വൈവിധ്യമാർന്ന പുഷ്പങ്ങളിൽ തീർത്ത അലങ്കാരം ആസ്വദിക്കാൻ ദുബായിലേയ്ക്ക് പറക്കാം. കാഴ്ചയുടെ വസന്തമൊരുക്കി ദുബായ് മിറക്കിൾ ഗാർഡൻ ഇന്ന് മുതൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങും. ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടമായ ഇവിടെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് അപൂര്‍വ യിനങ്ങളിലുള്ള പുഷ്പങ്ങളാണ്.lഒട്ടേറെ പുതുമകളുമായാണ് മിറക്കിൾ ഗാർഡൻ്റെ ഏഴാം സീസൺ തുറക്കുന്നത്.
ഇത്തവണ സന്ദർശകർക്കായി ഒരിക്കിയിക്കുന്നത് പുഷ്‌പാലംകൃതമായ മിക്കിമൗസ് ഉൾപ്പടെയുള്ള വിവിധ ഡിസ്നി കഥാപാത്രങ്ങൾ ആണ്.മിക്കിമൗസിന്റെ 90-ാം ജന്മദിനം 18 മീറ്റർ ഉയരമുള്ള പുഷ്പങ്ങൾ കൊണ്ടുള്ള മിക്കിയെ അനാവരണം ചെയ്താണ് മിറക്കിൾ ഗാർഡൻ ഈ വർഷം ആദ്യം ആഘോഷിച്ചത്.
ഇത്തവണത്തെ മറ്റൊരു പ്രത്യേകത മികച്ച ഡിസൈനർമാരുടെ മേൽനോട്ടത്തിൽ പൂക്കൾകൊണ്ട് നിർമിച്ച കൊട്ടാരവും അതിനു മുമ്പിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം സജ്ജീകരിച്ച ദീപാലംകൃതമായ ഇരിപ്പിടങ്ങളുമാണ്. കൊച്ചുകൂട്ടുകാർക്കായി പൂക്കളുടെ പശ്ചാത്തലത്തിൽ കളിസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ആനകൾ വെള്ളം ചീറ്റുന്ന ശില്പങ്ങളുമായി രണ്ടു തടാകങ്ങളും സന്ദർശകരുടെ മനം മയക്കും. വാരാന്ത്യങ്ങളിൽപ്രത്യേക പരിപാടികളും വിനോദങ്ങളും മത്സരങ്ങളും അരങ്ങേറും.
എമിറേറ്റ്‌സിന്റെ എയർബസ് വിമാനത്തിന്റെ പുഷ്പമാതൃക ഇക്കുറിയുമുണ്ട്. ഒപ്പം വിവിധതരത്തിലുള്ള ശില്പങ്ങളും പുഷ്പാലങ്കാരങ്ങളും. ദുബായ്‌ലാൻഡിലെ 72,000 ചതുരശ്രമീറ്റർ സ്ഥലത്താണ് പല നിറങ്ങളിൽ പല വലുപ്പങ്ങളിൽ വിടർന്നു നിൽക്കുന്ന 15 കോടി പൂക്കൾ ഈ മായാലോകം തീർത്തിരിക്കുന്നത്.ഡിസ്‌നി ആരാധകർക്കും ഡിസ്നിയുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളുടെ ആരാധകർക്കും കണ്ണിനു കുളിർമയേകുന്ന വിസ്മയമാണ് മിറക്കിൾ ഗാർഡനിൽ കാത്തിരിക്കുന്നത്.
Share your comments