പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ചാലകശക്തികളാവണമെന്ന് തദ്ദേശ സ്വയംഭരണം - എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവകേരള- തദ്ദേശകം 2.0 എന്ന പേരില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാറെന്ന തരത്തിലാണ് സര്‍ക്കാര്‍ സമീപിക്കുന്നത്.
കേരളം മാത്രമല്ല ഇന്ത്യയൊട്ടാതെ പലതരത്തിലുളള സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക്് നല്‍കി വന്നിരുന്ന പ്രാദേശിക വിഹിതം 26 ല്‍ നിന്ന് 26.5 ശതമാനമായി ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു.ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാവുന്ന പ്രസ്തുത സാഹചര്യത്തില്‍ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാത്രം ഊന്നല്‍ നല്‍കുകയും പ്രാദേശികതലത്തിലുളള ഉത്പാദനക്ഷമതയില്‍ മുന്നോട്ട് പോവാത്തതുമായ വസ്തുത പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനം സാമൂഹികമായി കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അത് സമയം പ്രാദേശിക വികസനത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും വേണം. ഇത്തരത്തിലാണ് പല രാജ്യങ്ങളും വികസനം കൈവരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 6712 കോടി രൂപയുടെ റവന്യൂ കമ്മി ഉണ്ടായി, ജി.എസ്.ടി ഇനത്തില്‍ 2017-2022 വര്‍ഷം 1000 കോടിയുടെ നഷ്ടവും ഉണ്ടായി. കേന്ദ്ര നികുതി വിഹിതം മൂന്ന് ശതമാനത്തില്‍ നിന്ന് 1.925 ശതമാനമായി വെട്ടി കുറച്ചു.സംസ്ഥാന വായ്പ പരിധി 3.5 ശതമാനം കുറച്ച സാഹചര്യത്തില്‍ 37000 കോടിയുടെ നഷ്ടമുണ്ടായി. ഇത്തരത്തിലുളള വലിയ സാമ്പത്തിക ഞെരുക്കത്തിലും തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക വിഹിതം വര്‍ദ്ധിപ്പിക്കുകയുണ്ടായി. സമ്പത്തുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാദേശികമായി ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പ് വരുത്തും.കേരളത്തിനകത്തും പുറത്തുമുള്ള തൊഴില്‍ സാധ്യതകളും തൊഴില്‍ അന്വേഷകരേയും തൊഴില്‍ ദായകരേയും കണ്ടെത്തി പരസ്പരം ബന്ധിപ്പിക്കുമെന്നും ഇതിനായി എല്ലാ വകുപ്പുകളുടെയും ഏകോപനവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴില്‍ അന്വേഷകര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള ശില്പശാല മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ചക്കുകയുണ്ടായി. സംസ്ഥാനത്തൊട്ടാകെ 53 ലക്ഷം തൊഴില്‍ അന്വേഷകരുളളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പാലക്കാട് ജില്ലയില്‍ നാല് ലക്ഷമാണ് തൊഴില്‍ അന്വേഷകരുടെ കണക്ക്.
തൊഴില്‍ സൃഷ്ടിക്കുക പ്രാദേശിക സാമ്പത്തികം ത്വരിതപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ കരട് വ്യവസായ നയമെന്ന് മന്ത്രി പറഞ്ഞു.ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയ്ക്കായി പഞ്ചായത്ത് തലത്തില്‍ ഇന്റേണ്‍സിനെ നിശ്ചയിച്ചിട്ടുണ്ട.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാദേശിക യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട. നൂതന ആശയങ്ങളിലൂടെ സംരംഭകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആവശ്യമുള്ള മേഖലകളില്‍ സാങ്കേതിക വൈദഗ്ദ്യമുള്‍പ്പെടെയുളള സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മറ്റൊരു പ്രധാന വിഷയം അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. സാര്‍വ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിയാകര്‍ഷിക്കുന്ന പ്രശ്‌നമാണിത്. അടുത്തിടെ യൂണിസെഫ് പ്രതിനിധികളുടെ ഒരു സംഘം സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കേരളത്തിന്റെ മാതൃക ലോകതലത്തിലും ശ്രദ്ധയാകര്‍ഷിച്ചതാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഓരോ കുടുംബത്തിനും ഓരോ മൈക്രോ പ്ലാന്‍ എന്നതാണ് ദാരിദ്ര്യ നിര്‍മ്മാജനത്തിനായി ഗവണ്‍മെന്റ് മുന്നോട്ടുവയ്ക്കുന്ന ആശയമെന്ന് മന്ത്രി പറഞ്ഞു.
