കുരുമുളകിൻ്റെ ഇറക്കുമതിക്കുള്ള കുറഞ്ഞ വില (എംഐപി) കിലോയ്ക്ക് 500 രൂപയായി നിലനിർത്തിയും ഇറക്കുമതി ചെയ്തു മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഇളവനുവദിച്ചും കേന്ദ്ര വാണിജ്യമന്ത്രാലയം പുതിയ ഉത്തരവിറക്കി.നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുരുമുളകിൻ്റെ അനധികൃത കടത്ത് നാടൻ കുരുമുളകിൻ്റെ വിലയിൽ പ്രത്യാഘാതമുണ്ടാക്കുന്നുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണു കേന്ദ്രസർക്കാർ കയറ്റിറക്കമതി നയഭേദഗതിക്ക് മുതിർന്നത്.
വില, ഇൻഷുറൻസ്, ചരക്കുകൂലി എന്നിവ ഉൾപ്പെടുന്ന ‘സിഐഎഫ്’ കിലോഗ്രാമിന് 500 രൂപയിൽ കുറവുള്ള കുരുമുളകിൻ്റെ ഇറക്കുമതി വിലക്കിക്കൊണ്ട് 2018 മാർച്ച് 21നു വിദേശ വ്യാപാര ഡയറക്ടർ ജനറൽ (ഡിജിഎഫ്ടി) ഉത്തരവിറക്കിയിരുന്നു.എന്നാൽ ചില കയറ്റിറക്കുമതി സ്ഥാപനങ്ങൾ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങിയതിനാൽ വിദേശ വ്യാപാര ഡയറക്ടർ ജനറൽ പുതിയ ഉത്തരവിറക്കുകയായിരുന്നു.
പുതിയ ഉത്തരവനുസരിച്ചു കയറ്റുമതിയധിഷ്ഠിത ഇറക്കുമതി സ്ഥാപനങ്ങൾക്കു കർശന നിയന്ത്രണങ്ങളോടെ മിനിമംവില വ്യവസ്ഥയിൽ ഇളവ് അനുവദിച്ചിട്ടുണ്ട് .നൂറു ശതമാനവും കയറ്റുമതിയധിഷ്ഠിതമായ ഇറക്കുമതി സ്ഥാപനങ്ങൾ ഉൽപാദിപ്പിക്കുന്ന മൂല്യവർധിത ഉൽപന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുമെന്നും സ്റ്റോക്ക്–ഉൽപാദന കണക്ക് മാസംതോറും സ്പൈസസ് ബോർഡിനു സമർപ്പിക്കണമെന്നും മറ്റുമുള്ള വ്യവസ്ഥകൾക്കു വിധേയമായാണ് ഇളവ്.
നിലവാരം കുറഞ്ഞ കുരുമുളക് എത്തുന്നതു തടയാനും ആഭ്യന്തര വിപണിയിൽ വിലസ്ഥിരത ഉറപ്പാക്കാനും 2017 ഡിസംബറിൽ തന്നെ മിനിമം ഇറക്കുമതി വില500 രൂപയായി നിശ്ചയിച്ചെങ്കിലും വില കുറഞ്ഞ കുരുമുളക് തുടർന്നും എത്തുന്നതായി ആക്ഷേപമുയർന്ന സാഹചര്യത്തിലാണു നയഭേദഗതി പരിഗണിച്ചത്.
Share your comments