രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുമ്പോൾ കേരളം കണികണ്ടുണരുന്ന നന്മയും ത്രിവർണം ചൂടുന്നു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി ത്രിവർണം നിറച്ച് മില്‍മയും (Milma). ഇന്ന് മുതൽ 16 വരെ പുറത്തിറങ്ങുന്ന മിൽമ പാലിന്റെ കവറിൽ ത്രിവർണ പതാക ആലേഖനം ചെയ്യും.
സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്‌നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറുകളിൽ ത്രിവര്‍ണ പതാകയുടെ (Tricolour flag) ചിത്രം ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം, കേരളത്തിലെ ജനങ്ങൾ ഏറ്റവും കൂടുതൽ പാലും പാലുത്പന്നങ്ങളും ഉപയോഗിക്കുന്ന സമയമാണ് ഓണക്കാലം. ഓണക്കാലത്തെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കാനുള്ള നീക്കം തുടങ്ങിയതായി മിൽമ ചെയർമാൻ കെ.എസ് മണി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കർണാടക മിൽക്ക് ഫെഡറേഷൻ ചെയർമാനുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഹര്‍ ഘര്‍ തിരംഗക്ക് തുടക്കം
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കമായി.
രാജ്യത്തെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയർത്തും. ഇന്ന് മുതല്‍ സ്വാതന്ത്ര്യ ദിനം വരെ മൂന്ന് ദിവസങ്ങളിലായാണ് രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും ഏകോപനത്തിലായിരിക്കും പരിപാടി നടത്തുന്നത്.
കേരളത്തിൽ കുടുംബശ്രീയുടെ ത്രിവർണം
കേരളത്തിലെ വീടുകളിൽ ഉയർത്താൻ ത്രിവർണ പതാകകൾ നിർമിക്കുന്നത് കുടുംബശ്രീയാണ്. വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലും ഉയർത്തേണ്ട പതാകകൾ നിർമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബശ്രീയോട് നിർദേശിച്ചിരുന്നു.
കുടുംബശ്രീക്ക് കീഴിലുള്ള 700ഓളം തയ്യൽ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങൾ പതാക തയാറാക്കുന്ന തിരക്കിലാണ്. ഏഴു വ്യത്യസ്ത അളവുകളിൽ ഫ്ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണു ദേശീയ പതാകകൾ നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് കുടുംബശ്രീയുടെ നേതൃത്വത്തിൽ തന്നെ പതാകകൾ സ്‌കൂളുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, ഭൂരിഭാഗം സ്കൂളുകളിലും കുടുംബശ്രീ പതാക എത്തിച്ചിട്ടില്ല എന്നതാണ് പുതിയ വാർത്തകൾ.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യത്തൊഴിലാളികൾക്ക് 'അറിവ്' നൽകാൻ ഫിഷറീസ് വകുപ്പ് ബോധവത്ക്കരണം സംഘടിപ്പിക്കും
കുടുംബശ്രീ നൽകിയ പതാകകൾ വികലവും മോശപ്പെട്ടതുമാണെന്നും ആരോപണം ഉയരുന്നു. അതായത്, ദേശീയ പതാക നിർമിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളില്ലാത്ത പതാകകളാണ് കുടുംബശ്രീ സ്കൂളുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചെന്നതാണ് വിമർശനം. പതാകകളുടെ കൃത്യമായ അളവ് പാലിച്ചിട്ടില്ലെന്നും, കൂൾഡ്രിങ്ക്സ് സ്ട്രോകൾ ഉപയോഗിച്ചാണ് അവ നിർമിച്ചിട്ടുള്ളതെന്നും പറയുന്നു. അരികുകൾ കീറിപ്പറഞ്ഞ നിലയിലും, അശോകചക്രം മാഞ്ഞ രീതിയിലുമുള്ള പതാകകളും വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്നാണ് ആരോപണം.
Share your comments