ഇടുക്കി തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായ വാഗ്ദാനവുമായി പ്രമുഖർ. പശുക്കളെ വാങ്ങാനായി കുട്ടികൾക്കും കുടുംബത്തിനും 5 ലക്ഷം രൂപയാണ് ലുലു ഗ്രൂപ്പ് കൈമാറിയത്. ഇതിനുമുമ്പ് നടന്മാരായ ജയറാം, മമ്മൂട്ട്, പൃഥ്വിരാജ് എന്നിവരും സഹായ സന്നദ്ധത അറിയിച്ചിരുന്നു. ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയും, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനും മാത്യുവിനെയും, ജോർജ് കുട്ടിയയെയും നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു.
കൂടുതൽ വാർത്തകൾ: കന്നുകാലികളിലെ ഭക്ഷ്യവിഷബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്
ഇൻഷുറൻസ് പരിരക്ഷയുള്ള 5 കറവപശുക്കളെ മാത്യുവിന് നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി ഉറപ്പുനൽകി. കുടുംബത്തിന് 45,000 രൂപ അടിയന്തര സഹായമായി മിൽമ നൽകി. കൂടാതെ, 1 മാസത്തേക്ക് കാലിത്തീറ്റ സൗജന്യമായി കേരള ഫീഡ്സ് നൽകും. നടൻ ജയറാം കുട്ടിക്കർഷകരെ നേരിട്ട് കണ്ടു. പശുക്കളെ വാങ്ങാനായി 5 ലക്ഷം രൂപയും നൽകി. മമ്മൂട്ട് 1 ലക്ഷം രൂപയും, പൃഥ്വിരാജ് 2 ലക്ഷം രൂപയും സഹായം നൽകും.
ഡിസംബർ 31 രാത്രിയിലും, ജനുവരി ഒന്നാം തീയതിയിലുമായാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി എട്ട് മണിയ്ക്കാണ് പശുക്കൾക്ക് തീറ്റ കൊടുക്കുന്നത്. ശേഷം പശുക്കൾ തളർന്നുവീഴുകയായിരുന്നു. പശുക്കൾക്ക് നൽകിയ തീറ്റയിൽ കപ്പത്തൊലിയും അടങ്ങിയിരുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സയനൈഡ് വിഷബാധയാണ് മരണകാരണമെന്നാണ് പരിശോധനയ്ക്ക് ശേഷം കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് വെറ്റിനറി ഡോക്ടർമാർ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ 13ഓളം പശുക്കളും ചത്തു. മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് 2021ൽ മാത്യുവിന് ലഭിച്ചിരുന്നു. കൂടാതെ നിരവധി പുരസ്കാരങ്ങളും ഫാമിനെ തേടിയെത്തിയിട്ടുണ്ട്.
Share your comments