പാലുൽപ്പാദനത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയെ പ്രളയം സാരമായി ബാധിച്ചു. പ്രതിദിനം കാൽ ലക്ഷം ലിറ്റർ പാൽ കുറഞ്ഞു. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മൂലം പശുക്കൾ ചത്തതും തീറ്റപ്പുൽ കുറഞ്ഞതുമാണ് പാലുൽപ്പാദനം കുറയാൻ കാരണം.
ക്ഷീരമേഖലയിൽ 10 കോടിയുടെ നഷ്ടമുണ്ടായി. വയനാട് ജില്ലയിലെ ക്ഷീരകർഷക മേഖലയിൽ 10 കോടിയുടെ നഷ്ടം സംബന്ധിച്ച് ക്ഷീര വികസന വകുപ്പിന്റെ റിപ്പോർട്ട് നൽകി. ശരാശരി രണ്ടര ലക്ഷം ലിറ്റർ പാലുൽപാദനമുള്ള വയനാട് ജില്ലയിൽ പ്രതിദിനം 25000 ലിറ്റർ പാലിന്റെ കുറവാണ് കണക്കാക്കുന്നതെന്ന് വയനാട് ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള സൈമൺ പറഞ്ഞു.കൂടാതെ 1000 ഹെക്ടർ കൃഷിയിടവും, 200 ൽ പരം പശുക്കളും നഷ്ടമായിട്ടുണ്ട്. പ്രളയകാലത്തെ നഷ്ടത്തിന്റെ സർവ്വേ പൂർത്തിയായ ശേഷമാണ് നഷ്ടത്തിന്റെ കണക്ക് പുറത്തുവിട്ടത്.
ഇതാദ്യമായാണ് ക്ഷീരമേഖലയിൽ ഇത്തരമൊരു വൻ നഷ്ടമുണ്ടായത്. മൂന്ന് ആഴ്ച്ച പാൽ സംഭരണം ഭാഗികമായും മൂന്ന് ദിവസം പൂർണ്ണമായും തടസ്സപ്പെട്ടു.ഈ പ്രതിസന്ധിയിൽ നിന്നും കർഷകരെ കരകയറ്റുന്നതിനായി പ്രവർത്തനങ്ങൾ നടത്താനെരുങ്ങുകയാണ് ക്ഷീര വികസന വകുപ്പ്. വൈക്കോൽ സൗജന്യമായി നൽകുക,സബ്സിഡികൾ ഏർപ്പെടുത്തുക, കാലി തീറ്റകൾ സൗജന്യമായി നൽകുക, ക്ഷീരകർഷകർക്ക് പ്രത്യേക കൺവെൻഷൻ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് പ്രധാന്യം നൽകുന്നതെന്ന് സൈമൺ പറഞ്ഞു.
ഏക വരുമാന മാർഗ്ഗമായ പശുക്കൾ ചത്തുപോയതോടെ പ്രതിസന്ധിയിലായ ക്ഷീര കർഷകരെ സഹായിക്കുന്നതിന് " സ്പോൺസർ എ കൗ" എന്ന പദ്ധതിയിലൂടെ അഭ്യൂദയകാംക്ഷികളിൽ നിന്ന് സഹായം ലഭ്യമാക്കുന്ന പദ്ധതിക്ക് കൽപ്പറ്റ ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനോടകം ഈ പദ്ധതിയിലൂടെ നിരവധി പേർ പശുക്കളെ വാങ്ങി നൽകാൻ തയ്യാറായിട്ടുണ്ടന്ന് ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫീസർ വി.എസ്. ഹർഷ പറഞ്ഞു.
കടബാധ്യതയുള്ള ക്ഷീരകർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് ഡയറി ഫാം ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രതിസന്ധി മറികടക്കാൻ സർക്കാർ സഹായിച്ചില്ലങ്കിൽ വയനാടിന്റെ ക്ഷീരമേഖല ഉടൻ തകരുമെന്ന് കർഷകർ പറയുന്നു.
Share your comments