അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ ഇനി മിയാവാക്കി (Miyawaki) കാട് തളിര്‍ക്കും.സംസ്ഥാന സര്‍ക്കാര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്ന 10 മിയാവാക്കി കാട് പദ്ധതിയില്‍ രണ്ടെണ്ണമാണ് മുസിരിസ് പൈതൃക പദ്ധതിയിലുള്‍പ്പെടുത്തിയത്. മൂന്നുവര്‍ഷംകൊണ്ട് സ്വാഭാവിക വനം സൃഷ്ടിച്ചെടുക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം.ഔഷധ മരങ്ങളും ഫലവൃക്ഷങ്ങളും അടങ്ങുന്ന മിയാവാക്കി കാട് മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിലാണ് സ്ഥാപിക്കുന്നത്.
ബീച്ചിലെ കായലിനോടും കടലിനോടും ചേര്‍ന്ന 20 സെന്റ് സ്ഥലത്ത് 3000 വൃക്ഷത്തൈകളാണ് ഇതിന്റെ ഭാഗമായി നട്ടത്. ഒരു ചതുരശ്രമീറ്റര്‍ സ്ഥലത്ത് ഒരു മീറ്റര്‍ ആഴത്തില്‍ മണ്ണ് മാറ്റി അതില്‍ കല്പൊടിയും ജൈവവളവും നിറച്ച് നടുവില്‍ ഒരു വൃക്ഷത്തൈയും, അതിനുചുറ്റും നാല് വൃക്ഷത്തൈകള്‍ വീതവുമാണു നട്ടത്.
കറുക, പുളി, മാവ്, ഞാവല്‍, എലിഞ്ഞി, അത്തി, പ്ലാവ്, ആര്യവേപ്പ് തുടങ്ങി 100 ഇനങ്ങളില്‍പെട്ട വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിക്കുന്നത്. മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ രണ്ടാമത്തെ കാട് ആലപ്പുഴ പോര്‍ട്ട് മ്യൂസിയം വളപ്പിലാണു സ്ഥാപിക്കുകയെന്ന് മുസിരിസ് പൈതൃക പദ്ധതി എംഡി പി.എം. നൗഷാദ് അറിയിച്ചു.
കുറഞ്ഞ സമയംകൊണ്ട് കുറച്ചു സ്ഥലത്ത് ധാരാളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി സ്വാഭാവിക വനത്തിനു സമാനമായ ഒരു കാട് വളര്‍ത്തി എടുക്കുന്നതാണ്, ജപ്പാനീസ് പ്രഫസറായ അകിര മിയാവാക്കി ആവിഷ്കരിച്ച മിയാവാക്കി എന്ന കാടുവളര്‍ത്തല്‍ രീതി.
Share your comments