കൃഷിദർശൻ പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് മന്ത്രി പി പ്രസാദ്
കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന കൃഷിദർശൻ പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു.
1. ദിനംപ്രതി കുതിച്ചുയരുന്ന മണ്ണണ്ണ വില വർദ്ധനവിൽ തകർന്നടിഞ്ഞ് മത്സ്യതൊഴിലാളികൾ. മാസങ്ങൾ മുമ്പ് 80 മുതൽ 86 രൂപ വരെ മത്സ്യഫെഡിന്റെ പമ്പുകൾ വഴി വിതരണം ചെയ്ത് കൊണ്ടിരുന്ന മണ്ണെണ്ണ ഇപ്പോൾ 124 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്.വിലവർദ്ധനവിന് അനുസൃതമായ മാറ്റം സബ്‌സിഡിയിൽ വരുത്താത്തതും മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ സബ് സിഡിയായി തൊഴിലാളികൾക്ക് ലഭിക്കുന്നത് വെറും 25രൂപ മാത്രമാണ്. 2014ൽ മണ്ണെണ്ണയ്ക്ക് 50 രൂപയായിരുന്നപ്പോൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 25 രൂപ സബ്സിഡിയാണ് ഇപ്പോഴും തൊഴിലാളികൾക്ക് ലഭിക്കുന്നത്.
2. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി, ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ തിരുമുപ്പം 17-ാം വാർഡിൽ നടന്ന കേര സമിതി രൂപീകരണ യോഗം ആലങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വിൻസെൻ്റ് കാരിക്കാശ്ശേരി ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റൻ്റ് SK. ഷിനു പദ്ധതി വിശദ്ധീകരണം നടത്തി.കേരഗ്രാമം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലേക്കായി വാർഡ് തല കേര സമിതി രൂപീകരിച്ചു.
3. കൃഷി വകുപ്പ് മന്ത്രിയും കൃഷിവകുപ്പിലെ സംസ്ഥാനതല ഉദ്യോഗസ്ഥരും സംസ്ഥാനത്തെ കാർഷിക ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകരോട് സംവദിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന കൃഷിദർശൻ പദ്ധതിക്ക് നാളെ തുടക്കം കുറിക്കുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ഒല്ലൂക്കര ബ്ലോക്കിലാണ് ഒക്ടോബർ 25 മുതൽ 29 വരെ സംസ്ഥാനത്തെ ആദ്യ കൃഷിദർശൻ സംഘടിപ്പിച്ചിട്ടുള്ളത്. പി. ബാലചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി കെ രാജൻ മണ്ണുത്തി വെറ്ററിനറി സർവകലാശാല ഗ്രൗണ്ടിൽ കാർഷിക പ്രദർശനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കൃഷിദർശൻ ആരംഭിക്കും. അഞ്ച് ദിവസങ്ങളിലായി നടത്തുന്ന കാർഷിക പ്രദർശനത്തിൽ കാർഷിക സർവകലാശാല ഉൾപ്പെടെ വിവിധ ഗവേഷണ കേന്ദ്രങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഉണ്ടായിരിക്കും.
4. കൃഷിക്ക് ഒപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആലങ്ങാട് സർവ്വീസ് സഹകരണ ബാങ്കിനു കീഴിൽ SHG ഗ്രൂപ്പിലെ കർഷകനായ ബിനു കരിയാട്ടിയുടെ കൃഷിയിടത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം കയർ നിയമ വ്യവസായ വകുപ്പു മന്ത്രി P രാജീവ് ഉദ്ഘാടനം ചെയ്തു.ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് PM മനാഫ് അദ്ധ്യക്ഷത വഹിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കർഷകർ ഏറ്റെടുത്തതിൽ സന്തോഷമുണ്ടെന്നും. ആലങ്ങാട് ശർക്കര വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആലങ്ങാട് സഹകരണ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകയാണെന്നും P.രാജീവ് പറഞ്ഞു.
5. അനധികൃതമായി മുൻ ഗണനാ റേഷൻ കാർഡുകൾ ഉപയോഗിക്കുന്നവരെ കണ്ട് പിടിച്ച് പൊതു വിതരണ വകുപ്പിൻ്റെ ഓപ്പറേഷൻ യെല്ലോ.. ഇതിൻ്റെ ഭാഗമായി 351 മുൻഗണനാ കാർഡുകൾ പിടികൂടുകയും അനർഹമായി റേഷൻ വാങ്ങിയതിന് 4,21,580 രൂപ പിഴയും ഈടാക്കുകയും ചെയ്തു. മുൻഗണനാ കാർഡ് പിഴയില്ലാതെ തിരിച്ചേൽപ്പിക്കാൻ സർക്കാർ 2021 ജൂലൈ മാസം വരെ അവസരം നൽകിയിരുന്നു. അതിനു ശേഷവും ആനുകൂല്യം കൈപ്പറ്റിയവരിൽ നിന്നാണ് പിഴ ഈടാക്കിയത്. 1 കിലോ അരിക്ക് 40 രൂപ വില നിശ്ചയിച്ച് ഒരു വർഷം വാങ്ങിയ സാധനങ്ങളുടെ തുകയാണ് ഈടാക്കുന്നത്.
