കോഴിക്കോട്: കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലെ 100 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവ.മാനസികാരോഗ്യ കേന്ദ്രം വികസന പദ്ധതികൾ സംബന്ധിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ മാസ്റ്റർ പ്ലാൻ, ഡി പി ആർ എന്നിവ വേഗത്തിൽ പൂർത്തിയാക്കി തുടർ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. മാസ്റ്റർ പ്ലാൻ, ഡി പി ആർ സംബന്ധിച്ച് നിലവിലെ പ്രവർത്തന പുരോഗതി യോഗം വിലയിരുത്തി.
ആശുപത്രിയിലേക്കുള്ള കുക്ക്, വാച്ച് മാൻ, ഹോസ്പിറ്റൽ അറ്റന്റന്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളിലേക്ക് നിയമന നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ജീവനക്കാർ വിരമിക്കുന്നതിന് മുൻപ് തന്നെ ഒഴിവു വരാൻ സാധ്യതയുള്ള തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മാനസികാരോഗ്യം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന്റെ 'ടെലി മനസ്': മന്ത്രി വീണാ ജോർജ്
പൊതു നന്മഫണ്ട് ശേഖരണം സംബന്ധിച്ച് ജില്ലയിലെ മന്ത്രിമാരുടെയും എം എൽ എമാരുടെയും നേതൃത്വത്തിൽ ഫെബ്രുവരി ആദ്യവാരം യോഗം ചേരും.
മാനസികാരോഗ്യ കേന്ദ്രത്തിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമായി 2016-ൽ രൂപീകരിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ട്രസ്റ്റിന്റെ പ്രവർത്തനവും അവലോകനം ചെയ്തു.
ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ മന്ത്രിമാരായ വീണാ ജോർജ്, പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, എ.കെ ശശീന്ദ്രൻ, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ് വാൾ, ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ (ആരോഗ്യം) ഡോ. നന്ദകുമാർ, മെഡിക്കൽ കോളേജ് അഡീഷണൽ സൂപ്രണ്ട് ഡോ. സുനിൽ കുമാർ കെ.പി, കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പീയൂഷ് എം നമ്പൂതിരിപ്പാട് (ആരോഗ്യം), മുൻ എം എൽ എമാരായ എ പ്രദീപ് കുമാർ, വി കെ സി മമ്മദ് കോയ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments