ആലപ്പുഴ: തീരം കാക്കാന്‍ കണ്ടല്‍ച്ചെടികള്‍ നട്ടു പിടിപ്പിക്കാനൊരുങ്ങി തുറവൂര്‍ ഗ്രാമപ്പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് പഞ്ചായത്തിലെ തീരമേഖലകളില്‍ കണ്ടല്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 800 തൊഴില്‍ ദിനങ്ങളാണ് പദ്ധതിക്കായി മാറ്റി വെച്ചിരിക്കുന്നത്. പഞ്ചായത്തിലെ ഏഴു വാര്‍ഡുകളില്‍ 1500 കണ്ടല്‍ചെടികളുള്ള നഴ്‌സറികളാണ് തയ്യാറാക്കുന്നത്.
മുളങ്കുറ്റിയില്‍ മണലും ചകിരിച്ചോറും തുല്യ അനുപാതത്തില്‍ നിറച്ചാണ് കണ്ടല്‍ വിത്തുകള്‍ പാകി വളര്‍ത്തുന്നത്. നഴ്സറിയില്‍ പരിപാലിക്കപ്പെടുന്ന ഈ കണ്ടല്‍ ചെടികള്‍ വളര്‍ച്ച എത്തിയതിനു ശേഷം അനുയോജ്യമായ മേഖലകളില്‍ നടുകയും പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യും.
അടിക്കടിയുണ്ടാകുന്ന കടലേറ്റത്തില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും സംരക്ഷണം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രന്‍ പറഞ്ഞു.
പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് ധന സഹായം
സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള മുഖാന്തിരം സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷന്‍ ഫോര്‍ ഇന്റെഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയിലൂടെ 9 മീറ്റര്‍ : 6 മീറ്റര്‍ വലുപ്പത്തിലുളള പായ്ക്ക്ഹൗസുകള്‍ സ്ഥാപിക്കാന്‍ രണ്ട് ലക്ഷം രൂപയും കണ്‍വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിംഗ്, കഴുകല്‍, ഉണക്കല്‍ എന്നീ സംവിധാനങ്ങളോടു കൂടിയ 9 മീറ്റര്‍ : 18 മീറ്റര്‍ വലുപ്പത്തിലുളള സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ 17.5 ലക്ഷം രൂപയും, മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയും, പ്രീ കൂളിംഗ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും, ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും, മൊബൈല്‍ ശീതീകരണ ശാലകള്‍ക്ക് യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും ധനസഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ – കേരളയുമായി 0471-2330856/2330867 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
മീറ്റ് ദ ഇൻവെസ്റ്റർ: 150 കോടി രൂപയുടെ നിക്ഷേപ പദ്ധതിയുമായി ക്രേയ്‌സ് ബിസ്‌കറ്റ്
പത്ത് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കും
കേരളം ആസ്ഥാനമാക്കി പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കാൻ പ്രവാസി വ്യവസായ ഗ്രൂപ്പായ ആസ്‌കോ (Azcco). ക്രേയ്‌സ് ബിസ്‌കറ്റ് (Craze) എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നതിന് 150 കോടി രൂപ ഉടൻ നിക്ഷേപിക്കുന്നതിന് വ്യവസായമന്ത്രി പി.രാജീവ് സംഘടിപ്പിച്ച മീറ്റ് ദ ഇൻവെസ്റ്റർ പരിപാടിയിൽ ധാരണയായി. അടുത്ത വർഷം പുതിയ ബിസ്‌കറ്റ് വിപണിയിലിറക്കും. 2030 ഓടെ 500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്ത് നടത്തുമെന്നും ആസ്‌കോ അറിയിച്ചു.
