കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട വനാശ്രിത ഗ്രാമങ്ങളില്‍ വനം വകുപ്പ് ഔഷധ സസ്യ കൃഷി ആരംഭിക്കുമെന്നും ഇതുവഴി വനാശ്രിത സമൂഹങ്ങളുടെ ജീവിത നിലവാരം ഉയർത്തുമെന്നും വനം- വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. വനസംരക്ഷണ സമിതി (വിഎസ്എസ്), ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇഡിസി) എന്നിവയുടെ സഹകരണത്തോടെയായിരിക്കും ഔഷധ സസ്യ കൃഷിക്ക് തുടക്കം കുറിക്കുകയെന്നും മന്ത്രി അറിയിച്ചു.
വനാശ്രിത സമൂഹങ്ങളുടെ വരുമാനം ഔഷധ സസ്യകൃഷിയിലൂടെ വർധിപ്പിക്കുവാനും ഇതുവഴി വനാശ്രിത സമൂഹങ്ങളുടെ ജീവിത നിലവാരം ഉയർത്തുവാനും ലക്ഷ്യമാക്കിയുള്ള 'വനൗഷധ സമൃദ്ധി'പദ്ധതി ഒക്ടോബര്‍ രണ്ടിന് ആരംഭിച്ചിരുന്നു. നോർത്ത് വയനാട് ഡിവിഷനിലെ പ്ലാമൂല വന സംരക്ഷണ സമിതിയില്‍ വച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി നിർവഹിച്ചത്.
ദേവസ്വം ബോർഡ്, ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്ക്കറ്റിങ് ഡെവലപ്പ്മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ആയുർ വേദ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി വനംവകുപ്പ് നടപ്പിലാക്കുന്നത്.
ആയുർവേദ വ്യവസായ മേഖലയിലും പൊതുവിപണിയിലും ഏറെ ആവശ്യക്കാരുള്ളതും വന്യമൃഗങ്ങള്‍ നശിപ്പിക്കാത്തതുമായ മഞ്ഞള്‍, തുളസി എന്നീ ഔഷധ സസ്യങ്ങളാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കൃഷി ചെയ്യുന്നത്. ഔഷധ സസ്യകൃഷി നടപ്പിലാക്കുന്നതിനായി വനങ്ങളോട് ചേർന്ന സ്വകാര്യഭൂമി, പട്ടയഭൂമി, ആദിവാസികൾക്ക് കൈവശാവകാശരേഖ ലഭിച്ച ഭൂമി എന്നിവിടങ്ങൾ തെരഞ്ഞെടുക്കും.
ഔഷധ സസ്യകൃഷിയില്‍ ഏർപ്പെടുന്ന വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് അംഗങ്ങൾക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും കാർഷിക സർവകലാശാലയും കൃഷി വകുപ്പും നൽകുമെന്നും മന്ത്രി അറിയിച്ചു. നടീല്‍ വസ്തുക്കള്‍, പദ്ധതി ചിലവ് എന്നിവയും വനം വകുപ്പിൽ നിന്ന് ലഭ്യമാക്കും.
വിളവെടുക്കുന്ന ഔഷധ സസ്യങ്ങള്‍ മൂല്യ വർധന നടത്തി 'വനശ്രീ' എന്ന ബ്രാൻഡിൽ പൊതുസമൂഹത്തിന് ലഭ്യമാക്കുന്നതിനും വനം വകുപ്പ് പദ്ധതിയിടുന്നു.ഗ്രാമീണ വിപണികളിലുൾപ്പെടെ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഇതിലൂടെ സാധിക്കും. കൂടാതെ, വന സംരക്ഷണ സമിതി, ഇക്കോ ഡെവലപ്പ്മെന്റ് അംഗങ്ങൾക്ക് തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുവാനും വനം വകുപ്പ് ലക്ഷ്യമിടുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കമ്പിളി നാരങ്ങയ്ക്ക് ഇത്രയ്ക്ക് ആരോഗ്യ ഗുണങ്ങളോ?
Share your comments