കാര്‍ഷിക സര്‍വകലാശാലകളിലെ കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ജൈവകീടനാശിനികള്‍ ഉത്പാദിപ്പിക്കുമെന്ന് മന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ രണ്ടു കേന്ദ്രങ്ങളിലായി വന്‍ തോതില്‍ ജൈവകീടനാശിനിഉത്പാദിപ്പിക്കാന്‍ തീരുമാനമായി. കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ക്ക് ഇതിനാവശ്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കും. കീടനാശിനികളുടെ പരിശോധനയ്ക്ക് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ശ്രീകാര്യം സി. ടി. സി. ആര്‍. ഐയില്‍ നടന്ന കേന്ദ്ര സംസ്ഥാന സമ്പര്‍ക്ക യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി.
കേരളത്തിലെ സുഗന്ധവിളകളില്‍ കീടനാശിനി പ്രയോഗം നടക്കുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിന് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായ പ്രചാരണം നടത്തും. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഒരു മാസത്തിനകം ഐ. സി. എ. ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹപാത്രയ്ക്ക് നല്‍കും. ഫയലില്‍ നിന്ന് വയലിലേക്ക് എന്ന നൂതന ആശയം കര്‍ഷകരിലേക്ക് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ അദ്ധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ ധാരണയായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, ഐ. സി. എ. ആറിന്റെ വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍, കാര്‍ഷിക സര്‍വകലാശാലകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.
കാര്‍ഷിക മേഖലയ്ക്കുള്ള കേന്ദ്ര സഹായങ്ങള്‍ കൃത്യസമയത്ത് ലഭിക്കാന്‍ ഇത് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. നാളീകേര വര്‍ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 65 ഇന പരിപാടിയുമായി ഐ. സി. എ. ആര്‍ സഹകരിക്കും. കേരളത്തിനാവശ്യമായ മികച്ച തെങ്ങിന്‍തൈകള്‍ രണ്ടു വര്‍ഷത്തിനകം പീലിക്കോടുള്ള ഐ. സി. എ. ആര്‍ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കും. പ്രതികൂല കാലാവസ്ഥയിലും മികച്ച വിള ലഭിക്കുന്ന നെല്ലിനങ്ങളും ഉത്പാദിപ്പിക്കും. കാര്‍ഷിക സര്‍വകലാശാലയും സര്‍ക്കാരും ചേര്‍ന്ന് തയ്യാറാക്കുന്ന വിത്തു ബാങ്ക് പദ്ധതിയില്‍ ഐ. സി. എ. ആര്‍ സഹകരിക്കാനും ധാരണയായി.
മികച്ച മഞ്ഞള്‍ വിത്ത് ഐ. സി. എ. ആര്‍ ലഭ്യമാക്കും. ഓയില്‍ പാമിന്റെ ആയിരം ഹെക്ടര്‍ സ്ഥലത്ത് ഉടന്‍ മഞ്ഞള്‍ കൃഷി ആരംഭിക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ സ്‌ട്രോബറി ഉള്‍പ്പടെയുള്ള പഴവര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കും. 2018 മാര്‍ച്ചിനകം കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ ഒഴിവുകള്‍ നികത്തും. ജി. എസ്. ടിയില്‍ നിന്ന് ധാന്യവിളകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടവിള കൃഷിയിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിക്കൊപ്പം സംബന്ധിച്ച ഐ. സി. എ. ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ടി. മൊഹപത്ര പറഞ്ഞു. സംസ്ഥാന കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കറാം മീണ, ഐ. സി. എ. ആര്‍ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി എന്നിവര്‍ സന്നിഹിതരായിരുന്നു.
Share your comments