വിലക്കയറ്റത്താൽ പൊറുതിമുട്ടിയ സാധാരണക്കാർക്ക് അത്യധികം സന്തോഷകരമായ അറിയിപ്പാണ് കേന്ദ്ര സർക്കാരിൽ നിന്നും വരുന്നത്. രാജ്യത്ത് ഇന്ധനവില കുറയ്ക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ (Finance Minister Nirmala Sitharaman) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
പെട്രോളിന്റെയും ഡീസലിന്റെയും (Petrol and Diesel) എക്സൈസ് തീരുവ കുറയ്ക്കുന്നതിന് പുറമേ, എൽപിജി സിലിണ്ടറിന് സബ്സിഡി (LPG Cylinder Subsidy) നൽകുമെന്നാണ് അറിയിപ്പ്. രണ്ട് ദിവസം മുൻപും ഗാർഹിക എൽപിജി സിലിണ്ടറിന്റെ (Domestic LPG Cylinder) വില കൂട്ടിയ സാഹചര്യത്തിൽ, തുടർച്ചയായ വില വർധനവിൽ അടുക്കള ബജറ്റ് അവതാളത്തിലായ സാധാരണക്കാർക്ക് ഇത് ആശ്വാസകരമായ വാർത്തയാണ്.
എൽപിജി സിലിണ്ടറിന് സബ്സിഡി (Subsidy for LPG cylinder)
പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ഗുണഭോക്താക്കൾക്ക് പാചക വാതക സിലിണ്ടറിന് സബ്സിഡി അനുവദിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. അതായത്, വീടുകളിൽ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്ന് കേന്ദ്രം ശനിയാഴ്ച അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: LPG Best Offer: സൗജന്യമായും വിലയിളവിലും ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത്
ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് പ്രതിവർഷം പരമാവധി 12 സിലിണ്ടറുകൾക്ക് സബ്‌സിഡി നൽകും.
2018ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന (Pradhan Mantri Ujjwala Yojana). ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 5 കോടി കുടുംബങ്ങൾക്ക് സൗജന്യ എൽപിജി കണക്ഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലെ ഒമ്പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് കേന്ദ്രസർക്കാർ എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. ഇത് രാജ്യത്തെ അമ്മമാരെയും സഹോദരിമാരെയും സഹായിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
പെട്രോളിനും ഡീസലിനും വില കുറയും (Centre cuts excise duty on petrol and diesel)
പാചക വാതക സിലിണ്ടറിന് സബ്സിഡി അനുവദിച്ചത് കൂടാതെ, പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും എക്സൈസ് തീരുവ കുറയ്ക്കുമെന്നാണ് കേന്ദ്രത്തിന്റെ മറ്റൊരു അറിയിപ്പ്. കേന്ദ്രത്തിന്റെ ഈ തീരുമാനത്തോടെ പെട്രോളിന് ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയും.
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കാനും ഗ്യാസ് സബ്‌സിഡി നൽകാനുമുള്ള തീരുമാനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തന്നെ ട്വീറ്റിലും വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: LPG സബ്സിഡി പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ എന്ന് പരിശോധിക്കാം…
കഴിഞ്ഞ കുറച്ച് മാസങ്ങളായി പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചതിന് പുറമെ പാചകവാതകത്തിന്റെ വിലയും തുടർച്ചയായി ഉയർത്തിയിരുന്നു. ഇത് ജനങ്ങളുടെ അടുക്കള ബജറ്റിനെ സാരമായി ബാധിച്ചു. ഇതിന് പിന്നാലെ, പ്രതിപക്ഷ പാർട്ടികളും മറ്റും ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യം ഉയർത്തിയിരുന്നു.
മാത്രമല്ല, ഇന്ധനവില ഉയരുന്നതും ഗ്യാസിന്റെ വിലക്കയറ്റവും പണപ്പെരുപ്പത്തിന് കാരണമാകുന്നുവെന്ന് അടുത്ത ദിവസങ്ങളിൽ ചർച്ചാവിഷയമായിരുന്നു.
കേരളം കുറയ്ക്കുമോ? (Will Kerala cuts excise duty?)
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചതിനാൽ ഇതിന് ആനുപാതികമായി സംസ്ഥാനത്ത് പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറയും. എന്നാൽ, സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നികുതി ഇത്തവണയും കുറക്കില്ല എന്നാണ് വിവരം.
Share your comments