ഒക്കൽ സർവീസ് സഹകരണ ബാങ്ക് അഗ്രോ ഫുഡ്സ് മില്ലിന്റെ ശിലാസ്ഥാപനവും സാങ്കേതിക വിദ്യാധിഷ്ഠിത നൂതന കാർഷിക പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. നാടിന്റെ പുരോഗതിയിൽ സഹകരണ മേഖല നിർണായക പങ്കാണ് വഹിക്കുന്നതെന്നും സഹകരണ മേഖലയിൽ മൂല്യ വർദ്ധിത ഉൽപന്നങ്ങൾ നിർമ്മിച്ച് വിപണനം ചെയ്യുന്ന പദ്ധതികൾ വിജയകരമായി പുരോഗമിക്കുകയാണെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു.
നമ്മുടെ നാടിന്റെ ജൈവ വൈവിധ്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങൾ വിപണിയിൽ എത്തിക്കുന്നതെന്നും കാർഷിക മേഖലയ്ക്ക് ഏറെ സഹായകരമാകുന്ന പദ്ധതി കൂടിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾ: PM KISAN: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിങ്ങൾക്കും അപ്ഡേറ്റ് ചെയ്യാം
സഹകരണ സ്ഥാപനങ്ങൾ വഴി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനാണ് കോ ഓപ് മാർട്ടുകൾ യാഥാർത്ഥ്യമാക്കുന്നത്. കേവലം വായ്പ നൽകുക, നിക്ഷേപം സ്വീകരിക്കുക എന്നതിന് പുറമെ എല്ലാ രംഗത്തും ഒരുപോലെ സഹായമെത്തിക്കുകയാണ് സഹകരണ പ്രസ്ഥാനങ്ങൾ ചെയ്യുന്നത്. സാധാരണക്കാരന് ഒരാവശ്യം വന്നാൽ അവർ ഓടിയെത്തുന്നത് സഹകരണ സ്ഥാപനങ്ങളിലേക്കാണ്. എല്ലാ തരത്തിലും മികച്ച പ്രവർത്തനങ്ങളാണ് ഒക്കൽ സർവീസ് സഹകരണ ബാങ്ക് കാഴ്ചവയ്ക്കുന്നതെന്നും കൂടുതൽ ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിച്ചു മുന്നോട്ട് പോകാൻ ബാങ്കിന് കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങിൽ ഒക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വി മോഹനൻ അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, മുൻ എം.എൽ. എ സാജു പോൾ, ട്രാവൻകൂർ സിമന്റ്‌സ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, യുവജന കമ്മീഷൻ അംഗം
ഡോ. പ്രിൻസി കുര്യാക്കോസ്, മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് വി.പി ശശീന്ദ്രൻ, കുന്നത്തുനാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം രാമചന്ദ്രൻ, ബാങ്ക് ഡയറക്ടർ കെ.ഡി ഷാജി, ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി ലാലു, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Share your comments