ഉൾനാടൻ മത്സ്യ ഉൽപാദനം വ്യാപിപ്പിക്കുന്നതിനും വിപണി ഉറപ്പാക്കുന്നതിനും അത്യാധുനിക മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. ആദ്യ ഘട്ടത്തിൽ എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാനാണ് സാധ്യത. ഒരു യൂണിറ്റിന് 10 ലക്ഷം രൂപ അടങ്കൽ തുക വരുന്ന 30 മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. കർഷകരിൽ നിന്നും ഉൾനാടൻ മത്സ്യങ്ങൾ നേരിട്ട് ശേഖരിച്ച് സർക്കാർ സ്ഥാപനമായ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ (അഡാക്ക്) വഴി ഇത്തരം കേന്ദ്രങ്ങളിലൂടെ വിൽപന നടത്താനാണ് ശ്രമം.
പഴകിയ മത്സ്യങ്ങൾ വിപണിയിലെത്തുന്നത് തടയാൻ ലക്ഷ്യം
ഉൾനാടൻ മേഖലയിലെ മത്സ്യകൃഷിയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒരു കേന്ദ്രീകൃത വിപണന സംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് അഡാക്കുമായി സഹകരിച്ച് മാർക്കറ്റിംഗ് ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നത്. കർഷകരിൽ നിന്ന് നിശ്ചിത തുക നൽകി വാങ്ങുന്ന മത്സ്യങ്ങൾക്കൊപ്പം അഡാക്കിന്റെ ഫാമുകളിൽ ഉൽപാദിപ്പിക്കുന്ന മത്സ്യങ്ങളും മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുന്നു. ലൈവ് ഫിഷ് മാർക്കറ്റിംഗ് യൂണിറ്റ്, ഫ്രഷ് ഫിഷ് സെയിൽ തുടങ്ങിയവ മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളുടെ ഭാഗമായി ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹരോഗികൾ വാഴപ്പഴം കഴിയ്ക്കാമോ?
ജില്ലാ തലത്തിൽ വിവരങ്ങൾ ശേഖരിച്ചാണ് അഡാക്ക് മത്സ്യകർഷകരെ കണ്ടെത്തുന്നത്. 10 ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളുള്ള കേരളത്തിന്റെ മത്സ്യസമ്പത്ത് വർധിപ്പിക്കാനും അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യങ്ങൾ വിപണിയിലെത്തുന്നത് തടയാനും ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഔട്ട്‌ലെറ്റുകൾ ഒരുങ്ങുന്നത്.
മാർക്കറ്റിംഗ് ഔട്ട്‌ലെറ്റുകളെ കൂടാതെ റീസർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം, ബയോഫ്ലോക്ക് മത്സ്യകൃഷി, റിസർവോയറുകളിലെ കൂട് മത്സ്യകൃഷി പദ്ധതികളും ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയിട്ടുണ്ട്. പി.എം.എം.എസ്.വൈ പദ്ധതിയിൽ വഴി ബാണാസുരസാഗർ, കാരാപ്പുഴ, പെരുവണ്ണാമൂഴി, കക്കി റിസർവോയറുകളിൽ 16 കോടി രൂപയാണ് മത്സ്യകൃഷിക്കായി ചെലവഴിക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ മത്സ്യകൃഷി വികസന പ്രവർത്തനങ്ങൾക്കായി 66.62 കോടിയും, വിത്തുൽപാദന യൂണിറ്റുകൾക്കായി അഞ്ച് കോടി രൂപയും വകയിരുത്തി.
ഫിഷറീസ് വകുപ്പിന് കീഴിൽ വിപുലമായ പദ്ധതികൾ
ശുദ്ധജല മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ വിശാല കാർപ്പ് മത്സ്യകൃഷി, പൊതുകുളങ്ങളിലെ കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും കൃഷി, ഓരു ജല മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻ കൃഷി, ഞണ്ട് കൃഷി, പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, കല്ലുമ്മേക്കായ കൃഷി, പിന്നാമ്പുറങ്ങളിലെ കരിമീൻ, വരാൽ വിത്തുൽപാദനം എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് ഫിഷറീസ് വകുപ്പ് നടപ്പിലാക്കി വരുന്നത്.
സ്വകാര്യ സംരംഭങ്ങൾക്കും വ്യക്തികൾക്കും മത്സ്യകൃഷി ആരംഭിക്കുന്നതിനായി സർക്കാർ സഹായം ലഭിക്കും. കൃഷി രീതിക്ക് അനുസരിച്ച് യൂണിറ്റ് ചെലവിന്റെ 40 ശതമാനം ധനസഹായം അനുവദിക്കുന്നു. മുൻ വർഷങ്ങളിൽ സ്ഥാപിച്ച യൂണിറ്റുകൾക്ക് പ്രവർത്തന ചെലവിന്റെ 20 ശതമാനവും ധനസഹായമായി നൽകുന്നു. മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള ഫാമുകളിലും ഹാച്ചറികളിലും മത്സ്യവിത്തുകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ അഡാക്ക് വഴിയും വിത്തുകൾ വിതരണം ചെയ്യുന്നു. ഇവിടെ നിന്ന് മിതമായ നിരക്കിൽ മത്സ്യതീറ്റയും കർഷകർക്ക് ലഭിക്കും.
Share your comments