രാജ്യത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലാണ് സംസ്ഥാനത്തെ മൃഗസംരക്ഷണ മേഖലയില്‍ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇ-സമൃദ്ധ മൊബൈല്‍ ആപ്പിന്റെ പ്രകാശനവും, വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഓമല്ലൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കന്നുകാലികളെ തിരിച്ചറിയുന്നതിനായി ടാഗിംഗ് (ചെവിയില്‍ ടാഗ് ഘടിപ്പിക്കല്‍) ചെയ്യുന്നുണ്ട്.
നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ഉപയോഗിച്ചുവരുന്നത്. ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും പ്ലാസ്റ്റിക് ടാഗിംഗ് ചെയ്യുന്ന ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ഇത്രയും കാര്യങ്ങള്‍ മുന്നില്‍ കണ്ടാണ് ആര്‍എഫ്ഐഡി എന്ന സംവിധാനത്തിലേക്ക് സംസ്ഥാനം മാറുന്നത്. ഈ നൂതന പദ്ധതിക്ക് ജില്ലയില്‍ തുടക്കം കുറിക്കാന്‍ സാധിച്ചുവെന്ന കാര്യത്തില്‍ വലിയ സന്തോഷമുണ്ടെന്നും, ക്ഷീരവികസന വകുപ്പിനെ ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് സുരക്ഷ - ജീവന്‍ സുരക്ഷയ്ക്ക് അനിവാര്യം
മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇ.ജി. പ്രേം ജയിന്‍ ഇ-സമൃദ്ധ പദ്ധതി വിശദീകരണം നടത്തി. അതിനൂതനമായ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായ ആനിമല്‍ ഐഡന്റിഫിക്കേഷന്‍ ട്രേസബിലിറ്റി സംവിധാനത്തിലൂടെ ഓരോ മൃഗങ്ങളുടേയും വിശദാംശങ്ങള്‍ അടങ്ങിയ ബൃഹത്തായ ഒരു ആനിമല്‍ ഡേറ്റാബേസ് സൃഷ്ടിക്കാന്‍ കഴിയും.
ഇത്തരത്തില്‍ ശേഖരിക്കുന്ന ഡാറ്റ പിന്നീട് ഡാറ്റ അനലറ്റിക്സ് ബ്രീഡിംഗ് മാനേജ്‌മെന്റ്, പെഡിഗ്രി റെക്കോര്‍ഡ് സൃഷ്ടിക്കല്‍, രോഗനിരീക്ഷണം, ഇ-വെറ്ററിനറി സര്‍വീസ്, ഇന്‍ഷുറന്‍സ് അധിഷ്ഠിത സേവനങ്ങള്‍ ഭാവിപ്രവര്‍ത്തനങ്ങളുടെ ആസൂത്രണം എന്നിവയ്ക്കായി ഉപയോഗിക്കാം. അതിനാലാണ് സംസ്ഥാനത്തുടനീളമുള്ള കൃഷിക്കാരുടെ വിവരങ്ങളും അവരുടെ മൃഗങ്ങളുടെ വിവരങ്ങളും ശേഖരിക്കുന്നതിനും ഓരോ മൃഗങ്ങളെ തിരിച്ചറിയുന്നതിനുമായി ആര്‍.എഫ്.ഐ.ഡി (റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ടാഗിങ്ങും ജി.ഐ.സ് മാപ്പിംഗും ഉള്‍പ്പെടുത്തി ഒരു പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ അധിഷ്ഠിതമായ അനിമല്‍ ട്രേസബിലിറ്റി ആന്‍ഡ് ഹെല്‍ത്ത് മാനേജ്‌മെന്റ് സിസ്റ്റം) കേരളാ പുനര്‍ നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കാന്‍ കേരളാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.
ഇ-സമൃദ്ധ എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതി ഉന്നംവയ്ക്കുന്ന ലക്ഷ്യം നേടണമെങ്കില്‍ ഉരുക്കളുടെ ജീവിത കാലയളവില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ടതും അത് ജീവിതാവസാനം വരെ നിലനില്‍ക്കുന്നതുമായ ഒരു തിരിച്ചറിയല്‍ സംവിധാനം കൂടി ഒരുക്കണം.
കന്നുകാലികളെ തിരിച്ചറിയുന്നതിനായി നിലവില്‍ പ്ലാസ്റ്റിക് ടാഗുകളാണ് ചെവിയില്‍ ഘടിപ്പിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ടാഗ് ചെയ്യുമ്പോള്‍ ചെവിയുടെ ഭാഗത്ത് അണുബാധ ഉണ്ടാകുന്നതിനും, ടാഗിംഗ് ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ് ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. മാത്രമല്ല, ഇവ സ്വമേധയാ നഷ്ടപ്പെടുന്നതിനും കൃത്രിമമായി നീക്കം ചെയ്യുന്നതിനും സാധിക്കും.
ഇത്തരത്തില്‍ ടാഗുകള്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ മൃഗങ്ങളെ തിരിച്ചറിയുന്നത് അസാധ്യമാണ്. ആയതിനാല്‍ പകരം നടപ്പിലാക്കാന്‍ പോകുന്ന ഒരു പുതിയ തിരിച്ചറിയില്‍ സംവിധാനമാണ് ആര്‍എഫ്‌ഐഡി അഥവാ മൈക്രോചിപ്പ് ടാഗിംഗ്. ചടങ്ങില്‍ തല്‍സമയം പശുവിന് മൈക്രോചിപ്പ് ഘടിപ്പിച്ചു. കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയും മൃഗസംരക്ഷണ മേഖലയും എന്ന വിഷയത്തില്‍ സെമിനാര്‍ നയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാക്കും, കടകളിൽ ടോൾ ഫ്രീ നമ്പർ: പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്
Share your comments