വേനൽ അടുത്തതോടെ സംസ്ഥാനത്ത് പാൽ ക്ഷാമം രൂക്ഷമാകുകയാണ്. പാൽ പ്രതിസന്ധി പരിഹരിക്കാൻ പുതിയ നടപടിയുമായി മിൽമ. പാൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ അന്യസംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യാനാണ് മിൽമയുടെ തീരുമാനം. സ്വകാര്യ ഡയറികളെയും ഇതിനായി ആശ്രയിക്കും. അതേസമയം, പാൽ വില ഉയർത്തില്ലെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി.
കർണാടകയിൽ നിന്നുള്ള പാൽ വരവ് കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. തെക്കൻ കേരളത്തിലാണ് പാൽ പ്രതിസന്ധി പ്രകടമായിയിരിക്കുന്നത്. അതിനിടെയാണ് പ്രതിസന്ധി പരിഹരിക്കാൻ മഹാരാഷ്ട്ര ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ പാൽ സഹകരണ സംഘങ്ങളെ സമീപിക്കാൻ മിൽമ ഒരുങ്ങുന്നത്. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ പാൽ പ്രതിസന്ധി ഇതിലും രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട് തന്നെ സ്വാകാര്യ ഡയറികളെയും ആശ്രയിക്കാനാണ് തീരുമാനമെന്ന് മിൽമ ചെയർമാൻ വ്യക്തമാക്കി. മാത്രമല്ല, കാലികളിലെ ലാംബിസ് രോഗം പാൽ കർഷകരെ ദുരിതത്തിലാഴ്ത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതിദിനം 12 ലക്ഷം ലിറ്റർ പാലാണ് വിവിധ പാൽ സൊസൈറ്റികൾ വഴി മിൽമ സംഭരിച്ചിരുന്നത്. ഇതോടൊപ്പം കേരളത്തിലെ പാൽ ഉപയോഗം കണക്കിലെടുത്ത് 2.5 ലക്ഷം ലിറ്റർ കർണാടകയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ, നിലവിൽ ഇറക്കുമതി 1 ലക്ഷം ലിറ്ററായി കുറഞ്ഞ സാഹചര്യമാണ് പാൽ പ്രതിസന്ധിക്ക് കാരണം.
Share your comments