1. ഗ്യാസ് സിലിണ്ടർ വാട്സാപ്പ് വഴിയും ബുക്ക് ചെയ്യാം. ഭാരത്, എച്ച്പി, ഇൻഡെൻ ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനും റീഫിൽ ചെയ്യുന്നതിനും വാട്സാപ്പ് മെസേജ് വഴി സാധിക്കും. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ സിലിണ്ടർ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഏജൻസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പറിൽ നിന്നും മെസേജ് അയച്ചാൽ മതിയാകും. ഇൻഡേൻ - 7588888824, ഭാരത് ഗ്യാസ് - 1800224344, എച്ച്പി - 9222201122 നമ്പറുകൾ സേവ് ചെയ്ത് വയ്ക്കണം. ബുക്കിങ്ങിനായി ആദ്യം ഹലോ എന്ന് മെസേജ് അയയ്ക്കുക, ശേഷം റീഫിൽ എന്നോ, ബുക്കിംഗ് എന്നോ മെസേജ് അയയ്ക്കാം. ഉടനടി ഓർഡർ വിവരം തിരിച്ച് ലഭിക്കും. എസ്എംഎസ്, മിസ്ഡ് കോൾ സേവനങ്ങൾ പോലെ തന്നെയാണ് കമ്പനികൾ വാട്സാപ്പ് സേവനവും നൽകുന്നത്.
2. കാർഷികരംഗത്തെ മാറ്റങ്ങൾ പഠിക്കാൻ കർഷകർക്ക് അവസരം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ വിപണി ഇടപെടലുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. പഴവർഗ കൃഷിരീതികൾ മനസിലാക്കാൻ കർഷകരെ വിയറ്റ്‌നാമിലേക്ക് അയക്കാൻ ആലോചിക്കുന്നുണ്ടെന്നും, മുൻവർഷത്തെ അപേക്ഷിച്ച് കാർഷിക മേഖലയിൽ 4.64 ശതമാനം വളർച്ച കൈവരിക്കാൻ സാധിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ: റേഷൻ കടകൾ വഴി 10 ലക്ഷം പേർക്ക് റാഗിപ്പൊടി നൽകും
3. എന്റെ കേരളം പ്രദർശന വിപണന മേളയിലെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിന്റെ സ്റ്റാളിൽ വൻതിരക്ക്. ഗ്രാമശ്രീ, കാവേരി ഇനത്തിൽപെട്ട കോഴിക്കുഞ്ഞുങ്ങളും മുട്ടകളുമാണ് വൻ വിലക്കുറവിൽ സ്റ്റാളിൽ വിൽക്കുന്നത്. ഒരു ദിവസം പ്രായമായ പൂവൻ കോഴിക്കുഞ്ഞിന് 5 രൂപയും പിടക്കോഴികുഞ്ഞിന് 25 രൂപയുമാണ് വില. 5 രൂപ നിരക്കിൽ കോഴി മുട്ടയും 2 കിലോയ്ക്ക് 10 രൂപ നിരക്കിൽ കോഴി വളവും ഇവിടെ ലഭ്യമാണ്. സർക്കാർ നിശ്ചയിക്കുന്ന വിലയിൽ ഇറച്ചി കോഴികളെയും വൽക്കുന്നുണ്ട്.
4. 20 കിലോ തക്കാളിയ്ക്ക് 30 രൂപ വില, മുംബൈയിൽ തക്കാളി വഴിയിൽ ഉപേക്ഷിച്ച് കർഷകർ. ഉൽപാദനച്ചെലവ് അധികമായതിനാൽ വിലക്കുറവ് അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് കർഷകരുടെ നിലപാട്. കഴിഞ്ഞ വർഷം 800 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോൾ ദയനീയ അവസ്ഥ തുടരുന്നത്. ആവശ്യക്കാർ കുറഞ്ഞതും വിതരണക്കാർ കൂടിയതുമാണ് കർഷകർക്ക് തിരിച്ചടിയായത്.
5. കേരളത്തിൽ ചൂട് കനക്കുന്നു. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത. മലയോര പ്രദേശങ്ങൾ ഒഴികെ ചൂട് നിറഞ്ഞ കാലാവസ്ഥ ഉണ്ടായിരിക്കും. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. കാലവർഷം ജൂൺ നാലിന് ആരംഭിക്കുമെന്നും സൂചനയുണ്ട്.
Share your comments