എം 80 മൂസ എന്ന ഹാസ്യ പരമ്പരയിലെ മൂസാക്കായിലൂടെയും മാറിമായത്തിലെ മൊയ്തു എന്ന കഥാപാത്രത്തിലൂടെയും മലയാളി മനസ്സിൽ കൂടു കൂട്ടിയ താരമാണ് വിനോദ് കോവൂർ. കോഴിക്കോട് കോവൂരുകാരൻ വിനോദ് എന്ന കലാകാരൻ ഈ കഥാപാത്രങ്ങളിലൂടെയാണ് തന്റേതായ വ്യക്തിമുദ്ര കലാരംഗത്തു പതിപ്പിച്ചത്. കഥാപാത്രങ്ങളുടെ പേരിൽ തിരിച്ചറിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായാണ് വിനോദ് കോവൂർ കാണുന്നത്. കുട്ടിക്കാലം മുതലേ കല അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗ്യമായിരുന്നു. കുഞ്ഞുണ്ണിമാഷുമായുള്ള സൗഹൃദമാണ് വിനോദ് കോവൂർ എന്ന നടനെ നമുക്ക് സമ്മാനിച്ചത്. വിനോദ് എന്ന പേര് മറ്റുള്ളവരെ വിനോദിപ്പിക്കാൻ വേണ്ടിയാണെന്നുള്ള മാഷിന്റെ വാക്കുകളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായത്. സർക്കാർ ഉദ്യോഗസ്ഥരായ മാതാപിതാക്കൾ സർക്കാർ ഉദ്യോഗം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പറഞ്ഞപ്പോഴും കലയെ അദ്ദേഹം നെഞ്ചോടു ചേർത്തു. അമ്മയിൽ നിന്ന് കിട്ടിയ കലാവാസനയാവാം അദ്ദേഹത്തിലെ കലാകാരനെ കരുത്തുറ്റതാക്കിയത്. സ്‌കൂൾ ജീവിതത്തിലും കലാലയ ജീവിതത്തിലും കലാപരമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏറെ മികവ് കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ കലാരംഗത്തേക്കുള്ള കടന്നുവരവ് നാടകങ്ങളിലൂടെയാണ്. നാടകത്തിൽ തന്റെ മികവ് തെളിയിച്ച അദ്ദേഹം കേരളോത്സവ നാടകമത്സരത്തിൽ 5 വർഷത്തോളം മികച്ച നടനായി. സാമൂഹിക പ്രസക്തിയുള്ള മൊയ്തു എന്ന കഥാപാത്രവും സാധാരണക്കാരന്റെ ജീവിതം അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ എം 80 മൂസ എന്ന കഥാപാത്രവും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു. നാടകത്തിൽ നിന്ന് പതിയെ പതിയെ മിനിസ്ക്രീനിന്റെയും ബിഗ്‌സ്‌ക്രീനിന്റെയും ലോകത്തേക്ക് അദ്ദേഹം കടന്നു ചെന്നു.
നടനായി തന്റെ മികവ് തെളിയിച്ച അദ്ദേഹം എഴുത്തിലും തന്റെ അസാമാന്യപാടവം " ജാലിയൻ കണാരൻ " എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചു. കൂടാതെ ഒട്ടനവധി ഷോർട്ട് ഫിലുമുകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറവി കൊണ്ടു. ആകസ്മികം, ആർട്ടിസ്റ്റ്, പ്രവാസിയുടെ മനസ്സ് അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ഷോർട്ട് ഫിലുമുകളുടെ നീണ്ട നിര. 'അതേ കാരണത്താൽ' എന്ന ഷോർട്ട് ഫിലിമിലെ വിനോദ് കോവൂരിന്റെ കഥാപാത്രം അന്തർധാര സമൂഹത്തിന്റെ കാണാപ്പുറങ്ങളിലേക്ക് നീട്ടിയ കണ്ണാടിയായിരുന്നു. ഈ ഷോർട്ട് ഫിലിമിലൂടെ ദേശീയ അംഗീകാരം വരെ അദ്ദേഹത്തെ തേടിയെത്തി. ഏകാഭിനയത്തിൽ അതീവ തത്പരനായ അദ്ദേഹം ഏകാഭിനയത്തിന്റെ ബാലപാഠങ്ങൾ കോർത്തിണക്കി 25 സ്ക്രിപ്റ്റുകൾ അടങ്ങുന്ന 'ഏകാഭിനയസമാഹാരം' എന്ന പുസ്തകവും 'കലോത്സവം മോണാക്ററ്' എന്ന മറ്റൊരു പുസ്തകവും രചിച്ചു. നാടൻ പാട്ടുകളോടുള്ള ഇഷ്ടവും വിനോദ് കോവൂരിനെ വ്യത്യസ്തനാക്കുന്നു. ഒരു കലാകാരൻ എന്നതിലുപരി അദ്ദേഹം മികച്ച ഒരു സാമൂഹ്യപ്രവർത്തകനും, മോട്ടിവേഷൻ ട്രെയ്‌നറും കൂടിയാണ്. എല്ലാത്തിനും ഒപ്പം നിൽക്കുന്ന സഹധർമ്മിണി ദേവു ആണ് അദ്ദേഹത്തിന്റെ ജീവിതവിജയം.
