കൊല്ലം: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമാക്കുന്നതിനായി ഹരിതചട്ടപാലനം ഉറപ്പാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. പ്ലാസ്റ്റിക്, പി വി സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പരിസ്ഥിതിസൗഹൃദ, പുനരുപയോഗ-ചംക്രമണ സാധ്യതയുള്ളവയാണ് ഉപയോഗിക്കേണ്ടത്.
ബോര്‍ഡുകള്‍, ബാനറുകള്‍, തുടങ്ങിയവയ്ക്ക് പ്ലാസ്റ്റിക്, പി വി സി പാടില്ല. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കാം. കൊടിതോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി വി സി വിമുക്തമാക്കണം. ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയവയിലാണ് നിര്‍മിക്കണ്ടത്.
പി വി സി ഫ്‌ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയപാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി വി സി. പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ- കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. 100 ശതമാനം കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണസാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ.
നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ഷന്‍ ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം.
പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടികളില്‍ ഹരിതചട്ട ബോധവത്ക്കരണം നടത്തണം. എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും, ഡിസ്പോസിബിള്‍ വസ്തുക്കളും പരമാവധി ഒഴിവാക്കി മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം.
പോളിംഗ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും, ഇലക്ഷന്‍ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക്‌വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണ്ടതാണ്. പോളിംഗ് ഉദ്യോഗസ്ഥരും, ഏജന്റുമാരും ഭക്ഷണപദാര്‍ത്ഥങ്ങള്‍, കുടിവെള്ളം മുതലായവ പ്ലാസ്റ്റിക് ബോട്ടിലുകള്‍, കണ്ടെയിനറുകള്‍ എന്നിവയിലാക്കരുത്.
തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍സ്ലിപ്പ്/രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കരുത്. ഇവശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡിലേഴ്സിനു കൈമാറാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം.
പൊതുതിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാമ്പയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തണം എന്നും നിര്‍ദേശിച്ചു.
Share your comments