തൃശ്ശൂർ: ചെറുതല്ല ധാന്യം മില്ലറ്റ് വിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണെന്നും 2025 നവംബര്‍ ഒന്നിന് കേരളം അതി ദരിദ്രരില്ലാത്ത നാടായി മാറുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഹരിത പെരുമാറ്റ ചട്ടം പാലിച്ച് ശുചിത്വം, മാലിന്യ സംസ്‌കരണം, ജല സുരക്ഷ, ഊര്‍ജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളില്‍ കാര്യക്ഷമവും, മാതൃകാപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തില്‍ എ, എ പ്ലസ് ഗ്രേഡുകള്‍ നേടിയ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്‍.കെ അക്ബര്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ആരോഗ്യ പരിപാലനരംഗത്ത് ചെറുധാന്യങ്ങള്‍ക്കുള്ള പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിന് സംസ്ഥാന മില്ലറ്റ് മിഷന്റെ സഹകരണത്തോടെ കര്‍ഷകര്‍ക്കുള്ള വിത്ത് വിതരണ ഉദ്ഘാടനവും നടന്നു. നൂറ് ശതമാനം വാതില്‍പ്പടി ശേഖരണം നടത്തുന്ന ഹരിതകര്‍മ്മ സേനകള്‍ക്ക് മാതൃകാപരമായ പിന്തുണ നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ജനപ്രതിനിധികളെയും ചടങ്ങില്‍ ആദരിച്ചു.
ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ എന്‍.കെ അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് വിശിഷ്ടാതിഥിയായി. കുന്നംകുളം നഗരസഭാ അധ്യക്ഷ സീത രവീന്ദ്രന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അഷിത, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ സി. ദിദിക, പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ത്രിതല പഞ്ചായത്ത് പ്രതിധിനികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്വച്ഛ് സര്‍വേക്ഷന്‍ 2024: സ്വച്ഛ് വാര്‍ഡുകളുടെ പ്രഖ്യാപനം നടത്തി
മാലിന്യ സംസ്‌കരണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി മാലിന്യ സംസ്‌കരണത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന ഗുരുവായൂര്‍ നഗരസഭയിലെ വാര്‍ഡുകളെ റവന്യൂ മന്ത്രി കെ. രാജന്‍ സ്വച്ഛ് വാര്‍ഡുകളായി പ്രഖ്യാപിച്ചു. ചടങ്ങില്‍ ഗുരുവായൂര്‍ ഉത്സവനാളുകളില്‍ ഹരിത ചട്ടം അനുസരിച്ച് ഗ്രീന്‍ വളണ്ടിയര്‍മാരായി പ്രവര്‍ത്തിച്ച വിവിധ കോളേജുകളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കും കോളേജുകള്‍ക്കുമുള്ള അനുമോദനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി.
ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങില്‍ എന്‍.കെ. അക്ബര്‍ എംഎല്‍എ അധ്യക്ഷനായി. ഗുരുവായൂര്‍ നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share your comments