മൂസാക്കായ് എന്ന മീൻകച്ചവടക്കാരന്റെ വേഷം ഈ അതിജീവനത്തിന്റെ കാലത്തു പകർന്നാടിയ വിനോദ് എന്ന കലാകാരൻ ഇന്നീ സമൂഹത്തിനു തന്നെ പ്രചോദനമാണ്. അദ്ദേഹത്തിന്റെ പുതു സംരംഭമായ "മൂസാക്കായ് സീ ഫ്രഷ്" എന്ന മൽസ്യകട ഇതിനോടകം തന്നെ മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഈ അതിജീവനത്തിന്റെ കാലത്തു അദ്ദേഹം നേരിടേണ്ടി വന്ന പ്രതിസന്ധികളും അതിൽ നിന്ന് ഉൾകൊണ്ട ജീവിതപാഠവുമാണ് ഈയൊരു പുതു കാൽവെപ്പിനെ നിമിത്തമായതെന്ന് വിനോദ് കോവൂർ പറയുന്നു. കോവിഡും ലോക്ക്ഡൗണും എല്ലാം പല തരത്തിലുള്ള പ്രതിസന്ധികളാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. കലാരംഗത്തും അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യമായി. പല കലാകാരന്മാരും അതിജീവനത്തിനായി നൂതന മാർഗ്ഗങ്ങൾ തേടി. ചിലർ മണ്ണിലേക്കിറങ്ങി, മറ്റു ചിലർ നാല്കാലികളോട് ചങ്ങാത്തം കൂടി. അതിൽ നിന്ന് അൽപം വ്യത്യസ്‌തമായി ആണ് വിനോദ് കോവൂർ ചിന്തിച്ചത്. കോവിഡ് എന്ന മഹാമാരി ജീവിതത്തിൽ സൃഷ്‌ടിച്ച ആശങ്കകളെ മറികടക്കാൻ താൻ ജീവൻ നൽകിയ മൂസാക്കായ് എന്ന മീൻകച്ചവടക്കാരന്റെ വേഷത്തിനു കഴിയുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. " നീ മൂസക്കായ് അല്ലെ, മീൻ വിറ്റൂടെ " എന്ന സുഹൃത്തുക്കളുടെ തമാശ കലർന്ന ചോദ്യം അദ്ദേഹത്തിന്റെ ചിന്തകൾക്ക് കരുത്തു പകർന്നു. പിന്നീട് നടന്നതെല്ലാം സ്വപ്നതുല്യം എന്ന് അദ്ദേഹം പറയുന്നു. തങ്ങളുടെ, കോഴിക്കോട് തുടങ്ങാൻ പോകുന്ന പുതു സംരംഭത്തിന്റെ ഉദ്ഘാടനവേളയിലേക്ക് ക്ഷണിക്കാൻ വന്ന അഞ്ചു IT പ്രൊഫഷണലുകളാണ് അദ്ദേഹത്തിന്റെ ചിന്തകളെ യാഥാർഥ്യത്തിലേക്ക് എത്തിച്ചത്. അങ്ങനെ വിനോദ് കോവൂർ എന്ന നടൻ അവരിൽ ആറാമനായി. മലയാളത്തിന്റെ പ്രിയനടൻ മമ്മൂക്കയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ 7 തന്നെ ഈ സംരംഭത്തിന് നാന്ദി കുറിക്കാൻ അവർ തിരഞ്ഞെടുത്തു.
ഇന്ന് കോഴിക്കോട് പാലാഴിയിലെ മൂസാക്കായ് സീ ഫ്രഷിൽ കച്ചവടം പൊടിപൊടിക്കുകയാണ്. എല്ലാ തരത്തിലുള്ള മൽസ്യങ്ങളും ഇവിടെ ലഭ്യമാണ്. മൽസ്യങ്ങൾ കണ്ടറിയാനും വിലനിലവാരത്തെ കുറിച്ചറിയാനും മൂസാക്കായ് സീ ഫ്രഷിനു സ്വന്തമായി ആപ്പ് വരെ ഉണ്ട്. കുറഞ്ഞ ചുറ്റളവിൽ ആവശ്യക്കാർക്ക് മീനെത്തിച്ചു കൊടുക്കുകയും ചെയ്യും. 'റെഡി ടു കുക്ക്' എന്ന ആശയം മനസ്സിൽ ഉദിച്ചതിനാൽ മസാല പുരട്ടിയ മീനുകളും വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്. മികവാർന്ന ഇന്റീരിയർ ഡിസൈനിങ്ങും വൃത്തിയുള്ള അകത്തളങ്ങളുമാണ് ഷോപ്പിന്റെ പ്രത്യേകതകൾ. മൽസ്യബന്ധന ബോട്ടുകളുള്ള സുഹൃത്തുക്കൾ വഴി പ്രധാന ഹാർബറുകളിൽ നിന്നാണ് ഗുണമേന്മയുള്ള മൽസ്യങ്ങൾ നമ്മുടെ മുൻപിലേക്ക് എത്തുന്നത്. കെട്ടിലും മട്ടിലും ആഡംബരപ്രൗഢിയോടെ നിൽക്കുന്ന ഈ ഷോപ്പ് തികച്ചും സാധാരണക്കാർക്ക് താങ്ങാവുന്ന വില മാത്രമാണ് ഈടാക്കുന്നത്.
മീൻ സൂക്ഷിക്കുന്ന ഐസിന്റെ ഗുണനിലവാരം കൃത്യമായി ഇവിടെ വിലയിരത്തപ്പെടുന്നു. ഈ ഉദ്യമം ജനം ഏറ്റെടുത്തതോടു കൂടി കേരളത്തിലെമ്പാടും തങ്ങളുടെ ഫ്രാൻഞ്ചൈസികൾ തുടങ്ങാൻ കഴിയുമെന്ന് ഈ ആറു പേരും അടിയുറച്ചു വിശ്വസിക്കുന്നു. മീൻ കച്ചവടം മോശമെന്ന മിഥ്യധാരണ ഉള്ള ഒരു ചെറുവിഭാഗത്തിനുള്ള മറുപടിയാണ് ഈ സംരംഭത്തിന്റെ ഉജജ്വലവിജയം.
Share your comments