കൊറോണവൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ് മെയ് 31 വരെ നീട്ടി. മൂന്നാംഘട്ട ലോക്ക്ഡൗണ് ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ്ഇത്.
ലോക്ഡൗണ് നീട്ടിയതോടെ, എസ്.എസ്.എല്.സി., പ്ലസ് ടു പരീക്ഷകള് നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കേണ്ടിവന്നേക്കും. സ്കൂളുകളും കോളേജുകളും തുറക്കുകയോ ഓണ്ലൈന് രീതിയിലല്ലാതെയുള്ള അക്കാദമിക് കാര്യങ്ങള് നടത്തുകയോ ചെയ്യരുതെന്ന് കേന്ദ്രനിര്‍ദേശത്തിലുണ്ട്. അതിനാല്‍ നിലവില്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റേണ്ടിവരും. ഇപ്പോള്‍ തുടങ്ങിയ ഉത്തരപ്പേപ്പര്‍ മൂല്യനിര്‍ണയവും തുടരാനാവില്ല.
ഹോട്ടലുകള്‍ക്കും ബാറുകള്‍ക്കും പ്രവര്‍ത്തിക്കാനാവില്ലെന്ന നിര്‍ദേശവും സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കും. ശാരീരിക അകലം പാലിച്ച് ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചിട്ടില്ല. ബാറുകള്‍ തുറക്കാന്‍ പാടില്ലെന്ന നിര്‍ദേശത്തില്‍ മദ്യവില്‍പ്പന സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ക്രമീകരണവും പാളും. ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറക്കുമ്പോള്‍ തിരക്കൊഴിവാക്കാന്‍ ബാറുകളിലൂടെയും വില്‍പ്പന നടത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. ഇതിലും മാറ്റം വരുത്തുമോ എന്ന് ഇന്നറിയാം.
പൊതുഗതാഗതം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നതാണ് കേന്ദ്രനിര്‍ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്തിനുള്ളില്‍ ബസ് സര്‍വീസ് നടത്തുന്നതിന് കേന്ദ്ര വിലക്കില്ല. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ അന്തഃസംസ്ഥാന ബസ് യാത്രകളും തുടങ്ങാം. എന്നാല്‍, കേരളം അതിന് ഉടനെ അനുമതികൊടുക്കില്ല.
ജില്ലയ്ക്കുള്ളില്‍ മാത്രം സര്‍വീസ് പരിമിതപ്പെടുത്തുമെന്ന നിര്‍ദേശമാണ് കേരളം കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം ഓട്ടോ സര്‍വീസും നിയന്ത്രണങ്ങളോടെ അനുവദിച്ചേക്കും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും അന്തഃസംസ്ഥാന യാത്രയ്ക്ക് തടസ്സമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിലേക്ക് നീട്ടി. പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുകയാണുണ്ടായിട്ടുള്ളത്. അതേ സമയം അടച്ചിടലില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാകുന്നത് കൊറോണപ്രതിസന്ധിയേക്കാള്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: COVID 19 സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവർത്തനം തുടങ്ങി
Share your comments