തിരുവനന്തപുരം: കുടുംബശ്രീ സംരംഭങ്ങള്‍ക്ക് കരുത്തേകാൻ എം.ഇ.ആർ.സി. വനിതകളുടെ കൂട്ടായ്മയായ കുടുംബശ്രീ പ്രസ്ഥാനം 25-ാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്ററുകൾ (എം.ഇ.ആർ.സി) ആരംഭിക്കുന്നു. കുടുംബശ്രീ സംവിധാനത്തിന്റെ നിലവിലെ ഘടനയിലും പ്രവർത്തനങ്ങളിലും ഭേദഗതി വരുത്തി ബ്ലോക്ക് തലത്തിൽ ഉപജീവന പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കാന്‍ ആവിഷ്കരിച്ച പദ്ധതിയാണിത്.
കൂടുതൽ വാർത്തകൾ: PM Kisan ഗുണഭോക്താക്കൾക്ക് ആധാർ അനുസരിച്ച് പേര് മാറ്റാം
നെടുമങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്റർ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എംബി രാജേഷ് നിര്‍വഹിച്ചു. പ്രാദേശിക സാമ്പത്തിക വികസനം കൈവരിക്കാനുള്ള ഉപാധിയായി മൈക്രോ എന്റർപ്രൈസ് റിസോർസ് സെന്റർ പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. "കുടുംബശ്രീ പ്രസ്ഥാനം കഴിഞ്ഞ 25 വർഷം കൊണ്ട് അതിന്റെ ലക്ഷ്യം നിറവേറ്റി. സാമ്പത്തിക സ്വാശ്രയത്തിലൂടെയുള്ള ദാരിദ്ര്യ നിർമാർജനമായിരുന്നു കുടുംബശ്രീയുടെ പ്രധാന ലക്ഷ്യം. അത് പ്രാവർത്തികമായിക്കഴിഞ്ഞു.
ഇനി വരുമാന വർധനവാണ് ലക്ഷ്യം. ഇതിനായി ബ്ലോക്ക് തലത്തിൽ ഒരു ഏകജാലക സംവിധാനം ഉണ്ടാക്കും. യഥാര്‍ഥ ഉപഭോക്താക്കളെ കണ്ടെത്തല്‍, സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സഹായം ഉറപ്പു വരുത്തല്‍, വായ്പകള്‍ക്ക് ആവശ്യമായ വിവിധ അനുമതികള്‍ നേടിയെടുക്കാന്‍ സഹായിക്കല്‍ എന്നിവയാണ് എം.ഇ.ആർ.സിയുടെ ലക്ഷ്യം. ബ്ലോക്ക് തലത്തില്‍ മേഖലാതല കണ്‍സോര്‍ഷ്യം രൂപീകരിക്കല്‍, നൂതന സംരംഭ മാതൃകകള്‍ രൂപീകരിക്കല്‍ തുടങ്ങിയവയും ലക്ഷ്യങ്ങൾ," മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയര്‍പെഴ്സണ്‍ ശ്രീജ സി എസ് സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി. അരുവിക്കര എം.എല്‍.എ ജി സ്റ്റീഫന്‍, വിവിധ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.
Share your comments