തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് വിവിധ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ഏഴ് പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും ഒരു ഹോസ്റ്റൽ ബ്ലോക്കിന്റെയും ഫിഷർമെൻ യൂട്ടിലിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിരുവനന്തപുരം വലിയതുറ ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന പരിപാടിയിൽ പുതിയ ഹോസ്റ്റൽ ബ്ലോക്കിന്റെ ഉദ്ഘാടനം നേരിട്ടും ഏഴ് സ്‌കൂൾ കെട്ടിടങ്ങൾ, ഒരു യൂട്ടിലിറ്റി സെന്റർ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായുമാണ് നിർവഹിച്ചത്.
മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസ രംഗത്ത് നേരിടുന്ന പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, വിദ്യാർത്ഥികളെ ഉന്നതവിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുക, പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ വിവിധ കർമ്മ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ച് സമയബന്ധിതമായി നടപ്പാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് പുതിയ സ്‌കൂൾ കെട്ടിടങ്ങൾ നിർമിച്ചത്.
ജി.യു.പി.എസ് കീക്കാൻ, ജി.എച്ച്.എസ്.എസ് പാക്കം, ജി.എം.യു.പി.എസ് പള്ളിക്കര (കാസർകോഡ്), ജി.എച്ച്.എസ്.എസ് ഇടവിലങ്ങ് (തൃശൂർ), ജി.യു.പി.എസ് ചിറയ്ക്കകം(എറണാകുളം) , ജി.യു.പി.എസ് തകഴി (ആലപ്പുഴ) എന്നിവ കിഫ്ബി ധനസഹായത്തോടെയും ജി.എച്ച്.എസ്.എസ് മുഴുപ്പിലങ്ങാട് (കണ്ണൂർ), വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഹോസ്റ്റൽ ബ്ലോക്ക് എന്നിവ ഫിഷറീസ് വകുപ്പിന്റെ മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യവും മാനവശേഷി വികസനവും എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്. ഫിഷർമെൻ യൂട്ടിലിറ്റി സെന്റർ പദ്ധതിയിലുൾപ്പെടുത്തി കാസർകോഡ് അജാനൂരിൽ നിർമിച്ച യൂട്ടിലിറ്റി സെന്ററിന് 94.09 ലക്ഷം രൂപയാണ് ചെലവായത്.
ജില്ലയിലെ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 1967ലാണ് വലിയതുറ ജി.ആർ.എഫ്.ടി.എച്ച്.എസ് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തനം ആരംഭിച്ചത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ 120 കുട്ടികളും വൊക്കേഷണൽ വിഭാഗത്തിൽ 54 കുട്ടികളുമാണുള്ളത്. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കൽ പദ്ധതിയിലുൾപ്പെടുത്തിയാണ് പുതിയ ഹോസ്റ്റൽ കെട്ടിടം നിർമിച്ചത്. പഴയ ഹോസ്റ്റൽ കെട്ടിടത്തിന്റെ നവീകരണം, പഴയ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലെ ഓഡിറ്റോറിയം, കുളിമുറികൾ, വസ്ത്രം കഴുകി ഉണക്കുന്നതിനുള്ള സംവിധാനം, വാഷിംഗ് മെഷീൻ, അടുക്കള ഉപകരണങ്ങൾ, ലബോറട്ടറിക്കാവശ്യമായ ഫർണിച്ചറുകളും ഉപകരണങ്ങളും, ക്ലീനിംഗിനും ഫയർ ഫൈറ്റിംഗിനും ആവശ്യമായ ഉപകരണങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തീരദേശ വികസന കോർപ്പറേഷൻ മുഖേന 4.66 കോടി രൂപ അടങ്കൽ തുകയിൽ 5 ക്ലാസ് മുറികൾ, 10 ലാബുകൾ, ലൈബ്രറി, ഓഫീസ്മുറി, സ്റ്റാഫ് റൂം, ശുചി മുറികൾ എന്നിവ ഉൾപ്പെട്ട ഒരു അക്കാഡമിക്ക് ബ്ലോക്ക് നിർമാണം പൂർത്തിയായി പ്രവർത്തന സജ്ജമാണ്.
ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ചടങ്ങിൽ അധ്യക്ഷനായി.
Share your comments