കർഷകൻറെ ക്ഷേമത്തിനുവേണ്ടി കേരള സർക്കാർ രൂപവത്കരിച്ച കേരള കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം എടുത്താൽ നിരവധി ആനുകൂല്യമാണ് ലഭ്യമാകുന്നത്. മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ കൃഷി, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ പ്രധാന ഉപജീവനമാർഗ്ഗമാക്കിയ ഏതൊരു വ്യക്തിക്കും ഇതിൻറെ ആനുകൂല്യങ്ങൾ ലഭ്യമാകും. പക്ഷേ വാർഷികവരുമാനം അഞ്ച് ലക്ഷത്തിൽ കവിയാതെ വ്യക്തികൾക്ക് മാത്രമേ ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കൂ.
പ്രതിമാസ വിഹിതം കുറഞ്ഞത് 100 രൂപയാണ് ഉയർന്ന നിരക്ക് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ ഈ നിയമപ്രകാരം വിളപരിപാലനം, ഉദ്യാന കൃഷി, ഔഷധസസ്യ പരിപാലനം, പച്ചക്കറി വളർത്തൽ, അലങ്കാര മത്സ്യങ്ങൾ വളർത്തൽ, കന്നുകാലി വളർത്തൽ തുടങ്ങിയ കൃഷി അനുബന്ധ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികൾക്ക് എല്ലാം ഈ ആക്ട് പ്രകാരം പെൻഷൻ ആനുകൂല്യങ്ങൾ അടക്കം നിരവധി ആനുകൂല്യങ്ങൾ ലഭ്യമാകും.
ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
പെൻഷൻ ആനുകൂല്യങ്ങൾ
അഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശിക ഇല്ലാതെ 60 വയസ്സ് പൂർത്തീകരിക്കുകയും ചെയ്ത കർഷകന് അടച്ച തുകയുടെയും കാലയളവിന്റെയും ആനുപാതികമായി സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന തുക പ്രതിമാസ പെൻഷൻ എന്ന നിലയിൽ ലഭിക്കും. അംഗം എന്നാണോ 60 വയസ്സ് പൂർത്തീകരിക്കുന്നത് അതിനു തൊട്ടടുത്ത മാസം മുതൽ ഇത് ലഭ്യമാകും.
ചികിത്സാസഹായം
പദ്ധതിയിലെ അംഗങ്ങൾ ബോർഡ് നിശ്ചയിക്കുന്ന ലൈഫ് ഇൻഷുറൻസ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതികളിൽ അംഗമാകേണ്ടതാണ്. കുടിശ്ശിക ഇല്ലാതെ അംഗത്വം നിലനിർത്തിപ്പോരുന്ന എല്ലാ അംഗങ്ങൾക്കും സർക്കാർ ആശുപത്രിയിലെ ബോർഡ് അംഗീകരിക്കുന്ന ആശുപത്രികളിലും ചികിത്സാ കാര്യങ്ങൾക്ക് ഒരു നിശ്ചിത തുക സഹായമായി നൽകും.
പ്രസവാനുകൂല്യം
അഞ്ചുവർഷം എങ്കിലും തുടർച്ചയായി അംശദായം അടച്ചവർക്കും, കുടിശ്ശിക ഇല്ലാതെ അംഗത്വം നിലനിർത്തിപ്പോരുന്ന വനിത അംഗങ്ങൾക്കും പ്രസവാനുകൂല്യം ആയി പരമാവധി രണ്ടുപ്രാവശ്യം ഒരു നിശ്ചിത തുക ലഭ്യമാകും.
Kerala Karshaka Kshemanidi Board benefits are available to any person whose main source of livelihood is agriculture and allied activities for a period of not less than three years.
വിവാഹ ധനസഹായം
ക്ഷേമനിധിയിലേക്ക് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും അംശാദായം അടയ്ക്കുകയും കുടിശ്ശിക കൂടാതെ അംഗത്വം നിലനിർത്തി വരികയും ചെയ്താൽ അംഗങ്ങളുടെ മക്കൾക്ക് വിവാഹത്തിന് ധനസഹായം ഇതുവഴി ലഭ്യമാകും.
ഒറ്റത്തവണ ആനുകൂല്യം
25 വർഷം മുടക്കം കൂടാതെ അംശദായം അടച്ചു പദ്ധതിയിൽ തുടർന്നാൽ ആദ്യ പെൻഷൻ ഒപ്പം അധികമായി ഒരു തുക ഒറ്റത്തവണയായി ലഭിക്കും.
വിദ്യാഭ്യാസ ധനസഹായം
കുടിശ്ശിക ഇല്ലാതെ തുടർച്ചയായി അഞ്ചു വർഷം അംശദായം അടക്കുന്ന അംഗങ്ങളുടെ മക്കൾക്ക് സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റഗുലർ കോഴ്സിന് പഠിക്കാൻ ധനസഹായം അനുവദിക്കും.
മരണാനന്തര ആനുകൂല്യം
മരണാനന്തര ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ അർഹതയുള്ള അംഗം അഞ്ചുവർഷം തുടർച്ചയായി നിധിയിൽ അംശദായം അടച്ച ആളാണെങ്കിൽ അദ്ദേഹത്തിന്റെ അവകാശികൾക്ക് വരുമാനമോ ആശ്രിതത്വമോ കണക്കിലെടുക്കാതെ ബോർഡ് തീരുമാനപ്രകാരം മരണാനന്തര ധന സഹായമായി ഒരു തുക ലഭിക്കും.
അവശത ആനുകൂല്യം
രോഗം മൂലമോ അപകടം മൂലമോ സ്ഥിരവും പൂർണവുമായ ശാരീരിക മാനസിക ആവശ്യം മൂലം യാതൊരു ജോലിയും ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷം തുടർച്ചയായി അംശദായം അടച്ച് വ്യക്തിക്ക് അവശത ആനുകൂല്യം എന്ന രീതിയിൽ ഒരു നിശ്ചിത തുക പ്രതിമാസം ലഭ്യമാകും.
കർഷക ക്ഷേമനിധി ബോർഡിൽ അംഗത്വം എടുക്കുവാൻ www.kfwfb.kerala.gov.in എന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗപ്പെടുത്തി ജോയിൻ ചെയ്താൽ മതി.
Share your comments