എറണാകുളം: സംരംഭം തുടങ്ങാൻ പുതിയ ഉത്പന്നം എന്ത്? ഇനി അങ്ങനെ ചോദിച്ച് വേവലാതിപ്പെടേണ്ട; പുതു ഉത്പന്നങ്ങൾ വികസിപ്പിച്ച് ചോദ്യത്തിന് പരിഹാരം ഒരുക്കിയിരിക്കുകയാണ് വ്യവസായ, വാണിജ്യ വകുപ്പ്. വകുപ്പിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ ആറുമാസം മുമ്പ് ആരംഭിച്ച ഗവേഷണ, വികസന വിഭാഗമാണ് എട്ട് പുതിയ ഉത്പന്നങ്ങൾ ഒരുക്കിയത്. മെഷിനറി എക്സ്പോയിൽ ഈ ഉത്പന്നങ്ങൾ കാണാനും വിശദാംശങ്ങൾ തേടാനും അവസരമുണ്ട്.
സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് സാങ്കേതിക വിദ്യയും പരിശീലനവും കോമൺ ഫെസിലിറ്റി സർവ്വീസ് സെന്റർ നൽകും. നാമമാത്ര നിക്ഷേപം മതി സംരംഭത്തിനെന്ന മേന്മയുമുണ്ട്.
വാട്ടർബോട്ടിൽ, ഫ്ലാസ്‌ക് എന്നിവയ്ക്കുള്ള വിവിധോപയോഗ ഹോൾഡറുകൾ, വാട്ടർ ബെഡിനു പകരമായി വെള്ളകൂടാതെ ഉപയോഗിക്കാനാകുന്ന കിടപ്പുരോഗികൾക്കുള്ള ബെഡ് , ഷോക്ക് പ്രൂഫ് ബാഗുകൾ തുടങ്ങിയവ സെന്റർ വികസിപ്പിച്ചെടുത്ത ഉത്പന്നങ്ങളിൽ ഉൾപ്പെടുന്നു. റബ്ബറും ജൂട്ടുംചേർത്തുള്ളതാണ് മിക്കവാറും എല്ലാ ഉത്പന്നങ്ങളും. ജൂട്ട് റീ ഇൻഫോഴ്സ്ഡ് ലാറ്റക്‌സ് ബബ്ബിൾഡ് ഷീറ്റ് മുഖ്യഘടകം.
ചങ്ങനാശേരിയിലും മഞ്ചേരിയിലും കോമൺ ഫെസിലിറ്റി സർവ്വീസ് സെന്റർ പ്രവർത്തിക്കുന്നു. ഗവേഷണ വിഭാഗം ചങ്ങനാശേരിയിലാണ്. സംസ്ഥാനത്തെവിടെ നിന്നുള്ളവർക്കും വ്യാവസായിക സംരംഭ ആവശ്യത്തിന് സെന്ററുകളെ സമീപിക്കാം. സംരംഭകന് അസംസ്‌കൃത വസ്തുവുമായി എത്തി സെന്ററിലെ മെഷീനുകളിൽ ഉത്പന്നങ്ങളുണ്ടാക്കി വില്പന നടത്താം. റബ്ബറും പ്ലാസ്റ്റിക്‌സും ഉപയോഗിച്ചാണ് ഈ വിഭാഗം ഉത്പന്നങ്ങളുടെ നിർമ്മാണം. കേരളത്തിൽ റബ്ബറിന്റെ മൂല്യം വർധിതമാക്കി, ഉപഭോഗവും ആവശ്യവും കൂട്ടുകയെന്നതിന് സെന്റർ പ്രാമുഖ്യം നൽകുന്നു.
Share your comments