ഗൾഫ് നാടുകൾ കേന്ദ്രീകരിച്ച് സൂപ്പർ മാർക്കറ്റ് ശ്യംഖലകൾ നടത്തുന്ന പ്രവാസി വ്യവസായി അബ്ദുൾ അസീസിന്റെ നേതൃത്വത്തിലുള്ള വ്യവസായ ഗ്രൂപ്പാണ് ആസ്‌കോ. ക്രമാനുഗതമായി വികസിക്കുന്ന ബിസ്‌കറ്റ് വിപണിയിൽ സ്വാധീനമുറപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അബ്ദുൽ അസീസ് പറഞ്ഞു. ഉയർന്ന ഗുണനിലവാരമുള്ളതും സ്വാദിഷ്ടവുമായ 39 തരം ബിസ്‌കറ്റുകളാണ് ക്രേയ്‌സ് ബ്രാൻഡിൽ ആദ്യഘട്ടത്തിൽ തന്നെ പുറത്തിറക്കുക. കോഴിക്കോട് കെ.എസ്.ഐ.ഡി.സി യുടെ വ്യവസായ പാർക്കിൽ ക്രേയ്‌സ് ഫാക്ടറിയുടെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാക്കും. ഒരു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫാക്ടറിയിൽ ജർമൻ, ടർക്കിഷ് മെഷീനുകളും സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുക. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും നിക്ഷേപകർക്കുള്ള സഹായ നടപടികൾക്കുമായി നോഡൽ ഓഫീസറെ നിയമിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. ദീർഘദൂര യാത്രകൾക്കിടെ ഭക്ഷണത്തിനും വിശ്രമത്തിനും ഇടമൊരുക്കുന്ന ഉന്നത നിലവാരമുള്ള വിശ്രമ കേന്ദ്രങ്ങളും സൂപ്പർ മാർക്കറ്റുകളും സ്ഥാപിക്കുന്നതാണ് ആസ്‌കോ ഗ്രൂപ്പിന്റെ രണ്ടാം ഘട്ട നിക്ഷേപ പദ്ധതി.
അദാലത്ത് വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ
വ്യവസായികളെ നേരിൽ കാണാനും അവർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടുകൊണ്ട് വ്യവസായ വകുപ്പ് സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന മീറ്റ് ദ മിനിസ്റ്റർ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ഡാഷ്‌ബോർഡ് സജ്ജമായി. www.industry.kerala.gov.in എന്ന വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
പരാതിയുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും ജനങ്ങൾക്ക് വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമൊക്കെയാണ് ഡാഷ്‌ബോർഡ് തയ്യാറാക്കിയിട്ടുള്ളത.് അടുത്ത ഒരു മാസം കൊണ്ട് എല്ലാ പരാതികളും പൂർണമായും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. അദാലത്തിൽ ലഭിച്ച പരാതികളും അവയുടെ തത്സ്ഥിതി വിവരങ്ങളും ഇതിൽ ലഭ്യമാണ്. ലഭിച്ച പരാതികൾ, തീർപ്പാക്കിയ പരാതികൾ, തീർപ്പാക്കാനുള്ള പരാതികൾ എന്നിങ്ങനെ വേർതിരിച്ചുള്ള വിവരങ്ങളും ഇതിൽ ലഭ്യമാണ്.
മാരാരിക്കുളത്ത് ഇനി മുല്ല വസന്തം
ആലപ്പുഴ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മുല്ലകൃഷി നടപ്പാക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ പൈലറ്റ് പ്രോജക്ടാണിത്. കൃഷിക്ക് ആവശ്യമായ മൂന്നു ലക്ഷം മുല്ലത്തൈകള്‍ നഴ്‌സറിയില്‍ പാകമായി വരികയാണ്. ഉടന്‍ തന്നെ കൃഷിക്ക് തുടക്കം കുറിക്കും.
കുടുംബശ്രീയുടെ 200 കാര്‍ഷിക ഗ്രൂപ്പുകളാണ് കൃഷി ഏറ്റെടുത്ത് നടപ്പാക്കുക. ഒരോ ഗ്രൂപ്പിനും കുടുംബശ്രീയുടെ നഴ്‌സറികള്‍ വഴി 1500 തൈകള്‍ വീതം നല്‍കും. ബയോ ഫാര്‍മസിയില്‍ നിന്നും കൃഷിക്കാവശ്യമായ വളം ലഭ്യമാക്കും. കുടുംബശ്രീ മിഷനില്‍ നിന്നും പൂകൃഷിക്ക് സബ്‌സിഡിയും ലഭിക്കും. ഒരു കാര്‍ഷിക ഗ്രൂപ്പിന് രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാം.
