എറണാകുളം: കർഷകർക്ക് മികച്ച വിലയും ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള കാർഷിക ഉൽപ്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂവാറ്റുപുഴയിൽ മൊബൈൽ കർഷക മാർക്കറ്റ് ആരംഭിച്ചത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മൂവാറ്റുപുഴ ബ്ലോക്കിന്റെ നേതൃത്വത്തിലാണ് മൊബൈൽ കർഷക മാർക്കറ്റ് പ്രവർത്തിക്കുന്നത്.
മൂവാറ്റുപുഴയിലെ കർഷകരുടെ ഉൽപ്പന്നങ്ങളുടെ വിപണി വ്യാപിപ്പിക്കാനും, ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് ആവശ്യക്കാരിൽ എത്തിക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു.
മൂവാറ്റുപുഴയിലെ കർഷകരുടെ ഉൽപ്പന്നങ്ങളായ റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്, മംഗോസ്റ്റിൻ, കപ്പ, ചക്ക, വാഴക്കുല, പൈനാപ്പിൾ മുതലായവ എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിൻ ഉൾപ്പെടെയുള്ള തീരദേശ മേഖലയിലും ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിലും വാഹനങ്ങളിൽ എത്തിച്ച് വിപണനം ചെയ്യുന്നു. അവിടെനിന്നുള്ള പ്രത്യേക ഉൽപ്പന്നങ്ങളായ പൊക്കാളി അരി പോലുള്ളവ ശേഖരിച്ചു മൂവാറ്റുപുഴയുടെ വിവിധ ഭാഗങ്ങളിൽ മൊബൈൽ കർഷക മാർക്കറ്റ് വഴി ലഭ്യമാക്കും. കൂടാതെ കാർഷിക വിളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണികളിൽ എത്തിക്കും.
കൃഷിയിടാധിഷ്ഠിത വികസന പദ്ധതി പ്രകാരം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിനായി 4.36 ലക്ഷം രൂപയാണ് മുതൽമുടക്കിയത്. ബ്ലോക്കിനു കീഴിലെ എട്ടു പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, പോത്താനിക്കാട് എന്നിവിടങ്ങളിലെ കർഷകരുടെ കൂട്ടായ്മയായ മൂവാറ്റുപുഴ കർഷക ഉത്പാദന സംഘടനയാണ് ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനും നേതൃത്വം നൽകുന്നത്.
മൂവാറ്റുപുഴ അഗ്രി ഫ്രഷ് എന്ന ബ്രാൻഡിലാണ് ഉത്പന്നങ്ങൾ ആവശ്യക്കാരുടെ സമീപത്ത് എത്തിക്കുന്നത്. കോവിഡ് കാലത്തെ പൈനാപ്പിൽ ചലഞ്ച്, കപ്പ ചലഞ്ച് എന്നിവയാണ് മൊബൈൽ കർഷക മാർക്കറ്റ് തുടങ്ങാൻ പ്രചോദനമായതെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് പറഞ്ഞു.
Share your comments