തൊടുപുഴ:ഇഷ്ട താരത്തെ കാണാനും ചെയ്തു തന്ന സഹായങ്ങൾക്ക് നന്ദി പറയാനുമായി ഇടുക്കിയിലെ കുണ്ടളക്കുടി ഊരിൽ നിന്ന് പത്തു പേർ അടങ്ങിയ ഒരു സംഘം മെഗാസ്റ്റാർ മമ്മുട്ടിയെ കാണാൻ തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റിൽ എത്തി. മമ്മുട്ടിയുടെ സാരഥ്യത്തിൽ നടത്തുന്ന കെയർ ആൻഡ് ഷെയർ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദിവാസി ഊരുകളിൽ നടത്തുന്ന ജീവകാരുണ്യ പദ്ധതിയായ "പൂർവികം " ത്തിൽ ഉൾപ്പെടുത്തിയാണ് ആദിവാസി സമൂഹത്തിലെ തെരഞ്ഞെടുത്തവർക്കു തൊഴിൽ ഉപകരണം നൽകുന്ന ചടങ്ങു സംഘടിപ്പിച്ചത്.
അർഹത പെട്ടവരെ കണ്ടെത്തിയതു മൂന്നാർ ജനമൈത്രി പോലീസിന്റെ സഹായത്താലാണ്. രണ്ടു ലക്ഷത്തിൻെറ കാർഷികോപകരണങ്ങൾ തൂമ്പ, കുട്ട, അരിവാൾ എന്നിവ ഇരുപത്തഞ്ചു പേർക്കുള്ളതു ഇവർക്കായി മമ്മൂട്ടി നൽകി. ബാക്കി കുടിയിൽ എത്തിക്കുമെന്നും മമ്മൂട്ടി അവരോട് പറഞ്ഞു. ഊരുമൂപ്പൻ കാണി ചിന്നസ്വാമി, രാജ, രാമചന്ദ്രൻ,സെന്തിൽ, സന്തോഷ്, വാസു, ജയകുമാർ, നായനാർ, മണി, പരമേശ്വരൻ എന്നിവരാണ് കുണ്ടളകുടിയിൽ നിന്നും എത്തിയത്.
ദൂരക്കൂടുതൽ മൂലം സ്ത്രീകളെ കൊണ്ടുവരാനായില്ല എന്ന് അവർ പറഞ്ഞു. ഇങ്ങോട്ടു പുറപ്പെടുന്ന വഴിയിൽ ആന ഇറങ്ങിയതിനാൽ വളരെ വൈകിയാണ് മലങ്കര ഡാമിൽ അവർ എത്തിയത്. വൈകി എത്തിയ അവർക്കായി കാത്തിരുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിർത്തിവച്ചു അവർക്കു തൂമ്പ, കുട്ട, അരിവാൾ എന്നിവ സമ്മാനയിച്ചു. കാർഷികോപകരണങ്ങൾ സ്വീകരിച്ചതിനു ശേഷം അവർ തങ്ങളുടെ ഇഷ്ടതാരത്തിനായി കൃഷിയിടത്തിൽ നിന്ന് കൊണ്ടുവന്ന മത്തനും, ബട്ടർബീൻസും കാരറ്റ് ഉം നൽകിയത് വളരെ സ്നേഹത്തോടെയാണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്.
നല്ല ഇനം വിത്തു കിട്ടുമോയെന്നു അദ്ദേഹം അവരോടു ചോദിച്ചു. ഊരിലേക്കു വേണ്ടതെന്തൊക്കെ എന്നും, പഠിച്ച കുട്ടികൾ എത്ര പേര് ഉണ്ട് എന്നും ആശുപത്രികളിൽ പോകേണ്ടി വരുമ്പോൾ എവിടെയാണ് പോകാറുള്ളത് എന്നുമൊക്കെ ചോദിച്ചു മനസ്സിലാക്കി. വീഡിയോ കോണ്ഫെൻറെൻസിങ്‌ലൂടെ ആശുപത്രികളിൽ നിന്നും ഊരുകളിൽ ചികിത്സ ലഭ്യമാക്കുന്ന നടപടികൾ ചെയ്യാമെന്നും മമ്മൂട്ടി അവർക്കു ഉറപ്പു നൽകി. തുടർന്ന് കെയർ ആൻഡ് ഷെയർ നടത്താൻ ഉദ്ദേശിക്കുന്ന തുടർ പദ്ധതികളെ ക്കുറിച്ചു പത്രക്കാരോടായി അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.
