി ഡെയറി എക്സ്പോ, മിനി മാരത്തൺ, ക്ഷീരസഹകാരി സംഗമം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിക്കും.
4. വയനാട് ജില്ലയിലെ ഒന്നാംവിള സീസണില്‍ ഇതുവരെ സംഭരിച്ചത് 5504.447 മെട്രിക് ടണ്‍ നെല്ല്. കരാറിലുള്ള 55 മില്ലുകൾ വഴി 220 കര്‍ഷകരില്‍ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. കര്‍ഷകര്‍ക്കുള്ള സംഭരണ വില എസ്.ബി.ഐ, കാനറ ബാങ്കുകള്‍ മുഖേന പി.ആര്‍.എസ് വായ്പയായി നല്‍കും. കര്‍ഷകര്‍ക്ക് താത്പര്യമുള്ള ബാങ്ക് തെരെഞ്ഞെടുത്ത് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഭരണ വില കൈപ്പറ്റാം. ഒരു കിലോ നെല്ലിന് 28.32 രൂപയാണ് സപ്ലൈകോ നല്‍കുന്നത്. ജില്ലയിലെ ഒന്നാം വിള നെല്ല് സംഭരണം മാര്‍ച്ച് അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തിന്റെ രജിസ്ട്രേഷന്‍ ആരംഭിച്ചു.
Share your comments