ചോക്ലേറ്റിലെ രുചിവൈവിധ്യങ്ങളെ ഇത്രത്തോളം അടുത്തറിഞ്ഞ ഒരു മനുഷ്യന്‍ വേറെ ഉണ്ടാകില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ 10,000 തരത്തിലുള്ള ചോക്കലേറ്റ് രുചിച്ചിട്ടുണ്ട് മാര്‍ട്ടിന്‍ ക്രിസ്റ്റി എന്ന ഈ അറുപത്തിയഞ്ചുകാരന്‍. യു.കെ ആസ്ഥാനമായ അന്താരാഷ്ട്ര ചോക്കലേറ്റ് ടേസ്റ്റിങ് ഇന്‍സ്റ്റിട്യൂട്ടിന്റെ സ്ഥാപകനും, അന്താരാഷ്ട്ര ചോക്കലേറ്റ് അവാര്‍ഡിന്റെ സ്ഥാപകരില്‍ ഒരാളുമാണ് മാര്‍ട്ടിന്‍ ക്രിസ്റ്റി.
'ഒരു നല്ല ചോക്കലേറ്റ് ഒരു രുചികരമായ വൈന്‍ പോലെയോ ആസ്വാദ്യമായ കാപ്പിപോലെയോ സങ്കീര്‍ണ്ണമാണ്' ക്രിസ്റ്റി പറയുന്നു. ചില ദിവസം 150 സാമ്പിളുകള്‍ വരെ രുചിച്ചു നോക്കിയിട്ടുണ്ട്.
പാരമ്പര്യമായി കൊക്കോ കൃഷി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന് വിശ്വസിച്ചുപോന്ന രാജ്യങ്ങളല്ല നല്ല ചോക്കലേറ്റുകള്‍ ഉണ്ടാക്കുന്നത് ക്രിസ്റ്റി അഭിപ്രായപ്പെടുന്നു. അടുത്തിടെ നടന്ന ലോക ചോക്കലേറ്റ് അവാര്‍ഡില്‍ മില്‍ക്ക് ചോക്കലേറ്റ് വിഭാഗത്തില്‍ അവാര്‍ഡിന് അര്‍ഹരായത് ഒരു ചെറിയ പെറുവിയന്‍ രാജ്യമാണ്.ആമസോണില്‍ ഉല്പാദിപ്പിക്കുന്ന കൊക്കോയില്‍ നിന്ന് മില്‍ക്ക് ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന ലിമ എന്ന സ്ഥലത്തെ ഒരു വനിതയാണ് അവാര്‍ഡിന് അര്‍ഹയായത്. ഒരു ഫ്രഞ്ച് ചോക്കലേറ്റ് നിര്‍മ്മാതാവിന് നല്ല കൊക്കോ കിട്ടണമെങ്കില്‍ പെറുവിലോ മറ്റോ പോകേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ചോക്കലേറ്റ് ടേസ്റ്റിങ് കോഴ്സിന്റെ പഠന ക്ളാസ് എടുക്കാന്‍ ചെന്നൈയില്‍ എത്തിയ ക്രസ്റ്റി ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചോക്ലേറ്റുകളുടെ രുചി വൈവിധ്യം വിവിധ തരത്തിലുള്ള കൊക്കോ,അത് വളരുന്ന ഭൂപ്രദേശം ,അതിന്റെ പുളിക്കല്‍, ഉണക്കല്‍, നിര്‍മ്മാണ രീതി എന്നിവയെ ആശ്രയിച്ചിരിക്കും. കൃഷിയില്‍ ഏറ്റവും സുദീര്‍ഘമായ സമയം വേണ്ടത് കൊക്കോയ്ക്കാണ്. കൊക്കോ ഉല്‍പാദിപ്പിക്കുന്ന ഉഷ്ണമേഖല രാജ്യങ്ങളോട് കൊക്കോയുടെ മാധുര്യം തിരിച്ചു കൊണ്ടുവരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
കൊക്കോയെ അടുത്തറിയുക എന്നത് ഒരു നല്ല ചോക്കലേറ്റ് ഉണ്ടാക്കാന്‍ ഏറ്റവും ആവശ്യമായ ഒന്നാണെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ചോക്കലേറ്റ് നിര്‍മ്മാണ പ്രക്രിയയിലെന്തെങ്കിലും വൈഷമ്യം ഉണ്ടെങ്കിലോ അല്ലെങ്കില്‍ നിര്‍മ്മാണ രീതിമാറ്റണമെന്നു തോന്നുന്നുണ്ടെങ്കിലോ കര്‍ഷകരുടെ അടുത്തേക്ക് ചെന്ന് അവരുമായി കുറച്ചു സമയം ചിലവഴിക്കുക അദ്ദേഹം പറഞ്ഞു.
Share your comments