<
  1. News

ജില്ലയിലെ ഹരിതകര്‍മ സേനക്ക് ഇനി 'കറണ്ട് വേഗം', ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി മന്ത്രി രാജേഷ്

2024ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യസംസ്‌കരണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മനോഭാവത്തില്‍ ജനങ്ങള്‍ മാറ്റം വരുത്തണം.

Meera Sandeep
ജില്ലയിലെ ഹരിതകര്‍മ സേനക്ക് ഇനി 'കറണ്ട് വേഗം', ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി മന്ത്രി രാജേഷ്
ജില്ലയിലെ ഹരിതകര്‍മ സേനക്ക് ഇനി 'കറണ്ട് വേഗം', ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി മന്ത്രി രാജേഷ്

തിരുവനന്തപുരം: 2024ഓടെ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. മാലിന്യസംസ്‌കരണം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മനോഭാവത്തില്‍ ജനങ്ങള്‍ മാറ്റം വരുത്തണം. ഇതിനായി ജനപ്രതിനിധികള്‍ ശക്തമായ ഇടപെടല്‍ നടത്തണം. ബോധവത്കരണത്തിനൊപ്പം നിയമലംഘകര്‍ക്കെതിരെ മുഖം നോക്കാതെയുള്ള കര്‍ശന നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തയ്യാറാകണം.

അങ്ങനെ വന്നാല്‍ ശുചിത്വ കേരളമെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ശുചിത്വകേരളമെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള കേരളത്തിന്റെ പോരാളികളാണ് ഹരിത കര്‍മ സേനയെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ഹരിത കര്‍മ സേനക്കുള്ള ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇലകമണ്‍, മാറനല്ലൂര്‍, ഒറ്റൂര്‍, നഗരൂര്‍, പനവൂര്‍, ചെങ്കല്‍, മടവൂര്‍, കുറ്റിച്ചല്‍, കരവാരം, മലയിന്‍കീഴ്, കാഞ്ഞിരംകുളം, പുല്ലംപാറ, നാവായിക്കുളം, പോത്തന്‍കോട്, വാമനാപുരം, കടക്കാവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വര്‍ക്കല നഗരസഭക്കുമാണ് ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറിയത്.

മാലിന്യസംസ്‌കരണരംഗത്ത് വാതില്‍പ്പടി സേവനം 100 ശതമാനം കവറേജ് കൈവരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കര്‍മ സേനക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കിയത്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം കൃത്യമായി തരംതിരിക്കുന്നതിനായി എം.സി.എഫുകളിലേക്ക് എത്തിക്കുന്നതിനാകും ഈ വാഹനം പ്രധാനമായും ഉപയോഗിക്കുക. ഇതോടെ ജില്ലയിലെ 52 തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മസേനകള്‍ക്ക് ഇലക്ട്രിക് വാഹനമായി. മറ്റിടങ്ങളില്‍ വാടകക്കെടുത്ത വാഹനങ്ങളാണ് ഓടുന്നത്. ഇതൊഴിവാക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ വര്‍ഷത്തോടെ ഇലക്ട്രിക് വാഹനങ്ങളെത്തിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷനായി. വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം ലാജി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, ഹരിത കര്‍മ സേനാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പിയാജിയോയുടെ ഇലക്ട്രിക് എഫ്എക്‌സ് മാക്‌സ് എന്ന വാഹനങ്ങളാണ് ഹരിതകര്‍മ സേനക്ക് കൈമാറിയത്. ഒറ്റച്ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം ഓടാന്‍ കഴിയും. 12 കുതിരശേഷിയുള്ള മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിന് 573 കിലോ ഭാരം വഹിക്കാനുമാകും. എട്ട് കിലോവാട്ട് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ നാല് മണിക്കൂര്‍ സമയം വേണം. മൂന്ന് വര്‍ഷത്തേക്കുള്ള സര്‍വീസും കമ്പനി നല്‍കും.

English Summary: Minister Rajesh handed over electric vehicles to district's Green Karma Sena

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds