1. രാജ്യത്ത് പാചക വാതക സിലിണ്ടറിന് വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകൾക്ക് 14 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ എൽപിജി സിലിണ്ടറുകളുടെ ചില്ലറ വിൽപന വില 1769.50 രൂപ, കൊൽക്കത്തയിൽ 1887 രൂപ, മുംബൈയിൽ 1723.50 രൂപ, ചെന്നൈയിൽ 1937 രൂപ എന്നിങ്ങനെയാണ് നിരക്ക് ഉയർന്നത്. പുതുക്കിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. എന്നാലും വിലവർധനവ് ഹോട്ടൽ മേഖലയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.
കൂടുതൽ വാർത്തകൾ: സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതി; കൈത്തറി നെയ്‌ത്ത് തൊഴിലാളികൾക്കായി 20 കോടി രൂപ
2. കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും അപേക്ഷ ക്ഷണിക്കുന്നു. കർഷക കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവർക്ക് ഫെബ്രുവരി 7 മുതൽ ഓൺലൈനായി അപേക്ഷ നൽകാം. agrimachinery.nic.in മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. ഗ്രൂപ്പിൽ കുറഞ്ഞത് എട്ട് അംഗങ്ങൾ വേണം. ഓൺലൈൻ അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0495-2725354.
3. വിദേശവിപണി ലക്ഷ്യമിട്ട് മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് കയറ്റുമതി ആരംഭിക്കാൻ ഒരുങ്ങുകയാണ് കുന്നുകര സഹകരണ ബാങ്ക്. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി കുന്നുകരയിൽ ആരംഭിച്ച അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ഏത്തക്കായ, മരച്ചീനി എന്നിവയിൽ നിന്നും വാക്വം ഫ്രൈഡ് ചിപ്സ് ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റാണിത്. 8 ശതമാനത്തിൽ താഴെ മാത്രം ഓയിൽ കണ്ടൻ്റിൽ വിവിധ ഫ്ലേവറുകളിലായി chip-coop എന്ന ബ്രാന്റിലാണ് ഉൽപ്പന്നങ്ങൾ നിർമിക്കുക. കേരളബാങ്ക് വഴി ലഭിച്ച നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ചാണ് ബാങ്ക് സംരംഭം ആരംഭിച്ചത്. വിത്തുല്പാദനം, ടിഷ്യുകൾച്ചർ, ജൈവവള ഉല്പാദനം, റൈസ് &ഫ്ലോർ മിൽ, ഓയിൽ മിൽ, ശർക്കര/പഞ്ചസാര സംസ്കരണം എന്നിങ്ങനെ കാർഷികേതര പദ്ധതികൾക്കായാണ് ഫണ്ട് അനുവദിക്കുന്നത്.
4. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍ക്കായി ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം നൽകുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ പാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 5 മുതല്‍ 9 വരെയാണ് പരിശീലനം നടക്കുക. പ്രവേശന ഫീസ് 20 രൂപയാണ്. ആധാര്‍/ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 3 ന് വൈകീട്ട് 4 നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും: dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com , 04922 226040, 9446972314, 9896839675.
Share your comments