6. ചെങ്ങന്നൂർ പെരുമയ്ക്ക് മാന്നാറിൽ തുടക്കം കുറിച്ചു. ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിന് മന്ത്രി പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഗോവ ഗവർണർ പി എസ്സ് ശ്രീധരൻ പിള്ള ചെങ്ങന്നൂർ പെരുമയുടെ മണ്ഡല തല ഉദ്ഘടാനം നിർവ്വഹിച്ചു. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാ അഥിതിയായി. ചെങ്ങന്നൂർ പെരുമയുടെ ചെയർമാനും എം എൽ എ യുമായ സജി ചെറിയാൻ ഏവർക്കും സ്വാഗതമോതിയ ചടങ്ങിൽ ബ്ലോക്ക്, പഞ്ചായത്ത് തല നേതാക്കളും മറ്റ് രാഷ്ട്രീയ സമുദായിക നേതാക്കളും പങ്കെടുത്തു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
7. ജില്ലാ കൃഷിഭവനുകള്‍ മുഖാന്തിരം ഫാം പ്ലാന്‍ അധിഷ്ഠിത കൃഷി സമ്പ്രദായം നടപ്പിലാക്കുന്നതിനായി കൃഷി മുഖ്യവരുമാന മാര്‍ഗ്ഗമായിട്ടുള്ളതും സ്വന്തമായി കൃഷിസ്ഥലമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. ഒക്ടോബര്‍ 31നകം അപേക്ഷകള്‍ അതത് കൃഷിഭവനുകളില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0 4 7 4 2 7 9 5 0 8 2 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
8. വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കീഴിലുള്ള ജില്ലാ ഗവ. ഹോമിയോ ആശുപത്രിയില്‍ 'തുമ്പൂര്‍മുഴി' മോഡല്‍ കമ്പോസ്റ്റിംഗ് യൂണിറ്റും, മുലയൂട്ടല്‍ കേന്ദ്രവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.ആശുപത്രിയിലെ ജൈവ മലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുള്ള സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് ശ്വശാത പരിഹാരമുണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. നിലവില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ ആശുപത്രിയില്‍ നടക്കുന്നുണ്ട്. അടുത്ത ഘട്ട വികസനത്തിനായി 30 ലക്ഷം രൂപ കൂടെ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു അധ്യക്ഷത വഹിച്ചു.
9. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ജില്ലാ തല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മിന്നൽ പരിശോധന നടത്തി സ്‌പോട്ട് ഫൈൻ ഈടാക്കാനും ലൈസൻസ് റദ്ദ് ചെയ്യാനുമുൾപ്പെടെ അധികാരമുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നത്.സംസ്ഥാനത്താകെ 23 സ്‌ക്വാഡാണ് ആദ്യഘട്ടത്തിൽ നിയോഗിക്കപ്പെടുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ ഒരു സ്‌ക്വാഡും മറ്റ് ജില്ലകളിൽ രണ്ട് സ്‌ക്വാഡ് വീതവുമാണ് പ്രവർത്തിക്കുക.
10. 2030-ഓടെ രാജ്യത്തെ ഭക്ഷ്യ വ്യവസായത്തിന്റെ 85 ശതമാനവും പ്രാദേശികവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്നതായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം. ഭക്ഷ്യ ഇറക്കുമതിക്ക് സൗദി അറേബ്യ പ്രതിവര്‍ഷം ചെലവിടുന്നത് 70 ബില്യണ്‍ റിയാലാണെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ സൂപ്പര്‍വൈസര്‍ ജനറല്‍ ഡോ. അലി അല്‍-സബാന്‍ പറഞ്ഞു. വ്യവസായ സംരംഭകര്‍, നിക്ഷേപകര്‍, ചെറുകിട- ഇടത്തരം സംരംഭങ്ങളുടെ ഉടമകള്‍ക്കും ഭക്ഷ്യമേഖലയില്‍ നിരവധി അവസരങ്ങളാണ് ഒരുക്കുന്നതെന്നും, അവർക്ക് മികച്ച പിന്തുണ നല്‍കുന്നതായും മന്ത്രാലയം പറഞ്ഞു.
11. സംസ്ഥാനത്ത് ഇന്ന് മഴ ദുർബലമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപെട്ട സ്ഥലങ്ങളിൽ, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ, ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
English Summary: Minister P Prasad said that the Krishidarshan project will be started tomorrow
Share your comments