10 മുതല്‍ 15 വരെ അംഗങ്ങളാണ് ഓരോ ഗ്രൂപ്പിലുമുള്ളത്. ഒരു ഗ്രൂപ്പിന് 1700 തൊഴില്‍ ദിനങ്ങളാണ് പ്രതീക്ഷിക്കുന്നത്. പരമാവധി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിലൂടെ ഗ്രൂപ്പുകള്‍ക്ക് മികച്ച വരുമാനം ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായി പറഞ്ഞു. കാര്‍ഷിക ഗ്രൂപ്പുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുകന്യ സജിമോനും അറിയിച്ചു.
ഗ്രാമ സമൃദ്ധി ഫാർമ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം
ഗ്രാമ സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനം കേന്ദ്രസഹമന്ത്രി വി മുരളീധരൻ നിർവഹിച്ചു. പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ ഗ്രാമസമൃദ്ധി എഫ് പി ഒ ചെയർമാൻ എസ് രാമചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു.
ഓഹരി സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം നെയ്യാറ്റിൻകര എംഎൽഎ ആൻസലൻ നിർവഹിച്ചു. ഇതോടൊപ്പം പാറശ്ശാലയിലെ മികച്ച കർഷകരെ കോവളം എം എൽ എ എം വിൻസന്റ് ആദരിക്കുകയും ഗ്രാമസമൃദ്ധി എഫ് പി ഒയുടെ വെബ്സൈറ്റ് ഉദ്ഘാടനം പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് കെ ബെൻ ഡാർവിൻ നിർവഹിച്ചു . കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനം, മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനം എന്നിവയാണ് കർഷക കൂട്ടായ്മകളുടെ ഉദ്ദേശലക്ഷ്യം എന്ന് ഗ്രാമ സമൃദ്ധി ഫാർമർ പ്രൊഡ്യൂസർ കമ്പനി ഉദ്ഘാടനം ചെയ്യവേ കേന്ദ്രസഹമന്ത്രി വി മുരളീധരൻ പറഞ്ഞു. പാറശ്ശാല, ഭാരതീയ വിദ്യാ പീഠം സെൻട്രൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പാറശ്ശാലയുടെ കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ നിന്നായി കമ്പനിയുടെ ഓഹരി ഉടമകൾ ആയിട്ടുള്ള 350ഓളം കർഷകർ പങ്കെടുത്തു. സിസ ജനറൽസെക്രട്ടറി ഡോ. സുരേഷ് കുമാർ സി ഫാർമർ പ്രൊഡ്യൂസർ കമ്പനി രൂപീകരണ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. കുമാരി ജോതി വിഎം ചടങ്ങിൽ കൃതജ്ഞത പറഞ്ഞു.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ജില്ലാ സംഭരണ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി (ഇൻഫ്രാസ്ട്രക്ചർ ഫെസിലിറ്റീസ് ആൻഡ് സപ്പോർട്ട് ഡിസ്ട്രിക്ട് പ്രൊക്യൂർമെന്റ് സെന്റർ) ധനസഹായം നൽകുന്നു. നാടൻ പഴം -പച്ചക്കറികൾ ശേഖരിച്ച് വിപണനം നടത്തുന്നതിന് ജില്ലാ തലത്തിൽ സൗകര്യം ഒരുക്കുന്നതിനുള്ള സംവിധാനത്തിനാണ് സാമ്പത്തികസഹായം നൽകുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനമാണ് സഹായം നൽകുന്നത്. അതായത് പരമാവധി 23 ലക്ഷം രൂപയും 2 ലക്ഷം രൂപ റിവോൾവിംഗ് ഫണ്ടും. മറ്റുള്ളവർക്ക് പരമാവധി 46 ലക്ഷം രൂപയും നാല് ലക്ഷം രൂപ റിവോൾവിംഗ് ഫണ്ടും ധനസഹായം ലഭിയ്ക്കും. സംസ്ഥാനത്തിന് മൂന്ന് യൂണിറ്റുകൾക്കാണ് ഇപ്രകാരം ധനസഹായം ലഭിയ്ക്കുന്നത്.
Share your comments