1. മികച്ച കർഷകർക്ക് 1,000 രൂപ വിലയുള്ള പാൽപാത്രം സമ്മാനമായി നൽകുമെന്ന് മിൽമ. 2023-24-സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ പാലളന്നിട്ടുള്ള മൂന്ന് കർഷകർക്ക് വീതമാകും, മേഖലാ യൂണിയൻ പാൽപാത്രം സമ്മാനമായി നൽകുന്നതെന്ന് ചെയർമാൻ എം.ടി. ജയൻ അറിയിച്ചു. 1,000 രൂപ വിലയുള്ള പത്ത് ലിറ്റർ ശേഷിയുള്ള പാത്രമാകും സമ്മാനമായി നൽകുന്നത്. എറണാകുളം മേഖലാ യൂണിയന്‍റെ പ്രവർത്തന പരിധിയിൽ വരുന്ന കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ അംഗ സംഘങ്ങളായ ആയിരത്തോളം ക്ഷീരസംഘങ്ങളിലെ കർഷകർക്കാണ് സമ്മാനം നേടാനുള്ള അവസരം ലഭിക്കുക. മിൽമ എറണാകുളം മേഖലാ യൂണിയനെ നാഷണൽ ഡയറി ഡെവലപ്മെൻറ് ബോർഡ് ദക്ഷിണേന്ത്യയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന യൂണിയനായി തിരഞ്ഞെടുത്തിരുന്നു. ഇതിന്‍റെ ഭാഗമായി ലഭിച്ച എട്ടുകോടി രൂപ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് 20,000 പാൽപാത്രം വീതം കർഷകർക്ക് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
2. കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കും നല്‍കുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണനിലവാരം കൊണ്ടുവരികയും അന്താരാഷ്ട്ര വിപണിയിലെ വിപണനസാധ്യത കൂട്ടുകയും പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത 'കേരള ബ്രാന്‍ഡ്' പദ്ധതിയ്ക്ക് തുടക്കം. ആറ് വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേരള ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നല്‍കിയത്. തിരുവനന്തപുരം ഹിൽട്ടൺ ഗാർഡനിൽ സംഘടിപ്പിച്ച പരിപാടി വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ സംരംഭകരെ കൈപിടിച്ചുയർത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഉത്പന്നങ്ങൾക്ക് കേരളബ്രാൻഡിങ് നൽകുന്നതെന്നും ഗുണനിലവാരം, എത്തിക്കൽ ഉത്പാദനം എന്നിവയെ ആധാരമാക്കി നൽകുന്ന മെയ്ഡ് ഇൻ കേരള ബ്രാൻഡിങ് സംസ്ഥാനത്തെ സംരംഭകർക്ക് വലിയ ആത്മവിശ്വസം പകരുമെന്നും മന്ത്രി പി. രാജീവ് ഉദ്‌ഘാടനകർമത്തിൽ പറഞ്ഞു. അടുത്ത ഘട്ടത്തിൽ കുടിവെള്ളം, ഫുട് വെയർ, നെയ്യ്, തേൻ എന്നിവ അടക്കം 14 ഉത്പന്നങ്ങൾക്ക് കൂടി സർട്ടിഫിക്കേഷൻ നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. 24-ാം തീയതി വരെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. 25-ാം തീയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന് രാത്രി 11.30 വരെ 2.7 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിലെ അഗത്തി, അമിനി തീരങ്ങൾക്കും ഉയർന്ന തിരമാല ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണമെന്നും കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു.
Share your comments