മനുഷ്യ ശരീരം എല്ലാം നിക്ഷേപിക്കാൻ കഴിയുന്ന കുപ്പത്തൊട്ടിയല്ലെന്നും ആരോഗ്യകരമായ ജീവിതത്തിന് വിഷരഹിതമായ ഭക്ഷ്യവസ്തുക്കൾ അനിവാര്യമാണെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. ദേവികുളങ്ങര ഗ്രാമപഞ്ചായത്തും സി.പി.സി.ആര്‍.ഐ. ഫാര്‍മര്‍ ഫസ്റ്റും ചേർന്ന് നടത്തിയ ചെറുധാന്യ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് ചെറുധാന്യകൃഷി നടത്തിയത്.
വിഷരഹിതമായി ഉത്പാദിപ്പിക്കുന്ന ചെറുധാന്യങ്ങൾ ആരോഗ്യത്തിന് വളരെയേറെ ഗുണകരമാണ്. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിച്ച് ഇവയുടെ ഉപയോഗം വർദ്ധിപ്പിക്കാൻ കഴിയണം. നമ്മുടെ കർഷകർ അരി കൃഷിക്ക് പിന്നാലെ പോയപ്പോൾ ആദിവാസി സമൂഹം ചെറുധാന്യങ്ങളാണ് കൃഷി ചെയ്യുന്നത്. അട്ടപ്പാടിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾ സംസ്ഥാന കൃഷിവകുപ്പ് ബ്രാൻഡ് ചെയ്ത് ഇന്ന് വിപണിയിലെത്തിക്കുന്നു. ഇതിനായി സംസ്ഥാന സർക്കാർ ഒരു ഫാക്ടറിയും അട്ടപ്പടിയിൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൃഷി കൂട്ടങ്ങളുടെ പേരിൽ തന്നെ വിവിധ ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിച്ച് ലാഭം ഉണ്ടാക്കാൻ കഴിയണം. പ്ലാസ്റ്റിക് കവറിലെ പാക്കിംഗ് രീതികൾ മാറ്റണം. ആധുനിക തരം പാക്കിംഗ് സംവിധാനം കൊണ്ടുവരുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പ് ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
എ.എം.ആരിഫ് എം.പി. മില്ലറ്റ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും നവകേരള കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റര്‍ ഡോ.ടി.എന്‍. സീമ ഭക്ഷ്യ മേളയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ചെറുധാന്യ കൃഷികളായ ചാമ, പനിവരഗ്, മണിച്ചോളം എന്നിവയാണ് വിളവെടുത്തത്.
പുതുപ്പള്ളി എസ്.സി. 1900 ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യു. പ്രതിഭ എം.എല്‍.എ അധ്യക്ഷയായി. സി.പി.സി.ആര്‍.ഐ മേധാവി പി. അനിതകുമാരി പദ്ധതി വിശദീകരിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥന്‍, വൈസ് പ്രസിഡന്റ് നീതുഷ രാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വയലില്‍ നൗഷാദ്, ശ്രീജി പ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. രേഖ, കെ. ചിത്രലേഖ,
ആര്‍. രാജേഷ്, കെ. രാധാകൃഷ്ണന്‍, ലീനാ രാജു, പി. സ്വാമിനാഥന്‍, ശ്യാമ വേണു, ലീന, രജനി ബിജു, പ്രശാന്ത് രാജേന്ദ്രന്‍, ശ്രീലത, മിനി മോഹന്‍ ബാബു, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി. സുമറാണി, സെക്രട്ടറി വി.ജെ. പോള്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്‍. ഇന്ദിരാഭായി, തൊഴിലുറപ്പ് അസി.എന്‍ജിനീയര്‍ എം. ആദര്‍ശ്, കാര്‍ഷിക വികസന സമിതി അംഗങ്ങളായ കെ. ഗോപിനാഥന്‍, എസ്. ആസാദ്, ബി. സുരേഷ്, എസ്. ശ്രീകുമാര്‍, സി. ജയകുമാര്‍, കൃഷി ഓഫീസര്‍ എബി ബാബു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധന: മന്ത്രി വീണാ ജോർജ്
Share your comments