തീരദേശ മേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ നേരില്‍ മനസ്സിലാക്കുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന തീരസദസ്സ് മന്തരി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. താനൂര്‍, തിരൂരങ്ങാടി നിയോജകണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് ഇന്നും വള്ളിക്കുന്ന്, തവനൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ക്ക് നാളെയുമാണ് സദസ്സുകള്‍ നടക്കുക. സംസ്ഥാന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പു മന്ത്രി സജി ചെറിയാന്‍ തീരസദസ്സുകള്‍ ഉദ്ഘാടനം ചെയ്യും.
മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനും സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലും നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലും തീരദേശ സദസ്സുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ പൊന്നാനി, തിരൂര്‍ മണ്ഡലങ്ങളിലെ തീരദേശ സദസ്സുകള്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങളും പരാതികളും വിശകലനം ചെയ്തുകൊണ്ടും പരിഹാരങ്ങള്‍ കണ്ടെത്തിയുമുള്ള ഒരു സമഗ്രമായ വേദിയെന്ന നിലയിലാണ് തീരസദസ്സ് വിഭാവനം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ആദ്യ ഭാഗത്ത് അതത് പ്രദേശത്തെ ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രാദേശികമായുള്ള പ്രശ്‌നങ്ങളും വികസന സാധ്യതകളും വിശകലനം ചെയ്യും. അദാലത്തിന് സമാനമായി ഉടനടി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നങ്ങള്‍ അവിടെവെച്ചുതന്നെ പരിഹരിക്കുകയും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും.
താനൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി ഇന്ന് രാവിലെ 9.30 മുതല്‍ 11 വരെ താനൂര്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാവേദിയും തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മൂലക്കല്‍ അറേബ്യന്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വെച്ച് തീരസദസ്സും നടക്കും. ചടങ്ങില്‍ കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യാതിഥിയാവും.
തിരൂരങ്ങാടി മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്ക് ഇന്ന് വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ പരപ്പനങ്ങാടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാ വേദിയും തുടര്‍ന്ന് വൈകീട്ട് ഏഴ് വരെ പരപ്പനങ്ങാടി കൊടപ്പാളി ജാസ് ഓഡിറ്റോറിയത്തില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍ കെ.പി.എ മജീദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.
വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്നുള്ളവര്‍ക്കായി നാളെ (ജൂലൈ 4) രാവിലെ 9.30 മുതല്‍ 11 വരെ ആനങ്ങാടി ശ്രീ ആര്‍ക്കേഡില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാ വേദിയും തുടര്‍ന്ന് ഒരു മണി വരെ ആനങ്ങാടി ഡാസല്‍ അവന്യു ഓഡിറ്റോറിയത്തില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഡോ. അബ്ദുസ്സമദ് സമദാനി എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.
തവനൂര്‍ മണ്ഡലത്തിലുള്ളവര്‍ക്കായി നാളെ വൈകീട്ട് മൂന്ന് മുതല്‍ 4.30 വരെ പടിഞ്ഞാറെക്കര സിറാജുല്‍ ഹുദ മദ്രസയില്‍ ജനപ്രതിനിധികളുടെ ചര്‍ച്ചാവേദിയും തുടര്‍ന്ന് വൈകീട്ട് ഏഴ് വരെ പടിഞ്ഞാറെക്കര സീസോണ്‍ റിസോര്‍ട്ടില്‍ തീരസദസ്സും നടക്കും. ചടങ്ങില്‍ ഡോ. കെ.ടി ജലീല്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും.
ബന്ധപ്പെട്ട വാർത്തകൾ: ദേവസ്വം ആനകൾക്കുള്ള സുഖചികിൽസ മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
Share your comments