എറണാകുളം: പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കണമെന്ന് ഗായിക പി. കെ മേദിനി ടീച്ചർ പറഞ്ഞു. നവ കേരള സ്ത്രീ സദസ്സ് - മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കവെയാണ് നിർദേശം ഉന്നയിച്ചത്. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ വിവിധ ജില്ലകളിൽ യാത്ര ചെയ്ത വ്യക്തിയെന്ന നിലയിൽ ഓരോ പ്രദേശത്തിന്റെയും സാംസ്കാരിക വൈവിധ്യങ്ങൾ കണ്ട് അറിഞ്ഞിട്ടുണ്ട്.
ഗ്രാമങ്ങളിൽ നിരവധി ഗ്രാമീണ സംരംഭകരായ സ്ത്രീകളുണ്ട്. എന്നാൽ ഇവരുടെ ഉൽപ്പന്നങ്ങൾക്ക് കൃത്യമായി വിപണി കിട്ടാത്ത സാഹചര്യമുണ്ട്. ഇതിനെ മറികടക്കാൻ പ്രാദേശിക ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താൻ സർക്കാർ തലത്തിൽ പദ്ധതികൾ രൂപീകരിക്കണം.
ഗ്രാമീണ ഉൽപ്പന്നങ്ങൾക്ക് വിപണി കിട്ടാത്തത് ഗൗരവമായ പ്രശ്നമാണ്. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെ -സ്റ്റോർ പോലുള്ള പദ്ധതികൾ വഴി പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണികൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയായി പറഞ്ഞു.
ദേശീയ ജലപാത പൂർത്തിയാകുന്നതോടെ ഇരുവശങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിക്കുന്നത് വഴി പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ സാധ്യത കൈവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Share your comments