ഊരിലെത്തി ഈ പദ്ധതിയുടെ തുടർച്ച നോക്കികാണുമെന്നു കെയർ ആൻഡ് ഷെയർ ന്റെ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് മരോട്ടിപ്പുഴ പറഞ്ഞു.നിലവിൽ" ഹൃദയസ്പർശം "എന്ന പേരിൽ പിന്നാക്ക കുടുംബങ്ങളിൽ പെട്ടവർക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്.ലഹരിമരുന്നുകൾക്കെതിരെ സ്കൂൾ കോളേജ് തലത്തിൽ ബോധവത്കരണം നടത്തുന്നതിനായി "വഴികാട്ടി "എന്ന പേരിൽ ഒരു പദ്ധതിയും ഉണ്ട്. "വിദ്യാമൃതം" പദ്ധതി വഴി അനാഥാലയങ്ങളിൽ കഴിയുന്ന പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് പ്ലസ് ടു കഴിഞ്ഞുള്ള പഠനത്തിന് .സഹായം ചെയ്യുന്നു. "സുകൃതം" പദ്ധതിയിലൂടെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയുമായി ചേർന്ന് പാവപ്പെട്ട കുടുംബങ്ങളിൽ ഉള്ളവർക്ക് കിഡ്‌നി മാറ്റിവയ്ക്കൽ ചികിത്സ സൗജന്യമായി നടത്തികൊടുക്കുന്നുണ്ട് എന്നും ഫാദർ തോമസ് പറഞ്ഞു.
രണ്ടു വർഷം കൊണ്ടാണ് ഈ പദ്ധതി പൂർത്തിയാക്കുക. നിലവിൽ പതിനാറു പേർക്ക് ചികിത്സ സഹായം ലഭിച്ചിട്ടുണ്ട്. "പൂർവികം" പദ്ധതി ആദിവാസികുടുംബങ്ങളിൽ സഹായങ്ങൾ ചെയ്യുന്നതിനായുള്ളതാണ്. ഇടമലക്കുടിയിൽ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ വർഷം ഒന്നര ലക്ഷം രൂപ ചിലവിട്ടു. ജനമൈത്രി പോലീസ് വഴിയാണ് ആദിവാസി കുടുംബങ്ങളിൽ കൃഷി ഉപകരണങ്ങൾ വേണമെന്ന് അറിഞ്ഞത്. പോലീസ് തന്നെയാണ് കുണ്ടളക്കുടി തെരഞ്ഞെടുത്തതും അർഹരായവരെ കണ്ടെത്തി എത്തിച്ചതും. പോലീസ് നൽകുന്ന സഹായ സഹകരങ്ങൾ വളരെ നന്ദിയോടെ ഓർക്കുന്നു എന്നും ചടങ്ങു ഉദ്‌ഘാടനം ചെയ്യ്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു. കെയർ ആൻഡ് ഷെയർ ന്റെ ചീഫ് പാട്രൺ ആയ മമ്മൂട്ടിയെ കൂടാതെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ സാരഥി കെ മുരളീധരൻ, ഫാദർ തോമസ് മരോട്ടിപ്പുഴ, റോയ് മാത്യൂസ്, ജോർജ്,ഗീവര്ഗീസ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചിരുന്നു. എല്ലാവരും ചേർന്ന് ഊരിൽ നിന്നെത്തിയവർക്കൊപ്പം ഫോട്ടോയും എടുത്തു. ഷൂട്ടിങ് കാണാൻ ആഗ്രഹം അറിയിച്ച അവരെ മമ്മൂട്ടി തന്റെ " പരോൾ" എന്ന സിനിമയുടെ സെറ്റിൽ കൊണ്ടുപോയി കാണിക്കുകയും ചെയ്തു. വളരെ സന്തോഷത്തോടെയാണ് തങ്ങൾ തിരിച്ചു പോകുന്നത് എന്ന് പറഞ്ഞാണ് കുണ്ടളകുടിയിൽ നിന്നെത്തിയവർ ഊരിലേക്കു മടങ്ങിയതു.
കെ ബി ബൈന്ദ
കൃഷി ജാഗരൺ
ഫോട്ടോ: സാജു അത്താണി
Share your comments