ആലപ്പുഴ: ഭക്ഷണ രീതികളില്‍ മാറ്റം കൊണ്ടുവരേണ്ടത് രോഗങ്ങളില്‍ നിന്നും രക്ഷ നേടുന്നതിന് ആവശ്യമാണെന്നും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളുമില്ലാത്ത പാനീയമാണ് തേന്‍ എന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ്. രാജ്യത്തെ ആദ്യ പൊതുമേഖലാ തേനീച്ച വളര്‍ത്തല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റ് ചേര്‍ത്തല കളവംകോടത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തേനീച്ച വളര്‍ത്തലിന്റെ എല്ലാ ഉപകരണങ്ങളും ലഭിക്കുന്ന നിലയിലുള്ള സംവിധാനമാണ് വയലാറില്‍ ഒരുക്കിയിട്ടുള്ളതെന്നും ഇത് കേരളത്തിലെ ആദ്യത്തേതാണെന്നും മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ ശുദ്ധമായ തേന്‍ ശീലമാക്കണം. ഏറ്റവും ഗുണമേന്മയുള്ള തേനീച്ച പെട്ടികളാണ് ഹോട്ടികോര്‍പ്പ് വഴി ഇവിടെ നല്‍കുന്നത്. വേറെ എവിടെ കിട്ടുന്നതിലും മിതമായ നിരക്കില്‍ ഉപകരണങ്ങള്‍ ലഭ്യമാക്കും.
മികച്ച വരുമാനം ലഭിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ സഹായകമാകും. ഇവിടത്തെ കര്‍ഷകര്‍ ശേഖരിക്കുന്ന അത്രയും തേന്‍ സംഭരിക്കാനുള്ള നടപടികള്‍ ഹോര്‍ട്ടികോര്‍പ് ഏറ്റെടുക്കും. ഇന്ത്യയ്ക്ക് ആകെ മാതൃകയാകുന്ന നല്ലൊരു യൂണിറ്റായി ഇതിനെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. തേനിന്റെ ഔട്ട്‌ലെറ്റും ഹോര്‍ട്ടികോര്‍പ്പിന്റെ തേനുമായി ബന്ധപ്പെട്ട മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പ്രത്യേകമായി വിപണനം ചെയ്യുന്ന കേന്ദ്രവും ചേര്‍ത്തലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍ അഡ്വ. എസ്. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന അവാര്‍ഡ് ലഭിച്ച തേനീച്ച കര്‍ഷകരെ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് ആദരിച്ചു. ഉപകരണങ്ങളുടെ ആദ്യ വില്‍പ്പന വയലാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനര്‍ജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജി നായര്‍, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അര്‍ച്ചന ഷൈന്‍, ഗ്രാമപഞ്ചായത്ത് അംഗം ദീപക് വി. ദാസ്, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് അംഗം ടി.ടി. ജിസ്‌മോന്‍, ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവ്, ഹോര്‍ട്ടികോര്‍പ്പ് റീജിയണല്‍ മാനേജര്‍ ബി. സുനില്‍, ഗുജറാത്ത് നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റോമി ജേക്കബ്, ജില്ല കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് സുജ ഈപ്പന്‍, പൂനെ ദേശീയ തേനീച്ച ഗവേഷണ പരിശീലന കേന്ദ്രം പ്രോജക്ട് ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ഡെയ്‌സി തോമസ്, ഹോര്‍ട്ടികോര്‍പ് ജില്ല മാനേജറും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ കെ.സിന്ധു, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തേനീച്ച കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ഉയര്‍ന്ന നിലവാരമുള്ള ഉപകരണം വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ പൊതുമേഖലയിലെ ആദ്യത്തെ പ്ലാന്റാണിത്. തേനീച്ചക്കൂടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ യന്ത്രങ്ങളും കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡക്ട്സ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഹോര്‍ട്ടികോര്‍പ്പ്) കീഴിലുള്ള ഈ യൂണിറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. തേനീച്ചവളര്‍ത്തല്‍ പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി നാഷണല്‍ ബി കീപ്പിംഗ് ആന്‍ഡ് ഹണി മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് തേനീച്ചവളര്‍ത്തല്‍ ഉപകരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചത്.
തേനിച്ചവളര്‍ത്തല്‍ ഉപകരണങ്ങളായ തേനീച്ചകൂടുകള്‍, തേനെടുപ്പുയന്ത്രം, പുകയന്ത്രം, തേനടക്കത്തി, മുഖാവരണി, പെട്ടിക്കാല്‍, റാണിക്കൂട്, റാണി വാതില്‍, ഡിവിഷന്‍ ബോര്‍ഡ് എന്നിവ നിര്‍മ്മിച്ച് കര്‍ഷകര്‍ക്ക് വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയാണിത്.
പരിപാടിയോടനുബന്ധിച്ച് ചേര്‍ത്തല ടൗണ്‍ ഹാളില്‍ ഒക്ടോബര്‍ 20, 21 തീയതികളില്‍ തേനീച്ചവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സംസ്ഥാനതല സെമിനാറും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബീ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ പൂനൈ, നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡ് ഗുജറാത്ത്, കേരള കാര്‍ഷിക സര്‍വ്വകലാശാല, തമിഴ്നാട് കൃഷിവകുപ്പ്, ഗവ.ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ നേതൃത്വത്തിലാണ് ക്ലാസ്സുകള്‍.
Share your comments