അതിദാരിദ്ര സര്‍വ്വേയിലൂടെ കണ്ടെത്തിയ 64006 അതിദരിദ്രരായവര്‍ക്ക്് നവംബര്‍ ഒന്നോടെ എല്ലാ സേവനവകാശ രേഖകളും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്ന തരത്തില്‍ വാതില്‍പ്പടി സേവനങ്ങള്‍
വാതില്‍പടി സേവനങ്ങള്‍ക്കായി 2021ല്‍ ആരംഭിച്ച വളണ്ടിയര്‍ സംവിധാനം വിപുലപ്പെടുത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകേണ്ട സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും. ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ങ്ങള്‍ ജനകീയ സ്ഥാപനങ്ങളായി മാറ്റും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്ന രീതിയില്‍ വാതില്‍പ്പടി സേവനങ്ങള്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന് ഹരിതകര്‍മ്മ സേനയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ പൂര്‍ണമായി വിനിയോഗിക്കണം.2000 വാര്‍ഡുകളില്‍ 28000 പേരും മാത്രമാണുള്ളത്. ഇവരുടെ സേവനം പൂര്‍ണമായി പ്രയോജനപ്പെടുത്തണം. അത്തരത്തില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അവര്‍ക്കുള്ള യൂസര്‍ ഫീ കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ വിജയിച്ച കീഴാറ്റൂര്‍ പഞ്ചായത്ത് മാതൃക മന്ത്രി വിശദീകരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ അവരുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണം
മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനങ്ങളെ ബോധവല്‍ക്കരിച്ച് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ആവണം. കോഴി വേസ്റ്റ് നിര്‍മാജനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യം കണ്ടതാണ്. യുദ്ധകാലടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാജനം നടപ്പിലാക്കിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങും. പ്രധാനപ്പെട്ട ജലാശയങ്ങളില്‍ 82 ശതമാനവും കിണറുകളില്‍ 72 ശതമനം കോളിഫോം ബാക്ടീരിയയുടെ അളവുള്ളതായാണ് പുതിയ പഠനം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ മാലിന്യസംസ്‌കരണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കണം. ജനുവരി 12,13,14 തീയതികളില്‍ കൊച്ചിയില്‍ കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍
മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നല്‍കും. 3 ലക്ഷംപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 5 ലക്ഷം പേര്‍ക്ക് ഇനി വീടുകള്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുളളവര്‍ക്ക്് ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുന്നതിന് തീരുമാനമായതായും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തൊഴിലവസരം നല്‍കണം
കുടുംബശ്രീയുടെ പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ലോകതലത്തില്‍ തന്നെ ശ്രദ്ധിയാകര്‍ഷിച്ച പദ്ധതിയാണ്. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണങ്ങള്‍ കുടുംബശ്രീയില്‍ വരുത്തണം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തൊഴിലവസരം നല്‍കണം. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം സംവിധാനം ആലോചിച്ചു വരുന്നു. ഡിജിറ്റല്‍ പ്ലാറ്റഫോമുകളില്‍ തൊഴിലവസരം ഉറപ്പാക്കും. പ്രത്യേക പരിശീലനം വേണമെങ്കില്‍ അതു നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും
തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും. കാലതാമസം ഒഴിവാക്കി ഓഫീസുകളില്‍ വരാതെ തന്നെ സേവനം ഉറപ്പാക്കും. മുനിസിപ്പാലിറ്റികളിലും ഓണ്‍ലൈന്‍ സംവിധാനം ഉറപ്പുവരുത്തും. അതിവേഗത്തില്‍ അനുമതി നല്‍കുന്നതിനും അഴിമതികുറയ്ക്കുന്നതിനും യഥാസമയം ആളുകള്‍ക്ക് സേവനം ലഭ്യമാകുന്നതിനും ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 വരെ 47 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കിയതായി മന്ത്രി പറഞ്ഞു .
വ്യവസായ യൂണിറ്റുകള്‍ കൂടുതലുള്ള ജില്ലയാണ് പാലക്കാട്.ജില്ലയില്‍ കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തയ്യാറാവണം. മാലിന്യനിര്‍മ്മാണത്തിനായി ഹരിത കര്‍മ്മ സേനകളെ ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ലൈന്‍ റിവ്യൂ എല്ലാ മാസവും നടത്തുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടികളടക്കം നടത്തുമെന്നും യോഗത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ എച്ച്.ദിനേശ് പറഞ്ഞു.
പദ്ധതി വിനിയോഗത്തില്‍ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാംസ്ഥാനത്തേക്ക് എത്തണമെന്നും ഫലപ്രാപ്തിയുളള പദ്ധതികള്‍ക്ക്് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. വാതില്‍പ്പടി സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുന്നത് ഉറപ്പ് വരുത്തണം. മുതലമട,മലമ്പുഴ,പുതൂര്‍ ഷോളയൂര്‍ പഞ്ചായത്തുകളില്‍ വിവരാകാശ സര്‍വ്വേ ആരംഭിച്ചതായും. ഹരിത കര്‍മ്മ സേനകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്നും സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി.
ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി മുഹമ്മദ് സലിം കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ ജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി. ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഷാജി ക്ലെമന്റ്, ജോയിന്റ് ഡയറക്ടര്‍(അര്‍ബന്‍) ഉമ്മുസല്‍മ്മ, ചീഫ് ടൗണ്‍ പ്ലാനര്‍ പ്രമോദ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.ഗോപിനാഥന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments