വിത്ത് വിതയ്ക്കാൻ മുണ്ട് മടക്കിക്കുത്തി കൃഷിമന്ത്രിയിറങ്ങിയാൽ ജനങ്ങൾ ആവേശത്തോടെ അത് ഏറ്റുവാങ്ങും. ഇത് പതിവ് കാഴ്ച. ഇവിടെയും പതിവ് തെറ്റിയില്ല. പക്ഷേ മുണ്ടും ബനിയനും തോളിൽ തോർത്തും തലയിൽ പാളത്തൊപ്പിയുമായി കുട്ടി കർഷകൻ - പ്രജ്വൽ സജിത്ത് - വിതയ്ക്കാനെത്തിയപ്പോൾ മന്ത്രിക്കാവേശം. കർഷകരും നാട്ടുകാരും ഒപ്പം കൂടി. അത് ആഘോഷമാക്കി ഒരു നാട്. 210 ഏക്കര്‍ വരുന്ന കൊല്ലാട് കിഴക്കുപുറം വടക്കുപുറം പാടശേഖരത്ത് വിത മഹോത്സവം ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി എത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന തരിശുനില കൃഷി പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
കോട്ടയം ജില്ലയിലും ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് തരിശുനില നെല്‍കൃഷി പദ്ധതിയെ സ്വീകരിച്ചിട്ടുളളത്. പ്രകൃതിയെ തിരിച്ചു പിടിക്കുകയെന്നതാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ഏറ്റവും വലിയ വികസനം. കോട്ടയം ജില്ലയില്‍ കൊടൂരാറിന്റെ നിലനില്‍പ്പുതന്നെ പാടശേഖരത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇവിടെ 210 ഏക്കറോളം വരുന്ന സ്ഥലത്ത് കൃഷിക്ക് മുന്നിട്ടിറിങ്ങിയിരിക്കുന്നത് അഞ്ച് കര്‍ഷകരാണ്. അവര്‍ക്ക് കൃഷിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും.
പാടശേഖരത്ത് തകര്‍ന്ന വീണ മട പുനസ്ഥാപിക്കാന്‍ ഉളള ചിലവ് എസ്റ്റിമേറ്റ് എടുത്ത് അറിയിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ചടങ്ങില്‍ മുതിര്‍ന്ന കര്‍ഷകന്‍ ജോസഫ് ഉലഹന്നാനെയും കൃഷിയിറക്കുന്ന സുരേഷ് കുമാര്‍, കെ.സി. വര്‍ഗീസ്, വര്‍ഗീസ് ജോസഫ്, ഷിബു കുമാര്‍, ബാബു ഉലഹന്നാന്‍ എന്നീ കര്‍ഷകരെയും മന്ത്രി ആദരിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍ സുനില്‍ കുമാര്‍ അദ്ധ്യക്ഷ വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത പദ്ധതി വിശദീകരിച്ചു. കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. കെ കൃഷ്ണന്‍, പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില ബിജു, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം. സലി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിനി എബ്രഹാം, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോയി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗംങ്ങളായ ഗിരിജാ തുളസീധരന്‍, എം. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തംഗം സി.വി. ചാക്കോ സ്വാഗതവും പാടശേഖര സമിതി കണ്‍വീനര്‍ അലക്‌സ് തോമസ് നന്ദിയും പറഞ്ഞു.
Share your comments